LiveTV

Live

National

മോദിക്ക് ആർ.എസ്.എസിനെയും ബഹുമാനമില്ലേ? പരിഹാസവുമായി പ്രിയങ്ക ഗാന്ധി

ഞാൻ കരുതുന്നത് മോദിജിയും അദ്ദേഹത്തിന്റെ ഗവൺമെന്റും ഒന്നുകിൽ ആർ.എസ്.എസ്സിന്റെ കാഴ്ചപ്പാടുകളെ ബഹുമാനിക്കുന്നില്ല എന്നും അല്ലെങ്കിൽ ജമ്മു കശ്മീരിനെ ഒരു വിഷയമായി കാണുന്നില്ല എന്നുമാണ്.

മോദിക്ക് ആർ.എസ്.എസിനെയും ബഹുമാനമില്ലേ? പരിഹാസവുമായി പ്രിയങ്ക ഗാന്ധി

ജമ്മു കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സർക്കാറും ബി.ജെ.പിയുടെ മാതൃസംഘടനയായ ആർ.എസ്.എസ്സിനെയും ബഹുമാനിക്കുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി. സംവരണം സംബന്ധിച്ച് സർസംഘ്ചാലക് മോഹൻ ഭഗവതിന്റെ വിവാദ പ്രസ്താവനയെ തുടർന്ന് ആർ.എസ്.എസ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പ് പരാമർശിച്ചായിരുന്നു പ്രിയങ്കയുടെ പരിഹാസം.

സംവരണത്തെ പിന്തുണക്കുന്നവരും എതിർക്കുന്നവരും തമ്മിൽ ചർച്ചയുണ്ടാകണമെന്നും അതിനു ശേഷമായിരിക്കണം ഈ വിഷയത്തിൽ പരിഹാരം കാണേണ്ടതെന്നുമുള്ള മോഹൻ ഭഗവതിന്റെ പ്രസ്താവന വിവാദമായിരുന്നു. സംവരണ വിരുദ്ധരും അനുകൂലികളും തമ്മിൽ ഒത്തൊരുമയോടെയുള്ള ചർച്ചയ്ക്കുള്ള വഴിയൊരുക്കാനാണ് സംഘ് ശ്രമിക്കുന്നതെന്നും ആർ.എസ്.എസ് സംഘടിപ്പിച്ച ഗ്യാൻ ഉത്സവിൽ സംസാരിക്കവെ മോഹൻ ഭഗവത് പറഞ്ഞു.

ഭഗവതിന്റെ പ്രസ്താവന രൂക്ഷമായ വിമർശനത്തിനു വിധേയമായതോടെയാണ് ആർ.എസ്.എസ് വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്. സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങളും ചർച്ചയിലൂടെ പരിഹരിക്കുന്നതിന്റെ പ്രാധാന്യമാണ് ഭഗവത് എടുത്തുപറഞ്ഞതെന്നും സംവരണം പോലുള്ള വൈകാരിക വിഷയങ്ങളും അത്തരത്തിൽ ചർച്ച ചെയ്യണമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും ആർ.എസ്.എസ് അഖിൽ ഭാരതീയ പ്രചാർ പ്രമുഖ് അരുൺ കുമാർ പ്രസ്താവിച്ചു. ഇത് ആർ.എസ്.എസ്സിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലും പ്രസിദ്ധീകരിച്ചു.

ഇതിനു പിന്നാലെ, എല്ലാ വിഷയങ്ങളും ചർച്ചയിലൂടെ പരിഹരിക്കുകയാണെങ്കിൽ ജമ്മു കശ്മീർ വിഷയവും അങ്ങനെ തന്നെയല്ലേ ചെയ്യേണ്ടത് എന്ന ചോദ്യവുമായി പ്രിയങ്ക രംഗത്തെത്തിയത്.

'അപ്പോൾ സമൂഹത്തിലെ എല്ലാ വിഷയങ്ങളും സൗഹാർദപൂർണമായ ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് ട്വീറ്റിലൂടെ ആർ.എസ്.എസ് പ്രഖ്യാപിക്കുന്നത്. ഞാൻ കരുതുന്നത് മോദിജിയും അദ്ദേഹത്തിന്റെ ഗവൺമെന്റും ഒന്നുകിൽ ആർ.എസ്.എസ്സിന്റെ കാഴ്ചപ്പാടുകളെ ബഹുമാനിക്കുന്നില്ല എന്നും അല്ലെങ്കിൽ ജമ്മു കശ്മീരിനെ ഒരു വിഷയമായി കാണുന്നില്ല എന്നുമാണ്. രസകരമാണിത്...' പ്രിയങ്ക ട്വീറ്റ് ചെയ്തു.