നടുറോഡില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദിക്കുന്ന പൊലീസുകാരുടെ വീഡിയോ പുറത്ത്
ഇതില്‍ ഒരാള്‍ പൊലീസ് യൂണിഫോമിലും മറ്റു രണ്ടു പേര് മഫ്തിയിലുമായിരുന്നു.
ഛത്തീസ്ഗഡിലെ റായ്പൂരില്‍ പ്രായപൂർത്തിയാകാത്ത കുട്ടിയെ നടുറോഡില്‍ പൊലീസ് ആക്രമിക്കുന്ന വീഡിയോ വൈറലായതിനെത്തുടർന്ന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ആഗസ്റ്റ് 9 നാണ് സംഭവം.
ഒരു പ്ലാസ്റ്റിക് കവറുമായി വരികയായിരുന്ന കുട്ടിയെ തടഞ്ഞുനിര്‍ത്തിയ ശേഷം മൂന്ന് പൊലീസുകാര്‍ മര്‍ദിക്കുകയും സ്വകാര്യഭാഗങ്ങളില്‍ സ്പർശിക്കാൻ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇതില്‍ ഒരാള്‍ പൊലീസ് യൂണിഫോമിലും മറ്റു രണ്ടു പേര് മഫ്തിയിലുമായിരുന്നു. എന്നാല്‍ ഇവരെല്ലാം പൊലീസ് കോൺസ്റ്റബിൾമാരാണെന്ന് പിന്നീട് തിരിച്ചറിഞ്ഞിട്ടുണ്ട്. മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് സംശയിച്ച് രണ്ട് ആൺകുട്ടികളെ ട്രെയിനിൽ നിന്ന് ഓടിച്ചതായും ഇതിലൊരാളെയാണ് റോഡില്‍ വെച്ച് പിടികൂടിയതെന്നും പറയപ്പെടുന്നു. എന്നാല്‍ കുട്ടിയില്‍ നിന്ന് ഫോണോ മറ്റു സാധനങ്ങളോ കണ്ടെടുത്തതായി റിപ്പോര്‍ട്ടില്ല.