LiveTV

Live

National

പ്രിയങ്ക ഗാന്ധി ഇന്ന് സോന്‍ഭദ്ര സന്ദര്‍ശിക്കും

വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തും 

പ്രിയങ്ക ഗാന്ധി ഇന്ന് സോന്‍ഭദ്ര സന്ദര്‍ശിക്കും

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് സോന്‍ഭദ്ര സന്ദര്‍ശിക്കും. രാവിലെ ഡൽഹിയിൽ നിന്നും യാത്ര ആരംഭിച്ച പ്രിയങ്ക ഒന്നരയോടെ ഗ്രാമത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തും.

ജൂലൈ 17നാണ് ഖൊരാവല്‍ ഗ്രാമത്തില്‍ ഭൂമിയുടെ ഉടമസ്ഥതാവകാശം സംബന്ധിച്ച് ഗോന്ദ് ഗോത്രവര്‍ഗക്കാരും ഗ്രാമമുഖ്യന്‍ യഗ്യദത്തയും തമ്മിലുള്ള ഏറ്റുമുട്ടല്‍ വെടിവെപ്പില്‍ കലാശിച്ചത്. 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. 3 ദിവസത്തിന് ശേഷം പ്രിയങ്ക ഗാന്ധി സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയെങ്കിലും ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ ഉത്തർപ്രദേശ് പൊലീസ് തടഞ്ഞു.

പ്രിയങ്ക പ്രദേശത്ത് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടർന്ന് ധർണയിലായിരുന്ന പ്രിയങ്കയെ പൊലീസ് എത്തിച്ച ഗസ്റ്റ് ഹൗസിൽ എത്തിയാണ് കൊല്ലപ്പെട്ടവരുടെ കുടുബാംഗങ്ങൾ കണ്ടത്. അന്ന് ഗ്രാമത്തിൽ എത്തുമെന്ന് പ്രിയങ്ക വാക്ക് നൽകിയിരുന്നു. പ്രിയങ്കയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ക്രമസമാധാനം യോഗി സർക്കാരിന് കീഴിൽ പൂർണമായി തകർന്നു എന്നും ന്യൂനപക്ഷ വിഭാഗങ്ങൾ ഭയത്തോടെയാണ് കഴിയുന്നത് എന്നുമാണ് പ്രിയങ്ക ആരോപിക്കുന്നത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം സഹായ ധനമായി കോണ്‍ഗ്രസ് കൈമാറിയിട്ടുണ്ട്.