LiveTV

Live

National

പെഹ്‍ലു ഖാന്‍ കേസ് അട്ടിമറിച്ചത് ബി.ജെ.പി സര്‍ക്കാര്‍; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി 

പ്രതികളെ വെറുതെവിടാനുണ്ടായ സാഹചര്യം സൃഷ്ടിച്ചത് മുന്‍ സര്‍ക്കാരാണെന്ന് അശോക് ഗെഹ്‍ലോട്ട്

 പെഹ്‍ലു ഖാന്‍ കേസ് അട്ടിമറിച്ചത് ബി.ജെ.പി സര്‍ക്കാര്‍; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി 

പെഹ്‍ലു ഖാന്‍ വധക്കേസ് രാജസ്ഥാനിലെ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ അട്ടിമറിച്ചതാണെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്. പ്രതികളെ വെറുതെവിടാനുണ്ടായ സാഹചര്യം സൃഷ്ടിച്ചത് മുന്‍ സര്‍ക്കാരാണ്. കേസില്‍ മുന്‍ സര്‍ക്കാരിന്‍രെ പങ്കും അനാസ്ഥയും പ്രത്യേക സംഘം അന്വേഷിക്കുമെന്ന് അശോക് ഗെഹ്‍ലോട്ട് വ്യക്തമാക്കി.

പെഹ്‍ലു ഖാന്‍ കേസ് അന്വേഷിക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. പിന്നാലെയാണ് മുന്‍ സര്‍ക്കാരിന്‍റെ പങ്ക് പ്രത്യേകം അന്വേഷിക്കാന്‍ തീരുമാനിച്ചത്.

കര്‍ഷകനായ പെഹ്‍ലു ഖാനെ ഗോരക്ഷകര്‍ ആക്രമിച്ച് കൊന്ന കേസിലെ ആറ് പ്രതികളെയും കോടതി വെറുതെവിട്ടിരുന്നു. 2017 ഏപ്രിലിലാണ് ഗോരക്ഷകര്‍ ഡല്‍ഹി - ആല്‍വാര്‍ ദേശീയ പാതയില്‍ വെച്ച് പെഹ്‍ലുഖാനെ ആക്രമിച്ചത്. ഹരിയാന സ്വദേശിയായ ഈ 55കാരന്‍ പാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനായി പശുക്കളെ വാങ്ങാനാണ് ജയ്പൂരിലെത്തിയത്. പശുക്കളുമായി തിരിച്ചുപോകുമ്പോള്‍ കാലിക്കടത്ത് ആരോപിച്ച് ഒരു സംഘം ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏപ്രില്‍ 3ന് മരിച്ചു.

ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പൊലീസ് 9 പേരെ പ്രതിചേര്‍ത്തു. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ക്ക് ജാമ്യം ലഭിച്ചു. ഇതിനിടെ അനുമതി വാങ്ങാതെ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കാലികളെ കൊണ്ടുപോയി എന്ന് ആരോപിച്ച് പെഹ്‍ലു ഖാനും മക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്ത് വിവാദമായിരുന്നു. പെഹ്‍ലു ഖാന്‍റെ രണ്ട് മക്കള്‍ ഉള്‍പ്പെടെ കേസില്‍ 40 സാക്ഷികള്‍ ഉണ്ടായിരുന്നു. ആഗസ്ത് 7ന് വിചാരണ പൂര്‍ത്തിയായ കേസിലാണ് പ്രതികളെ മുഴുവന്‍ സംശയത്തിന്‍രെ ആനുകൂല്യം നല്‍കി വെറുതെവിട്ടത്.