LiveTV

Live

National

മന്ത്രിമാര്‍ ആരുമില്ലാതെ കര്‍ണാടകയിലെ കാബിനറ്റ് യോഗങ്ങള്‍

മുഖ്യമന്ത്രിയായ യെദിയൂരപ്പ മാത്രമാണ് നിലവിൽ കർണാടക അസംബ്ലിയിലുള്ള ഏക കാബിനറ്റ് മന്ത്രി.

മന്ത്രിമാര്‍ ആരുമില്ലാതെ കര്‍ണാടകയിലെ കാബിനറ്റ് യോഗങ്ങള്‍

കാബിനറ്റ് മന്ത്രിമാർ ആരുമില്ലാതെ കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ ഇതുവരെ വിളിച്ചു കൂട്ടിയത് നാല് കാബിനറ്റ് യോഗങ്ങൾ. കർണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റ് മൂന്ന് ആഴ്ച്ചക്കിടെ വിളിച്ച് ചേർത്ത യോഗങ്ങളില്‍ പങ്കെടുത്ത ഏക കാബിനറ്റ് മന്ത്രി യെദിയൂരപ്പ മാത്രമാണ്. സംസ്ഥാന മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരെ തെരഞ്ഞെടുക്കാനുണ്ടാകുന്ന കാലതാമസമാണ് ഇതിന് കാരണമെന്ന് ദ പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.

മുഖ്യമന്ത്രിയായ യെദിയൂരപ്പ മാത്രമാണ് നിലവിൽ കർണാടക അസംബ്ലിയിലുള്ള ഏക കാബിനറ്റ് മന്ത്രി. യെദിയൂരപ്പ ഇതുവരെ വിളിച്ച് ചേർത്ത കാബിനറ്റ് യോഗങ്ങളിൽ ചീഫ് സെക്രട്ടറിയും വിവിധ സർക്കാർ വകുപ്പകളിലെ ഉദ്യോഗസ്ഥരും മാത്രമാണ് പങ്കെടുക്കുന്നത്. മന്ത്രിസഭ രൂപീകരിക്കാൻ കഴിഞ്ഞ 22 ദിവസങ്ങളിലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, ആഭ്യന്തര മന്ത്രിയും ബി.ജെ.പി തലവൻ കൂടിയായ അമിത് ഷായെയും ബന്ധപ്പെടുകയാണ് യെദിയൂരപ്പ. എന്നാൽ മുത്തലാഖ് ബില്ലും, കശ്മീർ ബില്ലും പാർലമെന്റിൽ എത്തിയത് കൊണ്ടുണ്ടായ പ്രത്യേക സാഹചര്യത്തിൽ ഇതുവരെയും കർണാടക വിഷയം ഉന്നത നേതൃത്വത്തിന്റെ പരിഗണനക്ക് വന്നിട്ടില്ല.

കാര്യങ്ങളിൽ തീരുമാനമാകാത്ത പശ്ചാതലത്തി‍ൽ, ഡൽഹിയിൽ തുടരുകയാണ് കർണാടക മുഖ്യമന്ത്രിയെന്നും ദ പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു. മുഖ്യമന്ത്രി ഒഴികെ, 33 അംഗ മന്ത്രിസഭയാണ് കർണാടകയിൽ ചുമതലയേൽക്കാനുള്ളത്. മന്ത്രിസഭയിലേക്ക് ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ട എം.എൽ.എമാരുടെ കാര്യത്തിൽ നേതൃത്വത്തിന്റെ ഗ്രീൻ സിഗ്നൽ കിട്ടുംവരെ തലസ്ഥാനത്ത് തുടരാനാണ് യെദിയൂരപ്പ ലക്ഷ്യമിടുന്നത്.