LiveTV

Live

National

നിരോധനാജ്ഞ; കശ്മീരില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ സായുധ സേനാ അതിക്രമം; യുവതികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതായും റിപ്പോര്‍ട്ട് 

 നിരോധനാജ്ഞ; കശ്മീരില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ സായുധ സേനാ അതിക്രമം; യുവതികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതായും റിപ്പോര്‍ട്ട് 

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റി സംസ്ഥാനത്തെ വിഭജിച്ച കേന്ദ്ര നടപടിക്ക് ശേഷം തുടര്‍ച്ചായ 12 ദിവസത്തെ നിരോധനാജ്ഞ നിലനില്‍ക്കുന്ന താഴ്‍വരയില്‍ സായുധ സേനയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ വ്യാപകമായ തോതില്‍ അതിക്രമം നടക്കുന്നതായി റിപ്പോര്‍ട്ട്. കുട്ടികളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതായും യുവതികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതായും താഴ്‍വര സന്ദർശിച്ച വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ബിസിനസ് ഇന്‍സെെഡറാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കശ്മീര്‍ കേജ്ഡ് എന്ന പേരില്‍ കശ്മീരിലെ നിലവിലെ സാഹചര്യം വസ്തുതാന്വേഷണ സംഘം നേരത്തെ പുറം ലോകത്തെത്തിച്ചിരുന്നു. ആഗസ്റ്റ് അഞ്ചിന് താഴ്‍വരയിലെ വീടുകള്‍ റെയ്ഡ് ചെയ്ത പ്രാദേശിക പൊലീസും സൈന്യവും അര്‍ദ്ധ സൈനിക വിഭാഗവും സക്കൂളില്‍ പഠിക്കുന്നതടക്കുമുള്ള കുട്ടികളെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റെയ്ഡിന് നേതൃത്വം കൊടുത്ത ഓഫീസര്‍മാരടക്കമുള്ളവര്‍ സ്ത്രീകളെയും യുവതികളെയും പീഡനത്തിനിരയാക്കിയതായും റിപ്പോര്‍ട്ടിലെ ഉള്ളടക്കത്തിലുണ്ട്. ആഗസ്റ്റ് 9 തൊട്ട് 13 വരെ താഴ്‍വരയില്‍ കഴിഞ്ഞ വസ്തുതാന്വേഷണ സംഘം പ്രദേശത്തെ നൂറ് കണക്കിനായ സാധാരണക്കാരുമായി സംസാരിച്ചതിന് ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആരും തന്നെ ഭയമില്ലാതെ ക്യാമറക്ക് മുന്നില്‍ സംസാരിക്കാന്‍ തയ്യാറായില്ലെന്നും വസ്തുതാന്വേഷണ സംഘം പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മാതാപിതാക്കളായ പലരും തങ്ങളുടെ കുട്ടികളെ സായുധ സേന കസ്റ്റഡിയില്‍ വെച്ച കാര്യം ഭയം കാരണം പുറത്തുപറയാന്‍ തയ്യാറായില്ലെന്നും വസ്തുതാന്വേഷണ സംഘം പറയുന്നു. തന്നെ കസ്റ്റഡിയിലെടുത്ത പൊലീസ് ക്രൂരമായി തന്നെ മര്‍ദ്ദിച്ചെന്ന് പാമ്പോറില്‍ നിന്നുള്ള 11 വയസ്സുക്കാരന്‍ വസ്തുതാന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. കശ്മീരി സുരക്ഷാ സേന നിര്‍ദയം പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ പെല്ലറ്റ് നിറയൊഴിക്കുകയാണെന്നും റിപ്പോര്‍ട്ട് കാണിക്കുന്നു. മാധ്യമ പ്രവര്‍ത്തകരെ പോലും ഒരു പ്രദേശത്ത് നിന്നും മറ്റൊരിടത്തേക്ക് വാര്‍ത്താവശ്യാര്‍ത്ഥം പോകാന്‍ സമ്മതിക്കുന്നില്ലെന്നും പ്രാദേശിക പത്രങ്ങളും ചാനലുകളും വാര്‍ത്ത നല്‍കുന്നതിനെയും സുരക്ഷാ സേന തടസ്സം സൃഷ്ടിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

 നിരോധനാജ്ഞ; കശ്മീരില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ സായുധ സേനാ അതിക്രമം; യുവതികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതായും റിപ്പോര്‍ട്ട് 

നേരത്തെ കശ്മീരിൽ നിന്നും മടങ്ങിയ സംഘം വാർത്താ സമ്മേളനം വിളിച്ച് കൂട്ടി വിഭജനാന്തര കശ്മീരിലെ സാഹചര്യങ്ങൾ വെളിപ്പെടുത്തിയെങ്കിലും, റെക്കോർഡ് ചെയ്ത് വെച്ച വീഡിയോ പ്രദർശിപ്പിക്കാൻ പ്രസ് ക്ലബ് ഓഫ് ഇന്ത്യ അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് റിപ്പോര്‍ട്ടും വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. സാമ്പത്തിക വിദഗ്ധൻ ജീൻ ദ്രേസ്, കവിത കൃഷ്ണൻ, മെെമുന മൊല്ല, വിമൽ ഭായ് എന്നിവർ ആഗസ്റ്റ് 9 മുതൽ 13 വരെ നടത്തിയ കശ്മീർ യാത്ര കശ്മീരിന്റെ യഥാര്‍ത്ഥ ചിത്രം പുറം ലോകത്തെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.