LiveTV

Live

National

അങ്ങനെയെങ്കില്‍, എന്റെ പിതാവിനെ കൊന്നതാര്? നെഞ്ചുപൊട്ടി പെഹ്‌ലുഖാന്റെ മകന്‍ ചോദിക്കുന്നു

എന്റെ പിതാവ് ആത്മഹത്യ ചെയ്തതാണോ? ആരാണ് എന്റെ പിതാവിനെ കൊന്നത് എന്നെങ്കിലും പറയൂ...’ എന്നായിരുന്നു കോടതിവിധിക്ക് ശേഷമുള്ള ഇര്‍ഷാദിന്റെ പ്രതികരണം.

അങ്ങനെയെങ്കില്‍, എന്റെ പിതാവിനെ കൊന്നതാര്? നെഞ്ചുപൊട്ടി പെഹ്‌ലുഖാന്റെ മകന്‍ ചോദിക്കുന്നു

മൂത്തമകന്‍ ഇര്‍ഷാദിന്റെ കണ്‍മുന്നില്‍വെച്ചാണ് പെഹ്‌ലുഖാനെ പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം വലിച്ചിഴച്ചുകൊണ്ടുപോകുന്നത്. ആള്‍ക്കൂട്ടത്തിന്റെ ക്രൂര മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ പെഹ്‌ലുഖാന്‍ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ വെച്ച് മരിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം പെഹ്‌ലുഖാന്‍ വധക്കേസിലെ ആറ് പ്രതികളെ രാജസ്ഥാന്‍ ജില്ലാകോടതി വെറുതെ വിട്ടതിന്റെ ആഘാതത്തിലാണ് പെഹ്‌ലുഖാന്റെ കുടുംബം.

എങ്കില്‍ പിന്നെ എന്റെ പിതാവിനെ കൊന്നതാരാണ്? എന്നാണ് 28കാരനായ ഇര്‍ഷാദിന്റെ ചോദ്യം. ഇപ്പോഴും ഉള്‍ക്കിടിലത്തോടെ മാത്രമേ അന്നത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ഇര്‍ഷാദിന് സാധിക്കൂ.

'കേസിലെ പ്രതികള്‍ക്ക് കുറഞ്ഞത് 20 വര്‍ഷത്തെ തടവ് ശിക്ഷയെങ്കിലും ലഭിക്കുമെന്നായിരുന്നു എന്റെ പ്രതീക്ഷ. എന്നാല്‍ ഈ കോടതിവിധി ആകെ ഉലച്ചുകളഞ്ഞു. കോടതി വെറുതെവിട്ടവര്‍ എന്റെ പിതാവിനെ മര്‍ദിക്കുന്നത് ഞാനെന്റെ കണ്ണുകൊണ്ട് കണ്ടതാണ്.

വിചാരണക്കിടെ അവരില്‍ ഒരാള്‍ പിതാവിനെ മര്‍ദിച്ചു കൊന്ന കാര്യം സമ്മതിക്കുക പോലും ചെയ്തു. എന്നിട്ടും പൊലീസിന് എന്തുകൊണ്ട് തെളിവുണ്ടാക്കാന്‍ സാധിച്ചില്ല? എന്റെ പിതാവ് ആത്മഹത്യ ചെയ്തതാണോ? ആരാണ് എന്റെ പിതാവിനെ കൊന്നത് എന്നെങ്കിലും പറയൂ...' എന്നായിരുന്നു കോടതിവിധിക്ക് ശേഷമുള്ള ഇര്‍ഷാദിന്റെ പ്രതികരണം.

പശുക്കടത്തിന്റെ പേരില്‍ 2017 ഏപ്രില്‍ ഒന്നിന് രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ വെച്ചായിരുന്നു പെഹ്‌ലുഖാനെ ആള്‍ക്കൂട്ടം പിടികൂടി ക്രൂരമായി മര്‍ദിച്ചത്. ഹരിയാന സ്വദേശിയായ ഈ 55കാരന്‍ പാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനായി പശുക്കളെ വാങ്ങാനാണ് ജയ്പൂരിലെത്തിയത്. വാങ്ങിയ പശുക്കളുമായി തിരിച്ചുപോകുമ്പോള്‍ കാലിക്കടത്ത് ആരോപിച്ച് ഒരു സംഘം ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏപ്രില്‍ മൂന്നിന് മരിച്ചു.

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പൊലീസ് 9 പേരെ പ്രതിചേര്‍ത്തു. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ക്ക് ജാമ്യം ലഭിച്ചു. ഇതിനിടെ അനുമതി വാങ്ങാതെ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കാലികളെ കൊണ്ടുപോയി എന്ന് ആരോപിച്ച് പെഹ്‌ലു ഖാനും മക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്ത് വിവാദമായിരുന്നു. പെഹ്‌ലു ഖാന്റെ രണ്ട് മക്കള്‍ ഉള്‍പ്പെടെ കേസില്‍ 40 സാക്ഷികള്‍ ഉണ്ടായിരുന്നു. ആഗസ്ത് 7ന് വിചാരണ പൂര്‍ത്തിയായ കേസിലാണ് കഴിഞ്ഞദിവസം വിധി വന്നത്.