LiveTV

Live

National

ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുടെ സംസ്കാരത്തിന് പൊലീസിന്റെ ‘നാണം കെട്ട’ ആചാര വെടി; 22 തോക്കുകളില്‍ ഒന്നു പോലും പൊട്ടിയില്ല

മിശ്രയുടെ ജന്‍മനാടായ സുപാല്‍ ജില്ലയിലെ ഗ്രാമത്തില്‍ വച്ചായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്

 ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുടെ സംസ്കാരത്തിന് പൊലീസിന്റെ ‘നാണം കെട്ട’ ആചാര വെടി; 22 തോക്കുകളില്‍ ഒന്നു പോലും പൊട്ടിയില്ല

ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയുടെ സംസ്കാര ചടങ്ങിനിടെ നാണം കെട്ട് സംസ്ഥാന പൊലീസ് സേന. ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാര ചടങ്ങില്‍ ആചാര വെടി വയ്ക്കാനായി തോക്കുയര്‍ത്തി, കാഞ്ചി വലിച്ചെങ്കിലും ഒറ്റ വെടി പോലും പൊട്ടിയില്ല. 22 തോക്കുകളില്‍ ഒന്നു പോലും പൊട്ടിയില്ല.

മിശ്രയുടെ ജന്‍മനാടായ സുപാല്‍ ജില്ലയിലെ ഗ്രാമത്തില്‍ വച്ചായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്. മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഡപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ സുശീല്‍ കുമാര്‍ മോദി, ആരോഗ്യ മന്ത്രി മംഗള്‍ പാണ്ഡെ എന്നിവരും ചടങ്ങിനെത്തിയിരുന്നു. ഹെലികോപ്ടറിലാണ് നിതീഷ് കുമാര്‍ ചടങ്ങിനെത്തിയത്. എന്നാല്‍ ഇവരുടെ സാന്നിധ്യത്തിലും വേണ്ട വിധത്തില്‍ അന്തരിച്ച മുന്‍മുഖ്യമന്ത്രിക്ക് ആദരവ് അര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസിന് സാധിച്ചില്ല. വെടിയുതിര്‍ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് തോക്ക് പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.

മിശ്രയെ അപമാനിക്കുന്നതാണ് സംഭവമെന്നും അന്വേഷണം വേണമെന്നും പിപ്രയില്‍ നിന്നുള്ള രാഷ്ട്രീയ ജനതാദള്‍ എം.എല്‍.എ യദുവംശ് കുമാര്‍ യാദവ് ആവശ്യപ്പെട്ടു. സംഭവം വ്യാപകമായ വിമര്‍ശത്തിന് ഇടയാക്കിയിട്ടുണ്ട്.

വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആഗസ്ത് 19നാണ് ജഗന്നാഥ് മിശ്ര(82) അന്തരിച്ചത്. അധ്യാപകനായിരുന്ന മിശ്ര പിന്നീടാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. മൂന്ന് തവണ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് അദ്ദേഹം ബിഹാര്‍ മുഖ്യമന്ത്രിയായിട്ടുണ്ട്.