LiveTV

Live

National

കശ്മീരില്‍ പാകിസ്താനെ പിന്തുണച്ചു; ചൈനയുടെ ഇന്ത്യയിലെ വ്യാപാരം പൂട്ടിക്കാന്‍ സി.എ.ഐ.ടി

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ചൈന.

കശ്മീരില്‍ പാകിസ്താനെ പിന്തുണച്ചു; ചൈനയുടെ ഇന്ത്യയിലെ വ്യാപാരം പൂട്ടിക്കാന്‍ സി.എ.ഐ.ടി

കശ്മീര്‍ വിഷയത്തില്‍ പാകിസ്താനെ പിന്തുണച്ച ചൈനക്കെതിരെ കടുത്ത നിലപാടുമായി വ്യാപാരികളുടെ സംഘടനയായ സി.എ.ഐ.ടി. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നും ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 500 ശതമാനം വരെ കസ്റ്റംസ് തീരുവ ചുമത്തണമെന്നുമാണ് സി.എ.ഐ.ടിയുടെ നിര്‍ദേശം. യു.എന്‍ സുരക്ഷാ കൌണ്‍സിലില്‍ ജമ്മു കശ്മീര്‍ വിഷയം പാകിസ്താന്‍ അവതരിപ്പിക്കുകയും ചൈന ഇതിനെ പിന്തുണക്കുകയും ചെയ്തിരുന്നു. ഇതാണ് സി.എ.ഐ.ടിയെ പ്രകോപിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ചൈന. സ്മാര്‍ട്ട് ഫോണുകളുടെ കാര്യമാണെങ്കില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നതും ചൈനീസ് ബ്രാന്‍ഡുകളാണ്. കശ്മീര്‍ വിഷയത്തില്‍ പാകിസ്താനെ പിന്തുണച്ചതിന്റെ പശ്ചാത്തലത്തില്‍ ചൈനയെ ഇതിനോടകം ശത്രുസ്ഥാനത്ത് നിര്‍ത്തിക്കഴിഞ്ഞുവെന്നും സി.എ.ഐ.ടി പറയുന്നു. ഇതുകൊണ്ട് തന്നെ ചൈനയുടെ ഇന്ത്യയിലെ കച്ചവടം പൂട്ടിക്കാന്‍ തന്നെയാണ് സി.എ.ഐ.ടി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

ചൈനയില്‍ നിന്നുള്ള ഇറക്കുമതി അവസാനിപ്പിക്കണമെന്നും ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നും സി.എ.ഐ.ടി ആഹ്വാനം ചെയ്തു. ആഗസ്റ്റ് 29 ന് ചേരുന്ന സി.എ.ഐ.ടിയുടെ ദേശീയ കോണ്‍ഫറന്‍സില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും സംഘടന അറിയിച്ചു. ഇന്ത്യക്കെതിരെയുള്ള പാകിസ്താന്റെ മിക്ക വിഷയങ്ങളിലും ചൈന പിന്തുണ നല്‍കാറുണ്ട്. അതുകൊണ്ട് തന്നെ ഉത്പന്നങ്ങള്‍ക്ക് ചൈനയെ ആശ്രയിക്കുന്നത് നമ്മള്‍ കുറക്കണമെന്നും സി.എ.ഐ.ടി ആവശ്യപ്പെട്ടു. ഇതിന് വേണ്ടി ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 300 മുതല്‍ 500 ശതമാനം വരെ കസ്റ്റംസ് തീരുവ ചുമത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സി.എ.ഐ.ടി ആവശ്യപ്പെട്ടു.