LiveTV

Live

National

ഉന്നാവോ കേസ് പ്രതി കുല്‍ദീപ് സിങ് സെഗര്‍ ബി.ജെ.പി പരസ്യത്തില്‍

ഇന്നലെ പുറത്തിറങ്ങിയ ഒരു ഹിന്ദി പത്രത്തിന്റെ ഉത്തര്‍പ്രദേശ് എഡിഷന്റെ ആദ്യ പേജിലാണ് ബി.ജെ.പി പരസ്യം വന്നത്

ഉന്നാവോ കേസ് പ്രതി കുല്‍ദീപ് സിങ് സെഗര്‍ ബി.ജെ.പി പരസ്യത്തില്‍

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് ബി.ജെ.പി വ്യക്തമാക്കിയ ഉന്നാവോ കേസ് പ്രതി കുല്‍ദീപ് സിങ് സെഗര്‍ ബി.ജെ.പി പരസ്യത്തില്‍. ഒരു ഹിന്ദി പത്രത്തിന്റെ ആദ്യപേജില്‍ നല്‍കിയ ബി.ജെ.പി പരസ്യത്തിലാണ് സെനഗറിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹീന കുറ്റകൃത്യം ചെയ്ത് ജയിലില്‍ കഴിയുന്ന സെനഗറിനെ ഹീറോയായാണോ ബി.ജെ.പി കാണുന്നതെന്ന് പ്രതിപക്ഷം ചോദിച്ചു.

ഇന്നലെ പുറത്തിറങ്ങിയ ഒരു ഹിന്ദി പത്രത്തിന്റെ ഉത്തര്‍പ്രദേശ് എഡിഷന്റെ ആദ്യ പേജിലാണ് ബി.ജെ.പി പരസ്യം വന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം മുന്‍നിര നേതാക്കളുടെ ചിത്രങ്ങളോടൊപ്പം ഉന്നാവോ പീഡനക്കേസ് പ്രതിയായ കുല്‍ദീപ് സിങ് സെനഗറിന്റെ ചിത്രവും പരസ്യത്തിലുണ്ട്.

പ്രതിഷേധത്തെ തുടര്‍ന്ന് ഈ മാസം ഒന്നിന് സെനഗറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ബി.ജെ.പി അറിയിച്ചിരുന്നു. ഉന്നോവോ പെണ്‍കുട്ടിയും അഭിഭാഷകനും ബന്ധുക്കള്‍ക്കും നേരെയുണ്ടായ വാഹനാപകടത്തിന് പിന്നാലെ ബി.ജെ.പി സെനഗറിനെ സംരക്ഷിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം ശക്തമായതോടെയായിരുന്നു മുഖം രക്ഷിക്കാനുള്ള ബി.ജെ.പിയുടെ നടപടി.

എന്നാല്‍, ഇപ്പോഴും പാര്‍ട്ടിയില്‍ പ്രധാനിയായി സെനഗറുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പരസ്യം. സാധാരണയായി ജില്ലാ -സംസ്ഥാന നേതൃത്വങ്ങള്‍ പരിശോധിച്ച ശേഷമാണ് പരസ്യങ്ങള്‍ അച്ചടിച്ച് വരുന്നത്. ഹീന കുറ്റകൃത്യം ചെയ്ത് ജയിലില്‍ കഴിയുന്ന സെനഗറിനെ ഹീറോയായാണോ ബി.ജെ.പി കാണുന്നതെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ചോദിച്ചു. എന്നാല്‍, പരസ്യം അച്ചടിച്ച് വന്നത് നേതൃത്വത്തിന്റെ അറിവോടെയല്ലെന്നും സംഭവത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ബി.ജെ.പി പ്രതികരിച്ചു.