LiveTV

Live

National

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് പരിസമാപ്തി

ജമ്മുകശ്മീര്‍ പ്രമേയവും വിഭജന ബില്ലും പാസാക്കിയതിന് പിന്നാലെ ലോക്സഭ ഇന്നലെ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞിരുന്നു

 രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് പരിസമാപ്തി

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് പരിസമാപ്തി. ഇന്ന് രാജ്യസഭ മാത്രമാണ് ചേരുക. ജമ്മുകശ്മീര്‍ പ്രമേയവും വിഭജന ബില്ലും പാസാക്കിയതിന് പിന്നാലെ ലോക്സഭ ഇന്നലെ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞിരുന്നു.

രാജ്യസഭയില്‍ ഇന്ന് ശൂന്യവേള ഒഴിച്ചുള്ള നടപടികള്‍ മാത്രമാണുണ്ടാവുക. പൊതുവിടങ്ങളിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള നിയമ ഭേദഗതി ബില്‍ പാസാക്കാനായി അവതരിപ്പിച്ചേക്കും. 17 ആം ലോക്സഭയുടെ ആദ്യ സമ്മേളനമാണ് ഇന്നലെ കഴിഞ്ഞത്. ജൂണ്‍ 17ന് ആരംഭിച്ച സമ്മേളനം ദൈര്‍ഘ്യം കൊണ്ടും നടപടികളുടെ പേരിലും പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തി. 37 സിറ്റിംഗുകളിലായി ആകെ 280 മണിക്കൂര്‍ പിന്നിട്ടു സമ്മേളനം‍. 182 ചോദ്യോത്തരങ്ങള്‍. പുതിയ അംഗങ്ങളില്‍ ഭൂരിഭാഗം ആളുകള്‍ക്കും സംസാരിക്കാനുള്ള അവസരം ലഭിച്ചു. എന്നാല്‍ നിരവധി നിര്‍ണ്ണായക ബില്ലുകള്‍ പാര്‍ലമെന്റ് കീഴ്വക്കങ്ങള്‍ അട്ടിമറിച്ച് അവതരിപ്പിക്കുന്നതിനും തിടുക്കത്തില്‍ പാസാക്കിയെടുക്കുന്നതിനും ഇരുസഭകളും സാക്ഷ്യം വഹിച്ചു.

ജമ്മുകശ്മീര്‍ വിഭജന ബില്‍ അടക്കം തന്ത്രപ്രധാന ബില്ലുകള്‍ പ്രതിപക്ഷത്തെ മുന്‍കൂട്ടി അറിയിക്കാതെയാണ് അവതരിപ്പിച്ചത്. എന്‍.ഐ.എ , യു.എ.പി.എ നിയമ ഭേദഗതികള്‍ പാര്‍ലമെന്ററി സമിതികള്‍ക്ക് വിശദ പഠനത്തിന് വിടണമെന്ന ആവശ്യവും സര്‍ക്കാര്‍ തള്ളി. ഇതുസംബന്ധിച്ച പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇരു സഭകളിലും കൃത്യമായ മറുപടി നല്‍കാനും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.