LiveTV

Live

National

കശ്മീര്‍; കേന്ദ്ര തീരുമാനങ്ങള്‍ക്കെതിരായ ഹരജികളില്‍ ഗുരുതര പിഴവുകളെന്ന് സുപ്രിം കോടതി

ഹരജിക്കാരനും അഭിഭാഷകനുമായ എം.എല്‍ ശര്‍മ്മയെ രൂക്ഷമായി വിമര്‍ശിച്ച കോടതി എല്ലാ ഹരജികളും പിന്നീട് പരിഗണിക്കാനായി മാറ്റി

കശ്മീര്‍; കേന്ദ്ര തീരുമാനങ്ങള്‍ക്കെതിരായ ഹരജികളില്‍ ഗുരുതര പിഴവുകളെന്ന് സുപ്രിം കോടതി

ജമ്മുകശ്മീര്‍ വിഷയത്തിലെ കേന്ദ്ര തീരുമാനങ്ങള്‍ക്കെതിരായ ഹരജികളില്‍ ഗുരുതര പിഴവുകളെന്ന് സുപ്രിം കോടതി. ഹരജിക്കാരനും അഭിഭാഷകനുമായ എം.എല്‍ ശര്‍മ്മയെ രൂക്ഷമായി വിമര്‍ശിച്ച കോടതി എല്ലാ ഹരജികളും പിന്നീട് പരിഗണിക്കാനായി മാറ്റി. കശ്മീരില്‍ മാധ്യമ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്ന ഹരജി തള്ളണം എന്നും നിയന്ത്രണങ്ങള്‍ ദിനം പ്രതി കുറച്ച് വരികയാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി നീക്കിയ രാഷ്ട്രപതിയുടെ വിജ്ഞാപനത്തെ ചോദ്യം ചെയ്തായിരുന്നു അഭിഭാഷകനായ എം.എല്‍ ശര്‍മ്മയുടെ ഹരജി. എന്നാല്‍, അര മണിക്കൂര്‍ സമയമെടുത്ത് വായിച്ചിട്ടും എന്ത് തരം ഹരജിയാണ് മനസ്സിലായില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് പറഞ്ഞു. അത്രയും പിഴവുകളുണ്ട്. ഹരജി തള്ളേണ്ടതായിരുന്നു. ഈ വിഷയത്തിലെ മറ്റു ഹരജികളെ ബാധിക്കുമെന്നതിനാല്‍ അത് ചെയ്യുന്നില്ലെന്നും കോടതി പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ആകെയുള്ള 6 ഹരജികളില്‍ 4 ലും ഇപ്പോഴും പിഴവുകളുണ്ടെന്ന് സുപ്രിം കോടതി രജിസ്ട്രാര്‍ വ്യക്തമാക്കി. കശമീരില്‍ മാധ്യമ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്ന, കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധാ ബാസിന്റെ ഹരജിയും കോടതി പരിഗണിച്ചു. ടെലഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിവയെല്ലാം വിച്ഛേദിക്കപ്പെട്ടതിനാല്‍ താഴ്വരയില്‍ മാധ്യമ പ്രവര്‍ത്തനം അസാധ്യമാണെന്ന് അനുരാധയുടെ അഭിഭാഷക വൃന്ദഗ്രോവര്‍ ചൂണ്ടിക്കാട്ടി.

കശ്മീര്‍ ടൈംസ് ജമ്മുവില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്, പിന്നെന്ത് കൊണ്ട് ശ്രീനഗറില്‍ സാധ്യമാകുന്നില്ലെന്നായിരുന്നു കേന്ദ്രത്തിനായി അറ്റോര്‍ണി ജനറലിന്റെ മറുവാദം. ഈ ഹരജി തള്ളണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. കശ്മീരിലെ സുരക്ഷാ ഏജന്‍സികളെ വിശ്വസിക്കണം , നിയന്ത്രണങ്ങള്‍ ഓരോ ദിനവും കുറക്കുന്നുണ്ട്. ഏതാനും ദിവസത്തിനുള്ളില്‍ നിയന്ത്രണം പൂര്‍ണ്ണമായി നീക്കുമെന്നും തുഷാര്‍ മേത്ത പറഞ്ഞു. നിയന്ത്രണം ഇന്ന് നീക്കിയേക്കുമെന്ന് പത്രത്തില്‍ വായിച്ചെന്നും അതു നടക്കുമോ എന്ന് നോക്കാമെന്ന് കോടതിയും അഭിപ്രായപ്പെട്ടു. പിന്നീട് എല്ലാ കേസുകളും മറ്റൊരു ദിവസം പരിഗണിക്കാനായി മാറ്റി.