LiveTV

Live

National

ബി.ജെ.പിക്കെതിരെ തമിഴ് രോഷം; ട്വിറ്ററിൽ തരംഗമായി #BJPagainstDemocracy  

“കരുണാനിധിയെ അർധരാത്രിയിൽ ജയലളിത അറസ്റ്റ് ചെയ്തതിനു സമാനമാണ് ചിദംബരത്തെ അറസ്റ്റ് ചെയ്ത നാടകം. പിന്നീട് എന്നതാണുണ്ടായതെന്ന് എല്ലാവർക്കുമറിയാം”

ബി.ജെ.പിക്കെതിരെ തമിഴ് രോഷം; ട്വിറ്ററിൽ തരംഗമായി #BJPagainstDemocracy  

മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തെ അസ്വാഭാവിക നീക്കങ്ങളിലൂടെ സി.ബി.ഐ അറസ്റ്റ് ചെയ്തതിനു പിന്നാലെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കെതിരെ തമിഴ്‌നാട്ടിൽ വൻ പ്രതിഷേധം. ചിദംബരത്തെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലാണെന്ന് ഡി.എം.കെ തലവൻ എം.കെ സ്റ്റാലിൻ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യൻ ട്വിറ്ററിൽ #BJPagainstDemocracy തരംഗമായി. ബി.ജെ.പി സർക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും വിമർശിക്കുന്ന തമിഴ് സന്ദേശങ്ങളാണ് ട്വിറ്ററിൽ നിറയുന്നത്.

'ചിദംബരത്തിനെതിരായ സി.ബി.ഐ നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് എനിക്കറിയാം. ചിദംബരം നിയമവിദഗ്ധനാണ്. ഈ കേസ് നിയമപരമായി തന്നെ അദ്ദേഹം നേരിടും.' ചെന്നൈയിലെ ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ വെച്ച് സ്റ്റാലിൻ പറഞ്ഞു.

വിജയ് മല്ല്യ, നീരവ് മോദി തുടങ്ങിയവരുടെ കാര്യത്തിലില്ലാത്ത ശുഷ്‌കാന്തി സി.ബി.ഐക്ക് എന്തുകൊണ്ടാണെന്ന് ഡി.എം.കെ എം.പി ആർ.എസ് ഭാരതി ചോദിച്ചു. പ്രതിപക്ഷ പാർട്ടികളെ ഭയപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ആറ് രാജ്യസഭാ അംഗങ്ങൾ ഇതിനകം തന്നെ ബി.ജെ.പിയിലേക്ക് കൂറുമാറി. ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിലൂടെ കൂടുതൽ പേരെ വാങ്ങാനാണ് അവർ ശ്രമിക്കുന്നത്. - ഭാരതി പറഞ്ഞു.

'ഡി.എം.കെ നേതാവ് കരുണാനിധിയെ അർധരാത്രിയിൽ അന്നത്തെ മുഖ്യമന്ത്രി ജയലളിത അറസ്റ്റ് ചെയ്തതിനു സമാനമാണ് ചിദംബരത്തെ അറസ്റ്റ് ചെയ്ത നാടകം. പിന്നീട് എന്നതാണുണ്ടായതെന്ന് എല്ലാവർക്കുമറിയാം; ജയലളിത സർക്കാർ വീഴുകയും ഞങ്ങൾ അധികാരത്തിലെത്തുകയും ചെയ്തു. ബി.ജെ.പിയും അതേ വിധി നേരിടും.' ഭാരതി പറഞ്ഞു.

ചിദംബരത്തിന്റെ അറസ്റ്റിലും കശ്മീരിലെ കേന്ദ്ര സർക്കാർ നടപടിയിലും മോദി ഭരണകൂടത്തിന്റെ ജനവിരുദ്ധ നടപടികളിലും പ്രതിഷേധിച്ചു കൊണ്ടുള്ള #BJPagainstDemocracy എന്ന ഹാഷ് ടാഗ് ഇന്ത്യൻ ട്വിറ്റർ ട്രെൻഡുകളിൽ ഒന്നാം സ്ഥാനത്തെത്തി. മോദിയെ ഹിറ്റ്‌ലറിനോടും ഡ്രാക്കുളയോടും ഉപമിച്ചുകൊണ്ടുള്ള ട്വീറ്റുകളാണ് ഏറെയും.