LiveTV

Live

National

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കശ്മീരിൽ നിന്ന് മടങ്ങിയെത്തിയ റോയിട്ടേഴ്‌സ് മാധ്യമപ്രവർത്തക 

കശ്മീരിലെ സ്ഥിതിഗതികൾ സംബന്ധിച്ച് റോയിട്ടേഴ്‌സ് തയ്യാറാക്കിയ പരമ്പരകൾ ഉദ്ധരിച്ചു കൊണ്ട്, താൻ നേരിൽക്കണ്ട കാര്യങ്ങൾ ട്വീറ്റുകളിലൂടെ സേബ പങ്കുവെക്കുന്നു.

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കശ്മീരിൽ നിന്ന് മടങ്ങിയെത്തിയ റോയിട്ടേഴ്‌സ് മാധ്യമപ്രവർത്തക 

കശ്മീരിലെ മൊബൈൽ ഫോൺ, ഇന്റർനെറ്റ് നിരോധനത്തിൽ ഒമ്പത് നാൾ ചെലവഴിച്ചതിന്റെ അനുഭവം പങ്കുവെച്ച് റോയിട്ടേഴ്‌സ് പ്രതിനിധി സേബ സിദ്ദീഖി. ട്വിറ്ററിൽ നിരവധി ട്വീറ്റുകളിലൂടെ, താൻ നേരിട്ടുകണ്ട കശ്മീരിലെ അവസ്ഥ സേബ പങ്കുവെക്കുന്നത്. കർഫ്യൂവിന്റെ മറവിൽ മനുഷ്യാവകാശ ലംഘനമാണ് കശ്മീരിൽ നടക്കുന്നതെന്നും എല്ലാം ശാന്തമാണെന്ന കേന്ദ്ര സർക്കാറിന്റെ വാദം തെറ്റാണെന്നും തെളിയിക്കുന്നതാണ് സേബയുടെ വെളിപ്പെടുത്തലുകൾ.

'കശ്മീരിലെ വിവര വിനിമയ നിരോധത്തിൽ ഒമ്പത് ദിവസം ചെലവഴിച്ച ശേഷം ഞാൻ മടങ്ങിയെത്തി. എന്നിൽ ഉടക്കിനിൽക്കുന്നത് ഒരേയൊരു വാക്കാണ്: സുൽമ് (അക്രമം). കൗമാരക്കാർ മുതൽ വൃദ്ധർ വരെ നിരവധി പേർ ചോദിച്ചു: എന്തിനാണ് ഇന്ത്യ ഇത്രയധികം അക്രമം ഞങ്ങൾക്കു മേൽ നടത്തുന്നത്? - സേബ ട്വീറ്റ് ചെയ്തു.

കശ്മീരിലെ സ്ഥിതിഗതികൾ സംബന്ധിച്ച് റോയിട്ടേഴ്‌സ് തയ്യാറാക്കിയ പരമ്പരകൾ ഉദ്ധരിച്ചു കൊണ്ട്, താൻ നേരിൽക്കണ്ട കാര്യങ്ങൾ ട്വീറ്റുകളിലൂടെ സേബ പങ്കുവെക്കുന്നു. ട്വീറ്റുകളില്‍ ചിലത്:

'ലോകം ഞങ്ങളെക്കൂടി കേൾക്കുന്നില്ലെങ്കിൽ ഞങ്ങളെന്ത് ചെയ്യണം? തോക്കെടുക്കുകയോ?' ഒരു ചെറുപ്പക്കാരൻ ചോദിച്ചു. സൗറയിലെ താമസക്കാർ ഈ പ്രദേശത്തിന്റെ പ്രവേശന ഭാഗങ്ങളിൽ കാവൽ നിൽക്കുകയാണ്. സുരക്ഷാസൈനികരെ അടുപ്പിക്കാതിരിക്കാൻ അവർ താൽക്കാലിക ബാരിക്കേഡുകളും ഉണ്ടാക്കിയിരിക്കുന്നു.'

'ആഗസ്റ്റ് മ്പതിന് പതിനായിരത്തിലേറെയാളുകൾ സൗറയിൽ ഇന്ത്യാ വിരുദ്ധ പ്രക്ഷോഭവുമായി ഒത്തുകൂടിയിരുന്നു. ഇന്ത്യാ ഭരണകൂടം തുടക്കത്തിൽ ഇതിനെ പുച്ഛിച്ചു തള്ളി. അതിനുശേഷം പ്രതിഷേധത്തിന്റെ വീഡിയോ ഫുട്ടേജ് പുറത്തുവന്നു. പിന്നീട് കുറഞ്ഞത് രണ്ടോ അതിലധികമോ വലിയ പ്രക്ഷോഭങ്ങൾ അരങ്ങേറിയിട്ടുണ്ട്'

'വെള്ളിയാഴ്ച പ്രക്ഷോഭങ്ങൾക്കിടെ ഒരു വൃദ്ധയായ സ്ത്രീ ആകാശത്തേക്കു നോക്കി ഇന്ത്യൻ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിക്കാൻ പ്രാർത്ഥിക്കുന്നത് ഞാൻ കണ്ടു. മുകളിൽ ഒരു ഡ്രോൺ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. കുട്ടികൾ അതിനു നേരെ കല്ലുകളെറിഞ്ഞു. ഒരു കൗമാരക്കാരിയുടെ കൈകളിൽ മൈലാഞ്ചി കൊണ്ട് 'ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം' എന്ന് എഴുതിയിരുന്നു.'

