LiveTV

Live

National

കശ്മീരിലെ അവസ്ഥ ജനാധിപത്യസമൂഹത്തിൽ കേട്ടുകേൾവിയില്ലാത്തതെന്ന് യു.എൻ നിരീക്ഷകൻ 

യു.എന്നിന്റെ ആദ്യ അഭിപ്രായ സ്വാതന്ത്ര്യ സ്‌പെഷ്യൽ റപ്പോട്ടർ ഇന്ത്യക്കാരനായിരുന്നു. 1993 മുതൽ 2002 വരെ ആബിദ് ഹുസൈൻ. പക്ഷേ, ഒരിക്കലും സ്‌പെഷ്യൽ റപ്പോട്ടർക്ക് ഇന്ത്യയിൽ വരേണ്ടി വന്നിട്ടില്ല.  

കശ്മീരിലെ അവസ്ഥ ജനാധിപത്യസമൂഹത്തിൽ കേട്ടുകേൾവിയില്ലാത്തതെന്ന് യു.എൻ നിരീക്ഷകൻ 

പ്രത്യേക അവകാശങ്ങൾ എടുത്തുകളഞ്ഞ് ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കിയതിനെ തുടർന്ന് ജമ്മു കശ്മീരിൽ നിലനിൽക്കുന്ന സാഹചര്യം ജനാധിപത്യ സമൂഹത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്ന് ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക അഭിപ്രായ സ്വാതന്ത്ര്യ നിരീക്ഷകൻ ഡേവിഡ് കേയ്. കശ്മീർ ജനതക്ക് ഇന്റർനെറ്റും വിവര വിനിമയ സംവിധാനങ്ങളും നിഷേധിച്ച നടപടി ആശങ്കാജനകമാണെന്നും ഏതെങ്കിലുമൊരു ലോകരാജ്യത്തിലെ ഭരണകൂടത്തിൽ നിന്ന് താൻ ആദ്യമായാണ് ഇത്തരമൊരു നടപടി കാണുന്നതെന്നും അദ്ദേഹം ഹഫിങ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പ്രസക്ത ഭാഗങ്ങൾ

ചോദ്യം: കശ്മീരിൽ മൊബൈൽ സേവനവും ഇന്റർനെറ്റും വിച്ഛേദിച്ചിട്ട് പന്ത്രണ്ട് ദിവസമായി. ഈ സന്ദർഭത്തെ താങ്കൾ വിലയിരുത്തുന്നത് എങ്ങനെയാണ്?

ഡേവിഡ് കേയ്: എനിക്ക് അതേപ്പറ്റി ശരിക്കും ആശങ്കയുണ്ട്. മുമ്പും പലതവണ കശ്മീർ താഴ്‌വരയിൽ ഇന്റർനെറ്റ് റദ്ദാക്കപ്പെട്ടിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിൽ ഒന്നുകിൽ ഇന്റർനെറ്റോ അല്ലെങ്കിൽ മൊബൈലോ ആണ് റദ്ദാക്കാറുള്ളത്. ഇത്തവണ ഇന്റർനെറ്റ് മാത്രമല്ല, ടെലികമ്മ്യൂണിക്കേഷൻസും റദ്ദാക്കിയിട്ടുണ്ട് എന്നതാണ് വ്യത്യാസം. ഇപ്പോൾ കശ്മീരിൽ കുടുംബങ്ങൾക്ക് പരസ്പരം ബന്ധപ്പെടാൻ കഴിയുന്നില്ല. തെരുവുകളിൽ സംഭവിക്കുന്നത് എന്തെന്നോ ലോകത്ത് എന്തെല്ലാം നടക്കുന്നുവെന്നോ അറിയാനാകുന്നില്ല. വിവരങ്ങളിലേക്ക് എത്താനുള്ള കശ്മീരികളുടെ അവകാശത്തെ യോജിക്കാനാവാത്ത വഴിയിലൂടെ നിഷേധിക്കുകയാണിത് ചെയ്യുന്നത്.

  • കേബിൾ ടി.വി പ്രവർത്തിക്കുന്നുണ്ട്. ലാൻഡ് ലൈനുകൾ പെട്ടെന്നുതന്നെ ശരിയാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇത് ഉടനെ സംഭവിക്കുകയാണെങ്കിൽ ആശയവിനിമയം കുറേയൊക്കെ ശരിയാകുമല്ലോ. അപ്പോഴും ആശങ്ക നിലനിൽക്കുമോ?

അതും ആശങ്കാജനകം തന്നെ. ഇത് മുമ്പും സംഭവിച്ചിട്ടുണ്ടെന്നാണ് ഞാൻ പറയുന്നത്. കൂടുതൽ ശക്തമായി കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി സംഭവിക്കുന്നു. ഇനി സംഭവിക്കില്ല എന്നതിന് യാതൊരു ഉറപ്പുമില്ല. ഏത് സമയവും ആശയവിനിമയം നടത്താനുള്ള സൗകര്യം ഇല്ലാതാവാം എന്നത് കശ്മീരികൾ നേരിടുന്ന ഭീഷണിയാണ്. ഇത് കശ്മീരി ജനതയുടെ സ്വാതന്ത്ര്യത്തിന്മേലുള്ള ഇടപെടലാണ്.

  • 2014-ലാണല്ലോ താങ്കൾ സ്‌പെഷ്യൽ റപോർട്ടർ ആകുന്നത്. കശ്മീരിലേതു പോലുള്ള സാഹചര്യം മുമ്പ് കണ്ടിട്ടുണ്ടോ?

