LiveTV

Live

National

‘’എന്നെ കടത്തിവിടണം, അല്ലെങ്കില്‍ ഞാനിപ്പോള്‍ പ്രസവിച്ചുപോകും...’’ ഇത് ഇന്‍ഷ, കശ്മീരിന്റെ നേര്‍മുഖം

ഞാന്‍ എന്റെ അവസ്ഥ അവരോട് പറഞ്ഞു. എനിക്ക് എങ്ങനെയെങ്കിലും ആശുപത്രിയില്‍ എത്തണം. പോകാന്‍ അനുവദിക്കണം. അല്ലെങ്കില്‍ ചിലപ്പോള്‍ ഞാനിവിടെ പ്രസവിച്ചുപോകും.

‘’എന്നെ കടത്തിവിടണം, അല്ലെങ്കില്‍ ഞാനിപ്പോള്‍ പ്രസവിച്ചുപോകും...’’ ഇത് ഇന്‍ഷ, കശ്മീരിന്റെ നേര്‍മുഖം

ഇത് കശ്മീരിയായ 26 കാരി ഇന്‍ഷ അഷ്റഫിന്റെ ജീവിതാനുഭവമാണ്. കഴിഞ്ഞ ദിവസം ഇന്‍ഷ നേരിട്ട ദുരനുഭവങ്ങളുടെ നേര്‍സാക്ഷ്യം. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ ആ മേഖല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലാണ്. എങ്ങും ആയുധധാരികളായ സുരക്ഷാ സൈന്യം. പ്രതിഷേധക്കാര്‍ക്ക് നേരെ സ്ത്രീയെന്നോ കുട്ടികളെന്നോ നോക്കാതെ പൊലീസ് വെടിയുതിര്‍ക്കുന്നു. റബ്ബര്‍ ബുള്ളറ്റുകൊണ്ടുള്ള വെടിയേറ്റ് പലരുടെയും കാഴ്ച നഷ്ടപ്പെടുന്നു. ഈ സംഘര്‍ഷാവസ്ഥയുടെ നടുവിലേക്കാണ് പക്ഷേ ഇന്‍ഷ കാത്തിരുന്ന ആ ദിവസം വന്നത്. ഏറ്റവും പ്രതീക്ഷയോടെ, ആകാംക്ഷയോടെ ഇന്‍ഷ കാത്തിരുന്ന ദിവസം. ഒരു കുഞ്ഞുജീവന് ജന്മം കൊടുക്കുന്ന ദിവസം.

‘’എന്നെ കടത്തിവിടണം, അല്ലെങ്കില്‍ ഞാനിപ്പോള്‍ പ്രസവിച്ചുപോകും...’’ ഇത് ഇന്‍ഷ, കശ്മീരിന്റെ നേര്‍മുഖം

പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഇന്‍ഷക്ക് പ്രസവത്തിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങിയത്. ചില ഉറവകളില്‍ നിന്ന് നീര് പൊടിഞ്ഞു തുടങ്ങിയിരുന്നു. ഇനി തനിക്ക് അധികം സമയമില്ലെന്ന് ഇന്‍ഷക്ക് തോന്നി തുടങ്ങി. ശ്രീനഗറിന്റെ അതിര്‍ത്തിയിലുള്ള ബെമിനയിലെ അമ്മയുടെ വീട്ടിലായിരുന്നു അപ്പോള്‍ ഇന്‍ഷ. തന്റെ അവസ്ഥ അവള്‍ വീട്ടുകാരെ അറിയിച്ചു. എന്തുചെയ്യണമെന്ന് അറിയാതെ നിശ്ചലമായ നിമിഷങ്ങള്‍. ഏഴു കിലോമീറ്റര്‍ അകലെയാണ് ആശുപത്രി. അവിടെ വരെ എത്തുമോയെന്ന സംശയം പോലും അവള്‍ക്കുണ്ടായിരുന്നു. പിന്നെ അധികം ആലോചിക്കാതെ അമ്മ മുബീന തന്റെ സഹോദരിയെയും കൂട്ടി അയല്‍പക്കത്തുള്ള ഓട്ടോറിക്ഷാ ഡ്രൈവറുടെ വീട്ടിലേക്കോടി. മകള്‍ക്ക് പ്രസവവേദന തുടങ്ങിയെന്നും എങ്ങനെയെങ്കിലും ആശുപത്രിയില്‍ എത്തിക്കണമെന്നും അയാളെ അറിയിച്ചു. കുറേ ദിവസങ്ങളായി പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടിയിരുന്ന അയാള്‍ ആദ്യം ചിന്തിച്ചത്, റോഡിലെ സുരക്ഷാ സേനയെ കുറിച്ചാണ്. പുറത്തിറങ്ങിയാല്‍ തടയപ്പെടും എന്ന കാര്യത്തില്‍ സംശയമേയില്ല. പക്ഷേ ഈ അവസ്ഥയില്‍ അവരെ കൈവിടാനും അയാള്‍ക്ക് കഴിയുമായിരുന്നില്ല. പിന്നെ രണ്ടാമതൊന്നു ആലോചിക്കാതെ അയാള്‍ ഓട്ടോറിക്ഷയിറക്കി ഇന്‍ഷയെയും കൂട്ടി ആശുപത്രിയിലേക്ക് പാഞ്ഞു. പക്ഷേ മീറ്ററുകള്‍ മാത്രം അപ്പുറമെത്തിയപ്പോഴേക്കും അവരുടെ വാഹനം റോഡില്‍ സുരക്ഷാ സേന തടഞ്ഞു. മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് സൈന്യം വ്യക്തമാക്കി.

