പ്രളയം; പരിഹാരം നിര്‍ദേശിച്ച് പ്രധാനമന്ത്രിക്ക് രാഹുലിന്റെ കത്ത്
കാർഷിക പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നിരവധി കർഷകർ ആത്മഹത്യ ചെയ്തതായും രാഹുല്‍ അറിയിച്ചു.

വയനാട് പുത്തുമലയിലും, മലപ്പുറം കവളപ്പാറയിലും സംഭവിച്ച പ്രളയക്കെടുതിയിൽ കേന്ദ്രസഹായത്തിനും, പരസ്ഥിതി സംരക്ഷണത്തിന് ആവശ്യമായ നടപടികൾ എടുക്കുന്നതിനും പ്രധാനമന്ത്രിക്ക് രാഹുൽ
ഗാന്ധിയുടെ കത്ത്. മഴക്കെടുതിയിൽ ഇരു പ്രദേശങ്ങളിലും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി അറിയിച്ച രാഹുൽ ഗാന്ധി, പശ്ചിമഘട്ടത്തിലെ ഈ അതീവ പരസ്ഥിതി ലോല പ്രദേശത്തെ സന്തുലിതാവസ്ഥ താളം തെറ്റികിടക്കുന്നതായും അറിയിച്ചു.
നിരവധി പേരുടെ ജീവിതോപാധികൾ പ്രളയം മൂലം ഇല്ലാതായി. പ്രദേശത്തെ ആവാസവ്യവസ്ഥക്ക് സാരമായ കോട്ടം സംഭവിച്ചിട്ടുണ്ട്. വനനശീകരണവും, ക്വോറി - ഖനന പ്രവർത്തനങ്ങളും ഇതിന് കാരണമായതായി ചൂണ്ടിക്കാട്ടിയ രാഹുൽ, കാർഷിക പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നിരവധി കർഷകർ ആത്മഹത്യ ചെയ്തതായും അറിയിച്ചു.
ഒടുവിലായുണ്ടായ പ്രളയത്തിന്റെ പശ്ചാതലത്തില്‍ രണ്ട് നിര്‍ദേശങ്ങളാണ് രാഹുല്‍ മുന്നോട്ട് വെച്ചത്. പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയിക്കുന്ന സംവിധാനം പ്രദേശത്ത് സ്ഥാപിക്കുന്നത് ഭാവിയിൽ വലിയ നഷ്ടങ്ങൾ സംഭവിക്കാതിരിക്കാൻ സഹായകമാകുമെന്ന് പറഞ്ഞ രാഹുൽ, മനുഷ്യ - പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിന് ദീർഘകാല പദ്ധതി വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.