LiveTV

Live

National

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്, വിപണിയിലേക്ക് പണം വരുന്നില്ലെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍

സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം നേരിടുന്ന വലിയ പ്രതിസന്ധിയാണെന്നും രാജീവ് കുമാര്‍ പറഞ്ഞു. പ്രതിസന്ധി തീര്‍ക്കാന്‍ സര്‍ക്കാര്‍ ഗൌരവമായി ഇടപെടണമെന്നും രാജീവ് കുമാര്‍ ആവശ്യപ്പെട്ടു

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്, വിപണിയിലേക്ക് പണം വരുന്നില്ലെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് തുറന്ന് സമ്മതിച്ച് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. വിപണിയിലേക്ക് പണം വരുന്നില്ലെന്നും സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം നേരിടുന്ന വലിയ പ്രതിസന്ധിയാണെന്നും രാജീവ് കുമാര്‍ പറഞ്ഞു. പ്രതിസന്ധി തീര്‍ക്കാന്‍ സര്‍ക്കാര്‍ ഗൌരവമായി ഇടപെടണമെന്നും രാജീവ് കുമാര്‍ ആവശ്യപ്പെട്ടു.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ലക്ഷക്കണക്കിന് പേരെ പിരിച്ച് വിടാന്‍ വിവിധ കമ്പനികള്‍ നിര്‍ബന്ധിതമായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നീതി ആയോഗിന്റെ പ്രതികരണം. സമ്പദ് വ്യവസഥയില്‍ പണ ലഭ്യത കുറയുന്നതില്‍ വലിയ ആശങ്കയാണ് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പ്രകടിപ്പിച്ചത്. ആഭ്യന്തരവളര്‍ച്ച നിരക്കിലേറ്റ തിരിച്ചടി, സ്വകാര്യ മേഖലയിലെ പിരിച്ച് വിടല്‍ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് സമ്പദ് വ്യവസ്ഥയെ ഞെരുക്കുന്നത്. ഈ സാഹചര്യത്തിലാണ് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ പ്രതിസന്ധിയെ സംബന്ധിച്ച് തുറന്ന് പറഞ്ഞത്. കഴിഞ്ഞ ഏഴുപത് വര്‍ഷത്തിനിടയില്‍ രാജ്യത്ത് ഇത്ര വലിയ പ്രതിസന്ധി ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ വിഷയത്തില്‍ ഗൌരവകരമായി ഇടപെടണമെന്നും രാജീവ് കുമാര്‍ പറഞ്ഞു.

സാമ്പത്തിക മേഖലയിലാണ് പ്രശ്നങ്ങള്‍ എന്ന് സര്‍ക്കാര്‍ മനസ്സിലാക്കുന്നുണ്ട്. പണലഭ്യത കുറയുന്നത് പ്രശ്നം വഷളാക്കും. സ്വകാര്യമേഖലയിലെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വാഹന വിപണിയില്‍ ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമായതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഒപ്പം പാര്‍ലെ, ബ്രിട്ടാനിയ, ഏഷ്യന്‍ പെയിന്‍റ്സ് തുടങ്ങിയ കമ്പനികളെല്ലാം തങ്ങള്‍ക്കെല്ലാമേറ്റ തിരിച്ചടി സംബന്ധിച്ച റിപ്പോര്‍ട്ടും പുറത്ത് വിട്ടു. എന്നാല്‍ നിക്ഷേപകരുടെ ആത്മവിശ്വാസം ചരിത്രത്തിലില്ലാത്ത വിധം വര്‍ധിച്ചിരിക്കുകയാണെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തി പ്രതികരിച്ചു.