LiveTV

Live

National

‘രണ്ട് ദിവസം വെള്ളത്തില്‍ കഴിഞ്ഞവര്‍ക്ക് മാത്രം സര്‍ക്കാര്‍ സഹായം’; മഹാരാഷ്ട്ര ബി.ജെ.പി സര്‍ക്കാരിന്റെ പ്രളയ സഹായം വിവാദത്തില്‍

‘രണ്ട് ദിവസം വെള്ളത്തില്‍ കഴിഞ്ഞവര്‍ക്ക് മാത്രം സര്‍ക്കാര്‍ സഹായം’; മഹാരാഷ്ട്ര ബി.ജെ.പി സര്‍ക്കാരിന്റെ പ്രളയ സഹായം വിവാദത്തില്‍

രണ്ട് ദിവസം പ്രളയജലത്തില്‍ കഴിഞ്ഞവര്‍ക്ക് മാത്രമേ സര്‍ക്കാര്‍ സഹായം നല്‍കുകയുള്ളു എന്ന മഹാരാഷ്ട്ര ബി.ജെ.പി സര്‍ക്കാരിന്റെ വാദം വിവാദത്തില്‍. സംസ്ഥാനം അതിഭീകരമായ പ്രളയം ഏറ്റുവാങ്ങിയ സന്ദര്‍ഭത്തിലാണ് പ്രളയത്തിലെ ഇരകള്‍ക്കുള്ള സഹായം നല്‍കുന്നതിന് പരിധി നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ കുറിപ്പ് പുറത്തുവരുന്നത്. ഇത്തരത്തില്‍ പ്രളയത്തില്‍ രണ്ട് ദിവസം വെള്ളത്തില്‍ കഴിഞ്ഞവര്‍ക്ക് മാത്രമേ സര്‍ക്കാരില്‍ നിന്നുള്ള ഭക്ഷണവും സാമ്പത്തികവുമായ സഹായം ലഭിക്കുകയുള്ളു.

അതെ സമയം ബി.ജെ.പി സര്‍ക്കാരിന്റെ പുതിയ പ്രളയ സഹായ മാനദണ്ഡത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു. ജനങ്ങള്‍ക്കെതിരായ ‘ക്രൂരമായ തമാശ’യെന്നാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനത്തെ വിശേഷിപ്പിച്ചത്. ആഗസ്റ്റ് എട്ടിന് ബി.ജെ.പി സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ തീരമാനത്തിലൂടെ രണ്ട് ദിവസം പ്രളയത്തില്‍ മുങ്ങികിടക്കുന്ന പ്രദേശത്തും മുഴുവനായി വീട് ഒലിച്ചുപോയവര്‍ക്കുമാണ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം അനുവദിക്കുന്നത്. ദേവേന്ദ്ര ഫട്നാവിസ് സര്‍ക്കാര്‍ പുതിയ തീരുമാനം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങളായ വസ്ത്രങ്ങള്‍ക്കും വീട്ടുസാധനങ്ങള്‍ വാങ്ങുന്നതിനും 7500 രൂപയും ഗ്രാമങ്ങളി‍ല്‍ താമസിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി കുടുംബത്തിന് വീട്ടാവശ്യത്തിനും വസ്ത്രങ്ങള്‍ക്കും 5000 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. 10 കിലോ അരിയും 10 കിലോ ഗോതമ്പുമാണ് സര്‍ക്കാര്‍ സാമ്പത്തിക സഹായത്തിന് നല്‍കുന്നത്.

സര്‍ക്കാരിന്റെ പുതിയ തീരുമാനം ജനങ്ങളുടെ കഷ്ടപ്പാടുകളോടുള്ള പരിഹാസമെന്നാണ് കോണ്‍ഗ്രസ് നേതാവ് നാന പട്ടോള്‍ പറഞ്ഞത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ‘മഹാ ജനദേശ് യാത്ര’യുടെ തിരക്കിലാണെന്നും നാന പട്ടോള്‍ പറഞ്ഞു. സംസ്ഥാനത്ത് നാല് ലക്ഷം പേരാണ് പ്രളയം കാരണം സ്വന്തം വീട് വിട്ട് സുരക്ഷിത ക്യാമ്പുകളില്‍ ഇടം പിടിച്ചത്. പടിഞ്ഞാറന്‍ മഹാരാഷ്ട്രയുടെ ഭാഗത്തുള്ള നാല് ജില്ലകളിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ പ്രളയം ആഞ്ഞടിച്ചത്.