LiveTV

Live

National

കശ്മീരില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ബി.ജെ.പിക്കു മാത്രം; മറ്റ് പാര്‍ട്ടി ഓഫീസുകള്‍ അനാഥമെന്ന് ഹഫിങ്ടണ്‍ പോസ്റ്റ്

കശ്മീരില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ബി.ജെ.പിക്കു മാത്രം; മറ്റ് പാര്‍ട്ടി ഓഫീസുകള്‍ അനാഥമെന്ന് ഹഫിങ്ടണ്‍ പോസ്റ്റ്

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റി സംസ്ഥാനത്തെ വിഭജിച്ച കേന്ദ്ര നടപടിക്ക് ശേഷം താഴ്‍വരയില്‍ ബി.ജെ.പിയൊഴികെയുള്ള മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്ന് ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്. ബി.ജെ.പി ഒഴികെയുള്ള പ്രധാന പാര്‍ട്ടികളുടെ ശ്രീനഗറിലെ ഓഫീസുകളെല്ലാം അനാഥമാണെന്ന് ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മൂന്ന് മുന്‍ മുഖ്യമന്ത്രിമാരടക്കം കശ്മീരിലെ ഒട്ടുമിക്ക പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും കസ്റ്റഡിയിലാകുമ്പോഴും ബി.ജെ.പിയുടെ ഒരു നേതാക്കളെപ്പോലും പൊലീസ് കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് ഹഫിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. അത് കൊണ്ട് തന്നെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി തന്നെ കശ്മീരില്‍ തുടരുന്നു എന്നും ബി.ജെ.പി വക്താവ് പറഞ്ഞു.

‘പാര്‍ട്ടി നേതാക്കളെ ആരേയും കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റു ചെയ്യുകയോ ചെയ്തിട്ടില്ല. ഞങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ സാധാരണ രീതിയില്‍ നടത്തുന്നുണ്ട്. ശ്രീനഗര്‍ നഗരത്തിലെ ഒട്ടുമിക്ക പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ദിവസവും ഓഫീസിലെത്താന്‍ കഴിയുന്നുണ്ട്.’ ബി.ജെ.പി വക്താവ് അല്‍താഫ് താക്കൂര്‍ ഹാഫിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.

ആഗസ്റ്റ് അഞ്ചു മുതല്‍ കസ്റ്റഡിയില്‍ എടുത്തവരുടെയോ അറസ്റ്റ് ചെയ്തവരുടെയോ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. 4000ത്തിലേറെ പേര്‍ കസ്റ്റഡിയിലാണെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നത്. താഴ്‍വരയിലെ സ്ഥിതി സാധാരണനിലയിലാണെന്ന കേന്ദ്രവാദത്തെ തിരുത്തുന്നതാണ് കശ്മീരില്‍ നിന്നുള്ള ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്. കേന്ദ്രഭരണത്തിലുള്ള പാര്‍ട്ടിക്ക് മാത്രമാണ് താഴ്‍വരയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ളൂ എന്ന് തെളിയിക്കുന്നതാണ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. കശ്മീരിലെ ഏറ്റവും പഴയെ പാര്‍ട്ടി എന്ന ഖ്യാതിയുള്ള നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ് പൊലീസ് കസ്റ്റഡിയില്‍ കൂടുതല്‍, തൊട്ടുപിന്നില്‍ പി.ഡി.പി പ്രവര്‍ത്തകരുമുണ്ടെന്നാണ് ഹഫിങ്ടണ്‍ പോസ്റ്റിനോട് വിഷയവുമായി അടുത്ത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. പീപ്പിള്‍സ് കോണ്‍ഫറന്‍സ്, സി.പി.എം, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടിയുടെ പ്രവര്‍ത്തകരും കസ്റ്റഡിയില്‍ കിടക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.