ഹരിയാന പി.സി.സിയില്‍ നേതൃതര്‍ക്കം രൂക്ഷം
ശക്തി കേന്ദ്രമായ റോത്തകില്‍ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയുടെ നേതൃത്വത്തില്‍ ഇന്ന് മഹാറാലി നടത്തും

ഹരിയാന പി.സി.സിയില്‍ നേതൃതര്‍ക്കം രൂക്ഷം. ശക്തി കേന്ദ്രമായ റോത്തകില്‍ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയുടെ നേതൃത്വത്തില്‍ ഇന്ന് മഹാറാലി നടത്തും. ഹൂഡ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
2014ല്‍ പി.സി.സി അധ്യക്ഷനായി അശോക് തന്‍വാര്‍ ചുമതലയേറ്റതോടെ ആരംഭിച്ചതാണ് ഹരിയാനയില്‍ നേതൃതര്‍ക്കം. കൂടിയും കുറഞ്ഞും നിന്ന തര്‍ക്കം നിയമസഭ തെരഞ്ഞെടുപ്പില്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ രൂക്ഷമായിരിക്കുകയാണ്. അശോക് തന്‍വാറിനെ പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ഭൂപീന്ദര്‍ ഹൂഡയുടെയും മകന് ദീപേന്ദര്‍ ഹൂഡയുടെയും ആവശ്യം. വിഷയം പല തവണ ഉയര്‍ന്നിട്ടും ഹൈക്കമാന്‍ഡിന്റെ സജീവ ഇടപെടല്‍ ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് വലിയ സ്വാധീനമുള്ള ഹൂഡക്കൊപ്പമാണ് എം.എല്‍.എമാര്‍.
അതിനാല്‍ ഹൂഡയുടെ ആവശ്യം ഹൈക്കമാന്റിനിനി കേട്ടില്ലെന്ന് നടിക്കാനാകില്ല. ഇന്ന് റോത്തകില്‍ ഹൂഡ സംഘടിപ്പിക്കുന്ന പരിവര്‍ത്തന്‍ മഹാറാലിയിലേക്ക് ഹരിയാനയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദടക്കം മുതിര്‍ന്ന നേതാക്കളെയൊന്നും ക്ഷണിച്ചിട്ടില്ലെന്നാണ് വിവരം. ഇതേ തുടര്‍ന്നാണ് ഹൂഡ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ ഒരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. നേതൃത്വത്തെ ഭയപ്പെടുത്താനുള്ള ഹൂഡയുടെ ഒരു നീക്കം മാത്രമാണ് റാലി എന്നും പ്രതികരണങ്ങളുണ്ട്.
സ്വാതന്ത്ര്യദിനത്തില്‍ എ.ഐ.സി.സി ആസ്ഥാനത്തു നടന്ന ആഘോഷ പരിപാടിക്ക് എത്തിയപ്പോള്‍ ഹുഡ നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്തതായാണ് വിവരം.