LiveTV

Live

National

ബി.എസ്.എഫ് ഇന്‍സ്പെക്ടറെ വിദേശിയായി പ്രഖ്യാപിച്ച് എന്‍.ആര്‍.സി; അറസ്റ്റ് ഭീഷണിയില്‍

സ്വന്തം രാജ്യത്ത് ഒരു വിദേശിയായി പ്രഖ്യാപിക്കപ്പെടുന്നതിനെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നുവെന്ന് മുസിബുർ റഹ്മാന്‍ പറഞ്ഞു.

ബി.എസ്.എഫ് ഇന്‍സ്പെക്ടറെ വിദേശിയായി പ്രഖ്യാപിച്ച് എന്‍.ആര്‍.സി; അറസ്റ്റ് ഭീഷണിയില്‍

അസമില്‍ നിന്നുള്ള അതിർത്തി സുരക്ഷാ സേന(ബി.എസ്.എഫ്)യിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെയും ഭാര്യയെയും വിദേശികളായി പ്രഖ്യാപിച്ച് എൻ‌.ആർ‌.സി ട്രൈബ്യൂണൽ.

ബി.എസ്.എഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആയ മുസിബുര്‍ റഹ്മാനെയും അദ്ദേഹത്തിന്റെ ഭാര്യയെയുമാണ് ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ വിദേശിയായി പ്രഖ്യാപിച്ചത്. കാർഗിൽ യുദ്ധവീരനായ മുഹമ്മദ് സനാവുള്ളയെ വിദേശിയായി പ്രഖ്യാപിച്ച് അറസ്റ്റ് വരെ കാര്യങ്ങളെത്തിച്ച ശേഷമുള്ള രണ്ടാമത്തെ സംഭവമാണിത്. സനാവുള്ളയെ പിന്നീട് ഗുവാഹത്തി ഹൈക്കോടതി ജാമ്യത്തിൽ വിട്ടിരുന്നു.

സ്വന്തം രാജ്യത്ത് ഒരു വിദേശിയായി പ്രഖ്യാപിക്കപ്പെടുന്നതിനെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നുവെന്ന് മുസിബുർ റഹ്മാന്‍ പറഞ്ഞു. നിലവില്‍ പഞ്ചാബിലാണ് മുസിബുര്‍ അതിര്‍ത്തി കാക്കുന്നത്. ജോർഹത്ത് ഫോറിനേഴ്‌സ് ട്രൈബ്യൂണൽ കഴിഞ്ഞ വർഷം ഡിസംബറിൽ റഹ്മാനെയും ഭാര്യയെയും വിദേശിയായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും കഴിഞ്ഞ മാസം മാത്രമാണ് കുടുംബത്തെ ഇത് അറിയിച്ചതെന്ന് അവർ അവകാശപ്പെട്ടു.

ബി.‌എസ്‌.എഫ് സബ് ഇൻസ്‌പെക്ടറെ 2018 ജൂലൈയിൽ ‘സംശയാസ്പദമായ (ഡി)’ വോട്ടറായി പ്രഖ്യാപിക്കുകയും അതേ വർഷം ഡിസംബറിൽ വിദേശിയായി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് ജോഹാത്ത് ഫോറിനേഴ്‌സ് ട്രൈബ്യൂണൽ അറിയിച്ചതെന്ന് കുടുംബം പറഞ്ഞു. യഥാർത്ഥ ഇന്ത്യൻ പൗരന്മാരെ ഉപദ്രവിക്കാതിരിക്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായി റഹ്മാന്‍ പറഞ്ഞു.