‘’എന്നെ കടത്തിവിടണം, അല്ലെങ്കില്‍ ഞാനിപ്പോള്‍ പ്രസവിച്ചുപോകും...’’ ഇത് ഇന്‍ഷ, കശ്മീരിന്റെ നേര്‍മുഖം
‘’ഞാന്‍ എന്റെ അവസ്ഥ അവരോട് പറഞ്ഞു. എനിക്ക് എങ്ങനെയെങ്കിലും ആശുപത്രിയില്‍ എത്തണം. പോകാന്‍ അനുവദിക്കണം. അല്ലെങ്കില്‍ ചിലപ്പോള്‍ ഞാനിവിടെ പ്രസവിച്ചുപോകും.’’ ഇന്‍ഷ കെഞ്ചി.

പക്ഷേ അവളുടെ അപേക്ഷ നിയമത്തിന്റെ കുരുക്കില്‍ ദയയില്ലാതെ നിഷേധിക്കപ്പെട്ടു. വാഹനങ്ങളൊന്നും കടത്തിവിടാന്‍ കഴിയില്ലെന്ന് സുരക്ഷാ സൈന്യം അവരെ അറിയിച്ചു. പക്ഷേ വേറൊരു വഴി സൈന്യം പറഞ്ഞുകൊടുത്തു. വാഹനം മാത്രമെ പ്രശ്നമുള്ളു, ആശുപത്രിയിലേക്ക് നടന്നുപോകാം. പക്ഷേ ഒരടിപോലും മുന്നോട്ടുനടക്കാനാകാത്ത അവസ്ഥയിലായിരുന്നു അവള്‍ അപ്പോള്‍. എന്നാല്‍ തന്റെയുള്ളില്‍ ഈ ഭൂമിയിലേക്ക് വരാന്‍ വെമ്പിനില്‍ക്കുന്ന ജീവനെയോര്‍ത്തപ്പോള്‍ അവള്‍ക്ക് പുതിയൊരു ശക്തി ലഭിച്ചതുപോലെയായിരുന്നു. രണ്ടുംകല്‍പ്പിച്ച് അവര്‍ ആശുപത്രിയിലേക്ക് നടന്നു. ഓരോ അര കിലോമീറ്റര്‍ കഴിയുമ്പോഴും സുരക്ഷാ സേനയുടെ പരിശോധനാകേന്ദ്രങ്ങളില്‍ അവര്‍ തടയപ്പെട്ടുകൊണ്ടിരുന്നു. അവരോടെല്ലാം ഇന്‍ഷക്ക് പറയാനുണ്ടായിരുന്നത്, തന്റെയുള്ളിലെ കുരുന്ന് ജീവനെ കൊലയ്ക്കുകൊടുക്കരുത് എന്നായിരുന്നു. നടന്ന് തളര്‍ന്ന് പോയിട്ടും അവര്‍ക്ക് നേരെ ഒരാളും കരുണയോടെ സഹായഹസ്തം നീട്ടിയില്ല.

ഒടുവില്‍ അവളുടെ മുഴുവന്‍ ഊര്‍ജ്ജവും തളര്‍ന്നുപോയ നിമിഷം, ആശുപത്രിക്ക് അര കിലോമീറ്റര്‍ അകലെ അവള്‍ തളര്‍ന്നു വീണു. അപ്പോഴേക്കും അവര്‍ ആറു കിലോമീറ്റര്‍ നടന്നു കഴിഞ്ഞിരുന്നു. താന്‍ റോഡില്‍ പ്രസവിച്ചുപോകുമെന്ന് അവള്‍ ഉറപ്പിച്ചു. എന്നാല്‍ ഭാഗ്യത്തിന് തൊട്ടടുത്ത് ഒരു സ്വകാര്യ ആശുപത്രിയുണ്ടായിരുന്നു. ഇന്‍ഷയെ ഒരുവിധത്തില്‍ താങ്ങിയെടുത്ത് അമ്മയും സഹോദരിയും ആശുപത്രിയുടെ പടികയറി. ആശുപത്രിയില്‍ എത്തി 15 മിനിറ്റുകൊണ്ട് ഇന്‍ഷ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ ആ മകളെ പുതപ്പിക്കാന്‍ ഒരു തുണി പോലും ആശുപത്രിയിലുണ്ടായിരുന്നില്ല. ''ഞാന്‍ എന്റെ പേരക്കുട്ടിയെ തണുത്ത കൈകളിലേക്ക് വാങ്ങി. എന്റെ സ്കാര്‍ഫ് കൊണ്ട് അവളെ പുതപ്പിച്ചു'' - ഇന്‍ഷയുടെ ഉമ്മ പറയുന്നു. പിന്നെ കുറച്ച് തുണിക്ക് വേണ്ടിയുള്ള ഓട്ടമായിരുന്നു. കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഒരു മണിക്കൂറോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് കുഞ്ഞിനുള്ള കുറച്ച് തുണി സംഘടിപ്പിക്കാന്‍ അവര്‍ക്കായത്. ആശയവിനിമയത്തിനുള്ള സകല മാര്‍ഗങ്ങളും മരവിപ്പിച്ച കശ്മീരില്‍, ഇന്‍ഷയുടെ ഭര്‍ത്താവിനെ താനൊരു പിതാവായെന്ന് അറിയിക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇന്‍ഷയുടെ ഈ അനുഭവം കശ്മീരിന്റെ നേര്‍സാക്ഷ്യമാണ്. സാധാരണക്കാരന്റെ സഞ്ചാരസ്വാതന്ത്ര്യത്തിന് മേല്‍ ഭരണകൂടം കുരുക്കിടുന്നതിന്റെ നേര്‍സാക്ഷ്യം.

കടപ്പാട് : www.thewire.in