LiveTV

Live

National

കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി കുറയ്ക്കുമെന്ന് ആഭ്യന്തര മന്ത്രാലയം

ആരുടെയും ജീവന്‍ നഷ്ടമാകാതിരിക്കാനാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ്

കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി കുറയ്ക്കുമെന്ന് ആഭ്യന്തര മന്ത്രാലയം

ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി കുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആരുടെയും ജീവന്‍ നഷ്ടമാകാതിരിക്കാനാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് വ്യക്തമാക്കി. ജമ്മു കശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയ നടപടി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ യു.എന്‍ സുരക്ഷാ സമിതിക്ക് കത്തയച്ചു. ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യം സംബന്ധിച്ച് സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ ആര്‍.ആര്‍ ഭട്നാഗര്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൌഭയുമായി ചര്‍ച്ച നടത്തി.

സുരക്ഷ സംബന്ധിച്ച് വിശദമായ വിലയിരുത്തല്‍ നടത്തിയ ശേഷം ഘട്ടം ഘട്ടമായി ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങള്‍ക്ക് അയവു വരുത്തുമെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം നടക്കുന്ന ആദ്യ സ്വാതന്ത്ര്യ ദിനാഘോഷം ആയതിനാല്‍ അതീവ സുരക്ഷയാണ് ജമ്മു കശ്മീരില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ നിലവില്‍ അറസ്റ്റിലുള്ള മെഹബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല തുടങ്ങി അറസ്റ്റിലുള്ള നേതാക്കളെ ഉടനെ മോചിപ്പിക്കാനും ഇടയില്ല. ജമ്മു കശ്മീരില്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിയന്ത്രണം വൈകാതെ നീക്കുമെന്നും ജമ്മു കശ്മീര്‍ എ.ഡി.ജി.പി മുനീര്‍ ഖാനും പറഞ്ഞു.

ഇതിനിടെ ജമ്മു കശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയ നടപടി അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്താന്‍ ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിക്ക് കത്തയച്ചു. കത്ത് സുരക്ഷാ സമിതിയിലെ എല്ലാ അംഗങ്ങള്‍ക്കും നല്‍കുമെന്നും വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി വ്യക്തമാക്കി. ഇന്ത്യന്‍ നടപടി നിയമവിരുദ്ധമാണെന്നും ഐക്യരാഷ്ട്രസഭാ പ്രമേയത്തിന് വിരുദ്ധമാണെന്നുമാണ് പാക്കിസ്താന്‍ നിലപാട്. ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനുള്ള ഗവര്‍ണറുടെ ക്ഷണം സ്വീകരിച്ചുവെന്നും താനെന്നാണ് വരേണ്ടതെന്നുമുള്ള ചോദ്യവുമായി രാഹുല്‍ ഗാന്ധി വീണ്ടും രംഗത്തെത്തി.