LiveTV

Live

National

തൊഴിൽ പ്രതിസന്ധി രൂക്ഷം; പരസ്യപ്പെടുത്തരുതെന്ന് കമ്പനികൾക്ക് കേന്ദ്രത്തിന്റെ നിർദേശം 

പ്രമുഖ ബിസ്‌കറ്റ് നിർമാതാക്കളായ പാർലെ 10,000 തൊഴിലാളികളെ പിരിച്ചുവിടാൻ പോകുന്നു എന്ന വാർത്ത ദേശീയ തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

തൊഴിൽ പ്രതിസന്ധി രൂക്ഷം; പരസ്യപ്പെടുത്തരുതെന്ന് കമ്പനികൾക്ക് കേന്ദ്രത്തിന്റെ നിർദേശം 

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെ തൊഴിൽ നഷ്ടം സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ട് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കരുതെന്ന് കേന്ദ്ര സർക്കാർ. കമ്പനികളിൽ തൊഴിൽ നഷ്ടമുണ്ടാകുന്ന സാഹചര്യമുണ്ടായാൽ, അത് എത്രപേരെ ബാധിക്കുമെന്ന കൃത്യമായ കണക്ക് സർക്കാറിന് നൽകുകയാണ് ചെയ്യേണ്ടതെന്നും സാമ്പത്തികസ്ഥിതി സംബന്ധിച്ച യഥാർത്ഥ ചിത്രം കിട്ടാൻ ഇത് അനിവാര്യമാണെന്നും കേന്ദ്ര ധനമന്ത്രാലയം ആവശ്യപ്പെട്ടതായി 'ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്തു. വാഹന നിർമാതാക്കൾ മുതൽ അടിവസ്ത്ര നിർമാതാക്കൾ വരെ നഷ്ടക്കണക്കുകൾ നിരത്തുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഇടപെടൽ.

'തൊഴിൽ നഷ്ടം സംബന്ധിച്ച നിരവധി റിപ്പോർട്ടുകൾ ഈയിടെ പുറത്തുവന്നു. അവയിൽ മിക്കതും റിപ്പോർട്ടുകളാണ്. ഇത് ജനങ്ങളിൽ ഭയം സൃഷ്ടിക്കുന്നുണ്ട്. ബിസിനസ് സംരംഭങ്ങളോട് തൊഴിൽ നഷ്ടത്തിന്റെ യഥാർത്ഥ കണക്ക് നൽകാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ സാമ്പത്തികാവസ്ഥയുടെ യഥാർത്ഥ ചിത്രം ലഭിക്കാനാണിത്.' മുതിർന്ന ധനമന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

പ്രമുഖ ബിസ്‌കറ്റ് നിർമാതാക്കളായ പാർലെ 10,000 തൊഴിലാളികളെ പിരിച്ചുവിടാൻ പോകുന്നു എന്ന വാർത്ത ദേശീയ തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഉത്തരേന്ത്യയിലെ ടെക്‌സ്റ്റൈൽ മേഖലയിൽ മൂന്ന് കോടിയിലേറെ ജോലികൾ നഷ്ടമാകാനിടയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ടെക്‌സ്‌റ്റൈൽ മില്ലുകളുടെ സംഘടനയായ നോർത്തേൺ ഇന്ത്യ ടെക്‌സ്‌റ്റൈൽ മിൽസ് അസോസിയേഷൻ (നിറ്റ്മ) വിവിധ കാരണങ്ങളാൽ വസ്ത്ര ഉൽപ്പാദന മേഖല തകർച്ച നേരിടുകയാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യൻ നിർമിത വസ്ത്രങ്ങൾക്ക് വിദേശത്ത് ആവശ്യം കുറഞ്ഞതും ഉയർന്ന പലിശനിരക്കും, കയറ്റുമതിക്ക് കേന്ദ്രവും സംസ്ഥാനങ്ങളും ഏർപ്പെടുത്തിയ ഉയർന്ന നികുതിയും സ്ഥിതിഗതികൾ വഷളാക്കുന്നതായി നിറ്റ്മ പറയുന്നു. നിലവിൽ പത്ത് കോടിയിലേറെ ജനങ്ങളാണ് വസ്ത്ര നിർമാണ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ രണ്ട് ശതമാനവും ഈ മേഖലയിൽ നിന്നാണ്.

രാജ്യത്തെ വാഹന നിർമാണ രംഗം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒരു വർഷത്തിനിടെ ഈ മേഖലയിൽ 45 ശതമാനത്തിലേറെ ഇടിവാണുണ്ടായതെന്ന് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു. മാരുതി സുസുക്കി, മഹീന്ദ്ര ആന്റ് മഹീന്ദ്ര, അശോക് ലെയ്‌ലാന്റ്, ഹീറോ മോട്ടോകോർപ്, ടി.വി.എസ് മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികൾ കഴിഞ്ഞ ഒരു വർഷത്തിൽ ഏറ്റവും മോശം അവസ്ഥയിലേക്ക് കൂപ്പുകുത്തി. ഇരുപത് വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ രണ്ടര ലക്ഷം ആളുകൾക്ക് ജോലി നഷ്ടമാകുമെന്നാണ് കണക്കുകൾ.