LiveTV

Live

National

‘രാജാവേ എനിക്കെപ്പോൾ കശ്മീരികളെ കാണാനാകും?’ - മലക്കംമറിഞ്ഞ ഗവർണറെ പരിഹസിച്ച് രാഹുൽ ഗാന്ധി 

“ജമ്മു കശ്മീരും ലഡാക്കും സന്ദർശിക്കാനുള്ള അങ്ങയുടെ ക്ഷണം ഞാനും പ്രതിപക്ഷ പാർട്ടി നേതാക്കളും സ്വീകരിക്കാം. ഞങ്ങൾക്ക് വിമാനമൊന്നും വേണ്ട.”

‘രാജാവേ എനിക്കെപ്പോൾ കശ്മീരികളെ കാണാനാകും?’ - മലക്കംമറിഞ്ഞ ഗവർണറെ പരിഹസിച്ച് രാഹുൽ ഗാന്ധി 

ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കി ജമ്മു കശ്മീർ സംസ്ഥാനത്തെ വിഭജിക്കുകയും കശ്മീരികൾക്ക് ടെലിഫോൺ, ഇന്റർനെറ്റ്, ടെലിവിഷൻ സൗകര്യങ്ങൾ നിഷേധിക്കുകയും ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ കശ്മീർ ഗവർണർ സത്യപാൽ മലിക്കുമായി ഏറ്റുമുട്ടി രാഹുൽ ഗാന്ധി. കശ്മീരിലെത്തി ജനങ്ങളുമായും വീട്ടുതടങ്കലിലുള്ള രാഷ്ട്രീയ നേതാക്കളുമായും സംസാരിക്കാൻ ഗവർണർ അനുവാദം നൽകാതിരുന്നതിനെ തുടർന്നാണ് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ അതൃപ്തി അറിയിച്ചത്.

വൻതോതിൽ സൈന്യത്തെ വിന്യസിച്ച് കശ്മീർ ജനതയുടെ ആശയവിനിമയ, ഗതാഗത ബന്ധങ്ങൾ വിച്ഛേദിച്ച കേന്ദ്ര സർക്കാർ നടപടി ഗുരുതരമായ മനുഷ്യാവകാശ ലംഘനത്തിന് കാരണമാകുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് പ്രതിപക്ഷ നേതാക്കൾക്ക് കശ്മീരിലേക്ക് പ്രവേശനം അനുവദിക്കണമെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ഇതിനു മറുപടിയായി, കശ്മീരിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നും രാഹുൽ ഗാന്ധി നേരിട്ടുവന്ന് കണ്ട് ബോധ്യപ്പെടുകയാണ് ചെയ്യേണ്ടതെന്നും സത്യപാൽ മലിക് ടി.വി അഭിമുഖത്തിൽ പറഞ്ഞു. രാഹുലിനു വേണ്ടി ഒഫീഷ്യൽ വിമാനം അയക്കാമെന്നും പരിക്കേറ്റ ഒരാളെ പോലും കശ്മീരിൽ കാണാനാവില്ലെന്നും മലിക് അവകാശപ്പെട്ടു.

എന്നാൽ, വിമാനമൊന്നും അയക്കേണ്ടെന്നും കശ്മീരിലേക്ക് യാത്രചെയ്യാൻ അനുവാദം നൽകിയാൽ മാത്രം മതിയെന്നുമായിരുന്നു രാഹുലിന്റെ മറുപടി.

‘ജമ്മു കശ്മീരും ലഡാക്കും സന്ദർശിക്കാനുള്ള അങ്ങയുടെ ക്ഷണം ഞാനും പ്രതിപക്ഷ പാർട്ടി നേതാക്കളും സ്വീകരിക്കാം. ഞങ്ങൾക്ക് വിമാനമൊന്നും വേണ്ട. പകരം, സഞ്ചരിക്കാനും ജനങ്ങളെയും മുഖ്യധാരാ നേതാക്കളെയും വിന്യസിക്കപ്പെട്ട നമ്മുടെ സൈനികരെയും കാണാനുമുള്ള സ്വാതന്ത്ര്യം അങ്ങ് ഉറപ്പുവരുത്തണം.’ - 
രാഹുൽ ഗാന്ധിയുടെ ട്വീറ്റ്

ഇതിനു മറുപടിയായി ഇറക്കിയ പത്രക്കുറിപ്പിൽ ഗവർണർ മലക്കം മറിയുന്നതാണ് കണ്ടത്. അതിർത്തിക്കപ്പുറത്ത് പ്രചരിക്കുന്ന വ്യാജവാർത്തകളോടാണ് രാഹുൽ ഗാന്ധി പ്രചരിക്കുന്നതെന്നും ഒറ്റപ്പെട്ട ചില സംഭവങ്ങളൊഴിച്ചാൽ കശ്മീർ ശാന്തമാണെന്നും മലിക് പത്രക്കുറിപ്പിൽ അവകാശപ്പെട്ടു.

'രാഹുലിന് വിവിധ ഇന്ത്യൻ ചാനലുകൾ കണ്ട് സത്യം ബോധ്യപ്പെടാം. കശ്മീർ താഴ്‌വരയിലെ പ്രശ്‌നങ്ങൾ അവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച കാര്യങ്ങളും പരിശോധിക്കാം. പ്രതിപക്ഷ പാർട്ടി നേതാക്കളുടെ സംഘത്തെ കൊണ്ടുവരാനും പൊതുജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കാനുമുള്ള തീരുമാനത്തിലൂടെ രാഹുൽ ഗാന്ധി ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുകയാണ്. തടങ്കലിലുള്ള മുഖ്യധാരാ നേതാക്കളെ കാണുന്നതടക്കമുള്ള വ്യവസ്ഥകൾ അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്. വ്യവസ്ഥകളോടെയല്ല ഗവർണർ എന്ന നിലയിൽ അദ്ദേഹത്തെ ക്ഷണിച്ചത്. രാഹുൽ ഗാന്ധിയുടെ അഭ്യർത്ഥന പ്രാദേശിക പൊലീസിനും ഭരണകൂടത്തിനും കൈമാറിയിട്ടുണ്ട്.' - സത്യപാൽ മലിക്കിന്റെ പ്രസ്താവനയിൽ പറയുന്നു.

ഇതിനു മറുപടിയായി, ഗവർണറുടെ മറുപടിയിൽ വ്യക്തതയില്ലെന്ന് രാഹുൽ ആരോപിച്ചു. 'രാജാവ്' (മാലിക്) എന്നാണ് പുതിയ ട്വീറ്റിൽ അദ്ദേഹം സത്യപാൽ മലികിനെ അഭിസംബോധന ചെയ്തത്.

‘പ്രിയപ്പെട്ട രാജാവേ,എന്റെ ട്വീറ്റിനോടുള്ള അങ്ങയുടെ വ്യക്തതയില്ലാത്ത മറുപടി കണ്ടു. ജമ്മു കശ്മീർ സന്ദർശിച്ച് ജനങ്ങളുമായി കാണാനുള്ള അങ്ങയുടെ ക്ഷണം ഞാൻ സ്വീകരിക്കുന്നു. ഒരു വ്യവസ്ഥയും മുന്നോട്ടു വെക്കുന്നില്ല. എനിക്കെപ്പോൾ വരാൻ കഴിയും?’
രാഹുലിന്റെ ട്വീറ്റ്.