കാര്യങ്ങൾ തീരെ സമാധാനപരമല്ല. ഒരു പ്രദേശത്ത് കല്ലേറിനുള്ള മറുപടിയായി രാത്രിയിൽ സൈനികർ വന്ന് വീടുകളുടെ ജനലുകൾ കല്ലുകൊണ്ട് തകർത്തതായി പ്രദേശവാസികൾ പറയുന്നു. ട്രക്ക് കേടുവരുത്തപ്പെട്ട ഒരു വൃദ്ധൻ ചോദിച്ചു: 'ഇന്ത്യ എന്തിനാണ് ഞങ്ങളോടിത് ചെയ്യുന്നത്?'

പെരുന്നാൾ ദിനത്തിൽ ശ്രീനഗറിലെ തെരുവുകളിൽ ഭയാനകമായ നിശ്ശബ്ദതയായിരുന്നു. പെരുന്നാൾ നമസ്‌കാരത്തിനായി ജനങ്ങൾ പരമ്പരാഗതമായി തടിച്ചുകൂടാറുള്ള രണ്ട് സ്ഥലങ്ങളും - ഈദ് ഗാഹ്, ജാമിയ മസ്ജിദ് - അടച്ചിട്ടിരുന്നു. മുസ്ലിംകളുടെ ഏറ്റവും വലിയ ഉത്സവമായിരുന്നു അത്, പക്ഷേ ആഘോഷത്തിന്റെ സൂചനകൾ പോലും ഉണ്ടായിരുന്നില്ല.

ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തിൽ, ന്യൂഡൽഹിയിലെ ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്നുള്ള പ്രസംഗത്തിൽ മോദി കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെപ്പറ്റി കൊട്ടിഘോഷിക്കുമ്പോൾ കശ്മീർ ബലമായി നിശ്ശബ്ദമാക്കപ്പെട്ടിരുന്നു. ചില തദ്ദേശീയർ അതിനെ കറുത്ത ദിനമെന്നു വിളിച്ചു.

ശ്രീനഗറിലെ ഷേർ എ കശ്മീർ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ 500-ൽ കുറവ് ആളുകൾ മാത്രമാണ് പങ്കെടുത്തത്. മിക്കവാറും സുരക്ഷാ, സർക്കാർ ഉദ്യോഗസ്ഥർ. ജമ്മുവിൽ നിന്നുള്ള ഒരു ട്രൂപ്പ് പ്രൊഫഷണൽ ഡാൻസർമാരെ വിളിച്ചിരുന്നു. ദേശഭക്തിഗാനത്തിന് അവർ ഡാൻസ് ചെയ്തു.

സ്റ്റേഡിയത്തിൽ സിവിലിയന്മാർ വളരെ വിരളമായിരുന്നു. ഒരൽപം നടക്കാനുള്ള ദൂരത്തിൽ, ശൂന്യമായ തെരുവിനു മീതെ ഹെലികോപ്ടർ വട്ടമിട്ടു പറക്കുമ്പോൾ, 70-കാരനായ ഗുലാം അഹ്മദ് അടച്ചിട്ട കടമുറിക്കു മുന്നിൽ ഇരുന്നു. 'പത്തു ദിവസമായി ഞാൻ ജോലി ചെയ്തിട്ടില്ല. മരുന്നുവാങ്ങാൻ എന്റെ കൈവശം പണമില്ല' - അദ്ദേഹം പറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ദൈനംദിന യുദ്ധം എന്ന് പ്രദേശവാസികൾ പറയുന്ന സംഭവങ്ങളിൽ ശ്രീനഗറിലെ സൗറയിൽ മാത്രം ഡസൻ കണക്കിനാളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. അറസ്റ്റ് ഭയന്ന് പലരും ആശുപത്രികളിൽ പോകുന്നില്ല. കഴിഞ്ഞയാഴ്ച ഞാൻ ആ പ്രദേശം സന്ദർശിച്ചപ്പോൾ, ഒരു വശത്തുനിന്ന് കടന്നുകയറാൻ സുരക്ഷാ സൈന്യം ശ്രമിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

ശരീരത്തിൽ ഒന്നിലധികം പെല്ലറ്റുകൾ കൊണ്ട് മുറിവേറ്റ മൂന്ന് പേർ ഒരു വീടിന്റെ രണ്ടാം നിലയിൽ അഭയം പ്രാപിച്ചു. ഇത്തരം മുറിവുകൾ എങ്ങനെ പരിചരിക്കണമെന്ന് മുൻ പരിചയമില്ലാത്ത ഒരു യുവ ഫിസിയോ തെറാപിസ്റ്റ് ആ പെല്ലറ്റുകൾ പുറത്തെടുക്കുന്നു.
ഇവിടെ ജീവിക്കണമെങ്കിൽ ഇതെല്ലാം നാം അറിഞ്ഞിരിക്കണം - അവർ പറയുന്നു.