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ് റദ്ദാക്കൽ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് മധ്യ ആഫ്രിക്കയിൽ. കാമറൂണിലെ ഇംഗ്ലീഷ് സംസാരിക്കുന്ന പ്രദേശങ്ങളിൽ വളരെ ദീർഘകാലം ഇന്റർനെറ്റ് റദ്ദാക്കിയിരുന്നു. എന്നാൽ, കശ്മീരിൽ മാത്രമുള്ള കാര്യം എന്തെന്നാൽ ഇവിടെ തുടർച്ചയായി ഇന്റർനെറ്റ് റദ്ദാക്കപ്പെടുന്നു എന്നതാണ്. എന്തുകാരണം കൊണ്ടായാലും ഒരു ജനാധിപത്യരാജ്യം തുടർച്ചയായി ഇന്റർനെറ്റ് തടസ്സപ്പെടുത്തുമെന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യയെയും കാമറൂണിനെയും വേറിട്ടുനിർത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്.

  • ഇപ്പോഴത്തെ നിയന്ത്രണം എടുത്തുകളഞ്ഞാൽ ജനങ്ങൾ സംഘടിക്കുമെന്നും അക്രമാസക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും ആളുകൾ മരിക്കുമെന്നും പരിക്കേൽക്കുമെന്നുമുള്ള ഭയമുണ്ട്. ഇവയേക്കാളൊക്കെ വലുതാണോ അഭിപ്രായ സ്വാതന്ത്യം?

ആ ചോദ്യത്തിലെ യുക്തിയെ ഞാൻ ചോദ്യം ചെയ്യുന്നു. കർഫ്യൂ ഉള്ളതു കൊണ്ടാണല്ലോ കശ്മീരിലെ ജനങ്ങൾക്ക് പ്രതിഷേധിക്കാൻ അവസരമില്ലാത്തത്. ഇന്റർനെറ്റ് ശരിയായാൽ ജനങ്ങൾ പ്രതിഷേധിക്കുമെന്നും അത് കുഴപ്പങ്ങളിലേക്ക് നയിക്കുമെന്നും താങ്കൾ പറയുന്നു. പക്ഷേ, ഈ കർഫ്യൂ ഉള്ളതു കൊണ്ടല്ലേ ജനങ്ങൾക്ക് പ്രതിഷേധിക്കാൻ കഴിയാത്തത്? വൻതോതിലുള്ള സൈനിക വിന്യാസം ഉള്ളതുകൊണ്ടാണ് ജനങ്ങൾ പുറത്തിറങ്ങാത്തതും സംഘടിക്കാത്തതും പ്രതിഷേധിക്കാത്തതും. ആശയവിനിമയ നിരോധനവും കർഫ്യൂവും ഇന്ത്യയിലെയും അന്താരാഷ്ട്രതലത്തിലെയും അടിസ്ഥാന മനുഷ്യാവകാശ നിയമങ്ങൾ ലംഘിക്കുന്നതാണ്. അക്രമം തടയാനാണെന്നു വെച്ചാൽ തന്നെ ഭീമമായ ഇത്തരം നിയന്ത്രണങ്ങൾ ഉചിതമല്ല.

  • ഇതിനുമുമ്പ് എപ്പോഴാണ് യു.എൻ അഭിപ്രായ സ്വാതന്ത്ര്യ സ്‌പെഷ്യൽ റപ്പോട്ടർ ഇന്ത്യ സന്ദർശിച്ചത്?

മുമ്പ് ഉണ്ടായിട്ടില്ല. സത്യത്തിൽ യു.എന്നിന്റെ ആദ്യ അഭിപ്രായ സ്വാതന്ത്ര്യ സ്‌പെഷ്യൽ റപ്പോട്ടർ ഇന്ത്യക്കാരനായിരുന്നു. 1993 മുതൽ 2002 വരെ ഈ സ്ഥാനത്തിരുന്ന ആബിദ് ഹുസൈൻ. പക്ഷേ, ഒരിക്കലും സ്‌പെഷ്യൽ റപ്പോട്ടർക്ക് ഇന്ത്യയിൽ വരേണ്ടി വന്നിട്ടില്ല.

  • ഇന്ത്യ ഏതെങ്കിലും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ ലംഘിക്കുന്നുണ്ടോ?

ഇന്റർനാഷണൽ കവനന്റ് ഓൺ സിവിൽ ആന്റ് പൊളിറ്റിക്കൽ റൈറ്റ്‌സിൽ (ഐ.സി.സി.പി.ആർ) അംഗമാണ് ഇന്ത്യ. ഇതാണ് അന്താരാഷ്ട്ര മനുഷ്യാവകാശ നിമയത്തിന്റെ കേന്ദ്ര ഉടമ്പടി. എല്ലാവർക്കും മനുഷ്യവകാശം ഉറപ്പുവരുത്തുന്നതാണത്. അഭിപ്രായ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുമ്പോൾ അതുകൊണ്ട് പൊതു സുരക്ഷയ്ക്കും ക്രമത്തിനും ഉണ്ടാകുന്ന നേട്ടങ്ങൾ ഭരണകൂടങ്ങൾ വിശദീകരിക്കേണ്ടതുണ്ട്. ഇന്ത്യൻ ഗവൺമെന്റ് ഇതുവരെ അത് വെളിപ്പെടുത്തിയിട്ടില്ല. അത് ചെയ്യുന്നതുവരെ മനുഷ്യാവകാശ നിയമങ്ങളുടെ വ്യവസ്ഥകളോട് ഇന്ത്യ യോജിച്ചുപോകുന്നുണ്ടോ എന്ന കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്.

അഭിമുഖത്തിന്റെ പൂർണരൂപം ഇവിടെ വായിക്കാം.