LiveTV

Live

National

ഷഹല റാഷിദിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി 

ഐ.പി.സി 124 എ, 153, 153 എ, 504 വകുപ്പുകളും ഇൻഫർമേഷൻ ടെക്‌നോളജി ആക്ടും പ്രകാരം അറസ്റ്റ് ചെയ്ത് ഏറ്റവും കഠിനമായ ക്രിമിനൽ നടപടി കൈക്കൊള്ളണമെന്നും ഹരജിയിൽ പറയുന്നു. 

ഷഹല റാഷിദിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി 

ന്യൂഡൽഹി: ആക്ടിവിസ്റ്റും ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് നേതാവുമായ ഷഹല റഷീദിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി. രാജ്യത്ത് അക്രമം ഉണ്ടാക്കാനും ഇന്ത്യൻ സൈന്യത്തെ ദേശീയ, അന്തർദേശീയ തലങ്ങളിൽ അപകീർത്തിപ്പെടുത്താനും ഷഹല റഷീദ് ശ്രമിക്കുന്നുവെന്നാരോപിച്ച് സുപ്രീം കോടതി അഭിഭാഷകൻ അലഖ് അലോക് ശ്രീവാസ്തവയാണ് ഹരജി നൽകിയത്.

'കശ്മീരിൽ നിന്നു വരുന്ന ജനങ്ങൾ അവിടുത്തെ സ്ഥിതിയെപ്പറ്റി പറയുന്ന കാര്യങ്ങൾ' എന്ന പേരിൽ ഷലഹ റഷീദ് പത്ത് കാര്യങ്ങൾ അക്കമിട്ട് ട്വീറ്റ് ചെയ്തിരുന്നു. ഇതിൽ ഒമ്പതും പത്തും കാര്യങ്ങൾ വ്യാജവാർത്തയാണെന്നു കാണിച്ചാണ് അലോക് ശ്രീവാസ്തവിന്റെ പരാതി.

'സായുധ സൈനികർ രാത്രിയിൽ വീടുകളിൽ കയറുകയും ആൺകുട്ടികളെ പിടികൂടുകയും വീടുകൾ കൊള്ളയടിക്കുകയും റേഷൻ സാധനങ്ങൾ മനഃപൂർവം തറയിലിട്ട് അരിയും എണ്ണയും കൂട്ടിക്കലർത്തുകയും ചെയ്യുന്നു.' എന്നും

'ഷോപ്പിയാനിൽ നാല് പുരുഷന്മാരെ സൈനിക ക്യാമ്പിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തു (പീഡിപ്പിച്ചു); അവർക്കരികിൽ ഒരു മൈക്ക് വെച്ചിട്ടുണ്ടായിരുന്നു. അതുവഴി അവരുടെ അലർച്ച പ്രദേശം മുഴുവൻ കേൾക്കാനാവുകയും ഭയപ്പെടുകയും ചെയ്തു. ഇത് പ്രദേശത്തു മുഴുവൻ ഭയത്തിന്റെ സാഹചര്യമുണ്ടാക്കി.' എന്നുമായിരുന്നു പരാതിക്കിടയായ ട്വീറ്റുകൾ.

ഷഹല റഷീദിന്റെ ആരോപണം സൈന്യം തള്ളിയിട്ടുണ്ട്. 'ഷഹല റാഷിദ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതവും തള്ളിക്കളയേണ്ടതുമാണ്. ഉറപ്പുവരുത്താത്തതും വ്യാജവുമായ അത്തരം വാർത്തകൾ നിഷ്‌കളങ്കരായ ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനായി ദ്രോഹികളായ വ്യക്തികളും സംഘടനകളും പ്രചരിപ്പിക്കുന്നതാണ്.' സൈന്യത്തെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ഈ വാർത്ത ചൂണ്ടിക്കാട്ടിയാണ് അലോക് ശ്രീവാസ്തവിന്റെ പരാതി. ഷഹലയുടെ 'രാജ്യദ്രോഹപരവും ദേശവിരുദ്ധവുമായ നടപടിക്കെതിരെ' നടപടിയെടുക്കണമെന്നും ഐ.പി.സി 124 എ, 153, 153 എ, 504 വകുപ്പുകളും ഇൻഫർമേഷൻ ടെക്‌നോളജി ആക്ടും പ്രകാരം അറസ്റ്റ് ചെയ്ത് ഏറ്റവും കഠിനമായ ക്രിമിനൽ നടപടി കൈക്കൊള്ളണമെന്നും ഹരജിയിൽ പറയുന്നു.