LiveTV

Live

National

പുഴയും കരയും തിരിച്ചറിയാതെ പകച്ചു നിന്ന ആംബുലന്‍സ് ഡ്രൈവര്‍ക്ക് വഴികാണിച്ച് മുന്നിലോടി ബാലന്‍

നന്ദിയോടെ അവനെ നോക്കി ആംബുലന്‍സ് ഡ്രൈവറും കൂടെയുളളവരും അവിടം കടന്നുപോയി. 

പുഴയും കരയും തിരിച്ചറിയാതെ പകച്ചു നിന്ന ആംബുലന്‍സ് ഡ്രൈവര്‍ക്ക് വഴികാണിച്ച് മുന്നിലോടി ബാലന്‍

പുഴ കര കവിഞ്ഞൊഴുകിയപ്പോള്‍ കരയേത്, പുഴയേതെന്ന് തിരിച്ചറിയാനാവാതെ പാലത്തില്‍ കുടുങ്ങിയ ആംബുലന്‍സ് ഡ്രൈവര്‍ക്ക് വഴികാട്ടിയായ ബാലന്റെ ധീരതയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ. കര്‍ണാടകയില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ന്യൂ ഇന്ത്യന്‍ എക്സ്‍പ്രസ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ സംഭവത്തിന്റെ വീഡിയോ അടക്കം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കര്‍ണാടകയിലെ കൃഷ്ണ നദിക്ക് സമീപം ദേവദുര്‍ഗ - യാദ്‍ഗിര്‍ റോഡിലേക്ക് കൃഷ്ണ നദിയിലെ വെള്ളം പ്രളയസമാനമായ രീതിയില്‍ കയറിയതോടെയാണ് ആ വഴിക്ക് എത്തിയ ആംബുലന്‍സ് കുടുങ്ങിയത്. വെള്ളക്കെട്ട് രൂക്ഷമായതോടെ വഴി മനസിലാകാതെ കുഴങ്ങിയ ആംബുലന്‍സ് ഡ്രൈവര്‍ക്ക് തുണയായത് പ്രദേശവാസിയായ ഒരു ബാലനാണ്. ആംബുലന്‍സിന് മുന്നില്‍ അവന്‍ വഴികാട്ടിയായി ഓടി. അതും അരയ്ക്ക് മുകളില്‍ ഉയര്‍ന്ന വെള്ളത്തിലൂടെ. കഷ്ടപ്പെട്ട് ഓടിയും ഇടക്ക് വഴുതി വീണും അവന്‍ ആംബുലന്‍സിന് വഴികാണിച്ചു. ഓടി കരയ്ക്ക് എത്തിയപ്പോഴേക്കും ഒരാള്‍ കുട്ടിയെ കൈപിടിച്ച് കൂട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. നന്ദിയോടെ അവനെ നോക്കി ആംബുലന്‍സ് ഡ്രൈവറും കൂടെയുളളവരും അവിടം കടന്നുപോയി. ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ ഒട്ടേറെ പേരാണ് ബാലനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.