LiveTV

Live

National

പെഹ്‍ലുഖാന്‍; നീതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് മകന്‍

രാജസ്ഥാൻ സർക്കാറിന്റെ പുനരന്വേഷണത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും, രാജസ്ഥാൻ ഹെെക്കോടതിയിൽ അപ്പീൽ നൽകുമെന്നും പെഹ്‍ലുഖാന്റെ ഭാര്യ പറഞ്ഞു

പെഹ്‍ലുഖാന്‍; നീതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് മകന്‍

ഗോരക്ഷ ഭീകരരുടെ ആൾക്കൂട്ടാക്രമണത്തിൽ കൊല്ലപ്പെട്ട പെഹ്‍ലുഖാന്റെ കേസിൽ നീതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് കുടുംബം. പ്രതികളായി പിടിച്ചവരെയെല്ലാം വെറുതെ വിട്ട വിചാരണ കോടതിയുടെ വിധിക്ക് ശേഷം, കേസില്‍ പുനരന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച രാജസ്ഥാൻ സർക്കാറിന്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു കുടുംബം.

കുറ്റാരോപിതരെ വെറുതെ വിട്ട കോടതി വിധിയിൽ നിരാശയുണ്ടായിരുന്നു. എന്നാൽ നീതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും പെഹ്‍ലൂഖാന്റെ മൂത്ത മകൻ ഇർഷാദിനെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. രാജസ്ഥാൻ സർക്കാറിന്റെ പുനരന്വേഷണത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും, രാജസ്ഥാൻ ഹെെക്കോടതിയിൽ അപ്പീൽ നൽകുമെന്നും പെഹ്‍ലുഖാന്റെ ഭാര്യയും പറഞ്ഞു. പതിനഞ്ച് ദിവസത്തിനുള്ളില്‍ കേസിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പ്രത്യേക അന്വേഷണസംഘത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പശുക്കടത്ത് ആരോപിച്ച് 2017ലാണ് ഗോരക്ഷാ ഭീകരവാദികൾ പെഹ്‍ലുഖാനെ തല്ലി കൊന്നത്. കുപ്രസിദ്ധമായ കേസിൽ പിടിയിലായ ആറ് പേരെയും കോടതി വെറുതെ വിടുകയായിരുന്നു. തെളിവുകൾ നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ കോടതി വെറുതെ വിട്ടത്. കേസിലെ മറ്റ് മൂന്ന് കുറ്റാരോപിതരെ, പ്രായപൂർത്തിയാകാത്തതിനാൽ ജുവനെെൽ ഹോമിലേക്ക് മാറ്റുകയായിരുന്നു.