LiveTV

Live

National

ഇന്ത്യയുടെ ആണവായുധ ഉപയോഗ നയം മാറാമെന്ന് പ്രതിരോധമന്ത്രി

ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്നതാണ് ഇന്ന് വരെയുള്ള ഇന്ത്യയുടെ നയം

ഇന്ത്യയുടെ ആണവായുധ ഉപയോഗ നയം മാറാമെന്ന് പ്രതിരോധമന്ത്രി

ഇന്ത്യയുടെ ആണവായുധ നയം മാറ്റിയേക്കുമെന്ന് സൂചിപ്പിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്നാണ് ഇതുവരെ ഇന്ത്യയുടെ നയം. ഇക്കാര്യത്തില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചാകും ഭാവി തീരുമാനങ്ങളെന്ന് മന്ത്രി പറഞ്ഞു. പ്രസ്താവനയില്‍ വ്യക്തത വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

രാജസ്ഥാനിലെ പൊക്രാനില്‍ കരസേന മേധാവി വിപിന്‍ റാവത്ത് അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പ്രതിരോധമന്ത്രിയുടെ നിര്‍ണായക പ്രസ്താവന. നോ ഫസ്റ്റ് യൂസ് പോളിസി അഥവാ ആദ്യം ഉപയോഗിക്കില്ല എന്ന നയമാണ് ആണവായുധത്തിന്‍റെ കാര്യത്തില്‍ ഇന്ത്യ ഈ സമയം വരെ പിന്തുടരുന്നത്. എന്നാല്‍ ഭാവിയില്‍ ഈ നയത്തിന്‍മേല്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയില്‍ വ്യക്തത തേടി കോണ്‍ഗ്രസ് രംഗത്തെത്തി. നയം എന്തായാലും സ്വാഗതം ചെയ്യും. അര്‍ധ വാക്യങ്ങളില്‍ പ്രസ്താവന ഒതുക്കാതെ നയം എന്താണെന്ന് വ്യക്തമാക്കണമെന്ന് അഭിഷേക് മനു സിംഗ്വി ആവശ്യപ്പെട്ടു.

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ചാണ് രാജ്നാഥ് സിംഗ് പൊക്രാനിലെത്തിയത്. 1998ല്‍ പൊക്രാനില്‍ ഇന്ത്യ നടത്തിയ ആണവായുധ പരീക്ഷണത്തിന് നേതൃത്വം നല്‍കിയത് അന്നത്തെ പ്രധാനമന്ത്രി വാജ്പേയ് ആയിരുന്നു. 99ല്‍ തന്നെ ഇന്ത്യ നോ ഫസ്റ്റ് യൂസ് നയം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ആണവ ശക്തിയായ പാക്കിസ്താന്‍ ഈ നയം പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ കശ്മീര്‍ വിഷയത്തില്‍ പാക്കിസ്താനുമായി അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെ കൂടിയാണ് പ്രതിരോധ മന്ത്രിയുടെ വാക്കുകള്‍.