LiveTV

Live

National

കശ്മീര്‍; കസ്റ്റഡിയിലുള്ള രാഷ്ട്രീയ നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധ സമരം

കശ്മീര്‍; കസ്റ്റഡിയിലുള്ള രാഷ്ട്രീയ നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധ സമരം

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റി സംസ്ഥാനത്തെ വിഭജിച്ച കേന്ദ്ര നടപടിക്ക് ശേഷം സംസ്ഥാനത്തെ നിരോധനാജ്ഞയുടെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്ത രാഷ്ട്രീയ നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധ സമരം അരങ്ങേറി. ഡല്‍ഹിയിലെ ജന്തര്‍മന്തറിലാണ് ഡി.എം.കെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ പ്രതിഷേധ സമരം നടന്നത്. പരിപാടിയില്‍ കോണ്‍ഗ്രസ്, ത്രിണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, സി.പി.എം, സി.പി.ഐ, സമാജ്‍വാദി പാര്‍ട്ടി, ലോകതന്ത്രിക് ജനതാദള്‍, ആര്‍.ജെ.ഡി എന്നിവരുടെ നേതാക്കള്‍ പങ്കെടുത്തു. കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലായ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ, സമാജ്‍വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവ്, ആര്‍.ജെ.ഡി നേതാവ് ശരത് യാദവ്, മനോജ് ഝാ, ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേഷ് ത്രിവേദി എന്നിവരും പ്രതിഷേധ സമരത്തില്‍ അണിനിരന്നു.

താഴ്‍വരയിലെ വാര്‍ത്താ വിനിമയ സംവിധാനം പുനസ്ഥാപിക്കാനും കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി തടവിലാക്കിയ നേതാക്കളെ വിട്ടയക്കണമെന്നും സ്ഥിതിഗതികള്‍ സാധാരണമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. മൂന്ന് മുന്‍ മുഖ്യമന്ത്രിമാരടക്കം കശ്മീരിലെ ഒട്ടുമിക്ക പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ആഗസ്റ്റ് അഞ്ച് മുതല്‍ വീട്ടുതടങ്കലിലാണ്.