LiveTV

Live

National

ദുരന്തമുഖത്ത് നിന്നും ചിരിച്ചുകൊണ്ട് ബി.ജെ.പി മന്ത്രിയുടെ സെല്‍ഫി; വിവാദമായപ്പോള്‍ മന്ത്രിയുടെ ‘നീന്തല്‍’വീഡിയോ പുറത്തുവിട്ട് പാര്‍ട്ടി

വെള്ളപ്പൊക്കം രൂക്ഷമായ സാംഗ്ലി ജില്ലയില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഗിരിഷ് മഹാജന്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന സെല്‍ഫിയും വീഡിയോയുമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 

 ദുരന്തമുഖത്ത് നിന്നും ചിരിച്ചുകൊണ്ട് ബി.ജെ.പി മന്ത്രിയുടെ സെല്‍ഫി; വിവാദമായപ്പോള്‍ മന്ത്രിയുടെ ‘നീന്തല്‍’വീഡിയോ പുറത്തുവിട്ട് പാര്‍ട്ടി

പ്രളയക്കെടുതിയില്‍ വലയുന്ന മഹാരാഷ്ട്രയിലെ ഗ്രാമത്തില്‍ നിന്നും ചിരിച്ചുകൊണ്ട് സെല്‍ഫിയെടുത്ത് അത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ബി.ജെ.പി മന്ത്രി ഗിരീഷ് മഹാജന് രൂക്ഷ വിമര്‍ശനം. വെള്ളപ്പൊക്കം രൂക്ഷമായ സാംഗ്ലി ജില്ലയില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഗിരിഷ് മഹാജന്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന സെല്‍ഫിയും വീഡിയോയുമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. എന്നാല്‍ വീഡിയോയും ചിത്രവും വ്യാപകമായ വിമര്‍ശനത്തിനാണ് ഇടയാക്കിയത്. ആളുകള്‍ മഴക്കെടുതിയില്‍ ബുദ്ധിമുട്ടുമ്പോള്‍ ചിരിക്കുന്ന മന്ത്രിയെ സോഷ്യല്‍ മീഡിയ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

ഒടുവില്‍ വിമര്‍ശനം കടുത്തപ്പോള്‍ മന്ത്രിയുടെ സാഹസിക രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ ബി.ജെ.പി ഔദ്യോഗിക ട്വിറ്ററിലൂടെ പുറത്തുവിട്ടു. പ്രളയബാധിത പ്രദേശങ്ങളിലൂടെ രക്ഷാപ്രവര്‍ത്തകരോടൊപ്പം കഴുത്തൊപ്പം വെള്ളത്തില്‍ നീന്തുന്ന വീഡിയോയാണ് അടിക്കുറിപ്പോടെ പുറത്തുവിട്ടത്. ഇങ്ങനെയാണ് ബി.ജെ.പി എല്ലാവരുടെയും വിശ്വാസം നേടിയെടുക്കുന്നതെന്നായിരുന്നു അടിക്കുറിപ്പ്. വീഡിയോ വ്യക്തമല്ലെങ്കിലും ചുവന്ന മാര്‍ക്ക് ചെയ്ത വട്ടത്തിനുള്ളിലൂടെ മന്ത്രിയാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.ഫഡ്നാവിസ് മന്ത്രിസഭയിലെ ജലവിഭവ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് ഗിരീഷ് മഹാജന്‍. ജാംനര്‍ നിയോജക മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി അഞ്ച് തവണ നിയമസഭയിലെത്തിയ വ്യക്തി കൂടിയാണ് മഹാജന്‍.

ശനിയാഴ്ചയാണ് മഹാജന്‍ സാംഗ്ലി സന്ദര്‍ശിക്കുന്നത്. ബോട്ടിലൂടെയായിരുന്നു ഗിരീഷ് മഹാജന്റെ സന്ദര്‍ശനം. മഹാരാഷ്ട്രയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 28 പേരാണ് മരിച്ചത്. അഞ്ച് ജില്ലകളിലായി രണ്ട് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു.