LiveTV

Live

National

കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും വിമര്‍ശിച്ച് ഹൂഡ

ഹൂഡ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അത്തരം രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ ഉണ്ടായില്ല.

കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും വിമര്‍ശിച്ച് ഹൂഡ

ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് ഒപ്പമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ. കോണ്‍ഗ്രസിന് തനത് ശൈലി നഷ്ടമായെന്നും റോത്തകില്‍ സംഘടിപ്പിച്ച പരിവര്‍ത്തന്‍ റാലിയില്‍ ഹൂഡ കുറ്റപ്പെടുത്തി. ഹൂഡ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അത്തരം രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ ഉണ്ടായില്ല.

നവംബറില്‍ ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭൂപീന്ദര്‍ സിംഗ് ഹൂഡയും 12 എം.എല്‍.എമാരും കോണ്‍ഗ്രസ് വിടുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ ഇന്ന് തന്‍റെ ശക്തി തെളിയാക്കാന്‍ ഹൂഡ സംഘടിപ്പിച്ച പരിവര്‍ത്തന്‍ റാലിയില്‍ കടുത്ത പ്രഖ്യാപനങ്ങള്‍ക്ക് അദ്ദേഹം തയ്യാറായില്ല. അതേ സമയം ജമ്മു കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനോട് പരസ്യമായി വിയോജിച്ചു. സര്‍ക്കാര്‍ നല്ലത് ചെയ്താല്‍ പിന്തുണക്കുമെന്നും ഹൂഡ വ്യക്തമാക്കി.

ബി.ജെ.പിയെയും തന്റെ പ്രസംഗത്തില്‍ ഹൂഡ കുറ്റപ്പെടുത്തി. കശ്മീര്‍ തീരുമാനത്തിന്‍റെ മറവില്‍ ഭരണത്തകര്‍ച്ച മറച്ച് പിടിക്കാന്‍ സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിനാകില്ല. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ എല്ലാ ജാതി വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കുന്ന മന്ത്രിസഭയാകും തന്‍റേത്. നാല് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടായിരിക്കുമെന്നും ഹൂഡ പറഞ്ഞു. ബി.ജെ.പിയെ വിമര്‍ശിച്ചു കൊണ്ടായിരുന്നു ഭൂപീന്ദര്‍ സിംഗിന്‍റെ മകന്‍ ദീപേന്ദര്‍ സിംഗ് ഹൂഡയുടെയും പ്രസംഗം. മറ്റ് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് റാലിയിലേക്ക് ക്ഷണമുണ്ടായിരുന്നില്ല.