ശ്രീനഗറിലെ ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിയില്‍ വച്ച് ഒരു മനുഷ്യനെ കാണാനിടയായി. അയാളുടെ കുര്‍ത്തയില്‍ വ്യാപകമായി രക്ത കറ പുരണ്ടിരിക്കുന്നു. വീട്ടില്‍ നിന്നും പുറത്തിറങ്ങവെ, ഷാള്‍ ഷോപ്പ് ഓണറായ റസൂലിനെ 20 തവണയെങ്കിലും പെലറ്റുകള്‍ കൊണ്ട് അക്രമിച്ചുവെന്ന് അദ്ദേഹത്തിന്റെ മകന്‍ പറയുന്നു.

ആക്രമിക്കപ്പെടുകയും തെറിവിളിക്കപ്പെടുകയും ചെയ്യുന്നതിനെപ്പറ്റി സ്ത്രീകൾ പരാതിപറഞ്ഞു. ഒരാൾ ബാൻഡേജിട്ട കാൽ എന്നെ കാണിച്ചു, ഇരുമ്പുവടി കൊണ്ടുള്ള അടിയേറ്റതാണത്രേ. അടുത്ത പ്രദേശത്തുണ്ടായ കല്ലേറ് സംഭവത്തിന്റെ പേരിൽ ഇവിടുത്തെ ചിലരെ പിടികൂടിയിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

ഈ കശ്മീരി വനിത പറഞ്ഞത്: സുരക്ഷാ ഉദ്യോഗസ്ഥർ ജനൽച്ചില്ലുകൾ തകർത്ത് വീട്ടിനകത്തേക്ക് അതിക്രമിച്ചു കയറുമ്പോൾ അവരുടെ മൂന്ന്മാസം പ്രായമായ കുട്ടി ജനലിനരികിൽ കാർപ്പറ്റ് വിരിച്ച നിലത്ത് ഉറങ്ങുകയായിരുന്നു എന്നാണ്. ഭർത്താവിനെ മർദിച്ച ഉദ്യോഗസ്ഥർ അയാളെയും കൊണ്ടാണ് പോയത്.

പെരുന്നാൾ എങ്ങനെയുണ്ടായിരുന്നു എ്‌ന് ശ്രീനഗറിലെ മായ്‌സുമയിലെ ഒരു വൃദ്ധ സ്ത്രീയോട് ഞാൻ ചോദിച്ചപ്പോൾ അടുത്തുണ്ടായിരുന്ന 12 വയസ്സുകാരിയാണ് സംസാരിച്ചത്. 'ഇവിടെ നടക്കുന്ന ഈദ് ആഘോഷങ്ങൾ നിങ്ങൾ കാണുന്നില്ലേ?'. ശൂന്യമായ തെരുവിലേക്ക് ചൂണ്ടി അവൾ പറഞ്ഞു: 'കശ്മീരിൽ എല്ലാവരും വളരെ സന്തുഷ്ടരാണ്, നോക്ക്...'

അതിനരികിൽ, നിരവധി അർധസൈനിക പൊലീസ് ഉദ്യോഗസ്ഥരാൽ നിറഞ്ഞ തെരുവിന്റെ ഭാഗത്ത് ഒരു വൃദ്ധൻ ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ചെന്നപ്പോൾ ആരോടെന്നില്ലാതെ അയാൾ പറഞ്ഞത് ഞാനൊരിക്കലും മറക്കില്ല. 'ഞാൻ ഇന്നു മരിക്കുകയാണെങ്കിൽ എന്റെ മൃതദേഹം മറവു ചെയ്യാൻ ആരാണ് വരിക?'

മുംബൈ സ്വദേശിനിയായ സേബാ സിദ്ദീഖി ചെന്നൈയിലെ ഏഷ്യൻ കോളേജ് ഓഫ് ജേണലിസത്തിൽ പഠനം പൂർത്തിയാക്കിയ ശേഷം ഹിന്ദുസ്ഥാൻ ടൈംസിനു വേണ്ടി പ്രവർത്തിച്ചിരുന്നു. നിലവിൽ റോയിട്ടേഴ്‌സ് ഇന്ത്യയുടെ കീഴിലാണ് അവർ ജോലി ചെയ്യുന്നത്. 370-ാം വകുപ്പ് എടുത്തുകളയാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനു ശേഷം കശ്മീർ വിഷയത്തിൽ അവർ ഇരുപതിലേറെ റിപ്പോർട്ടുകൾ റോയിട്ടേഴ്‌സിനു വേണ്ടി തയ്യാറാക്കിയിട്ടുണ്ട്.