LiveTV

Live

National

‘മന്‍കി ബാത്തി’ലൂടെ മോദി പ്രശംസിച്ച മുരളീന്ദര്‍ റാവത്തും 5 കര്‍ഷകരും കലക്ടറുടെ ചേമ്പറില്‍ ആത്മഹത്യക്ക് ശ്രമിച്ചു

നോട്ട് നിരോധന സമയത്ത് ബലാപൂരിലുള്ള തന്റെ ഹോട്ടലില്‍ വരുന്ന പണമില്ലാത്തവര്‍ക്കും ഭക്ഷണം നല്‍കിയ റാവത്തിന്റെ നടപടി വാര്‍ത്തയായിരുന്നു

‘മന്‍കി ബാത്തി’ലൂടെ മോദി പ്രശംസിച്ച മുരളീന്ദര്‍ റാവത്തും 5 കര്‍ഷകരും കലക്ടറുടെ ചേമ്പറില്‍ ആത്മഹത്യക്ക് ശ്രമിച്ചു

മന്‍കി ബാത്ത് എന്ന പരിപാടിയിലൂടെ പ്രധാനമന്ത്രി പ്രശംസിച്ച മുരളീന്ദര്‍ റാവത്ത് അടക്കം അഞ്ച് കര്‍ഷകര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ജില്ലാ കലക്ടര്‍ക്ക് മുന്നിലായിരുന്നു വിഷം കഴിച്ച് കര്‍ഷകര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ദേശിയ പാത വീതി കൂട്ടുന്നതിന്റെ ഭാഗമായി റാവത്തിന്റേതടക്കം നിരവധിയാളുകളുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. അതോടെ അദ്ദേഹത്തിന് ആകെയുണ്ടായിരുന്ന മറാത്ത എന്ന ഹോട്ടലും നഷ്ടമാവുകയുണ്ടായി.

നഷ്ടപരിഹാരയിനത്തില്‍ കോടികള്‍ ബി.ജെ.പി, കോണ്‍ഗ്രസ് അനുഭാവികള്‍ക്ക് സര്‍ക്കാര്‍ കൊടുത്തുവെന്നും, എന്നാല്‍ റാവത്തിനെ പോലുള്ള ഏതാനും പേര്‍‌ക്ക് വളരെ കുറഞ്ഞ തുക മാത്രമാണ് നഷ്ടപരിഹാരമായി ലഭിച്ചതെന്നും ആരോപിച്ചാണ് കര്‍ഷകര്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

ദേശീയ പാതയുടെ ഇരു വശങ്ങളിലുമുള്ള പാര്‍ട്ടി അനുഭാവികള്‍ക്ക് ഏക്കറിന് കോടികള്‍ നല്‍കിയെന്നും എന്നാല്‍ തങ്ങള്‍‌ക്ക് വെറും തുച്ഛമായ തുക മാത്രമാണ് നല്‍കിയതെന്നാരോപിച്ച് കലക്ടര്‍ നരേന്ദ്ര ലോങ്കറുടെ ചേമ്പറിലെത്തുകയും തങ്ങളുടെ പ്രശ്നങ്ങള്‍ പറയുകയും ചെയ്തു. ഏറെ നേരത്തെ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ നേരത്തെ കയ്യില്‍ കരുതിയ വിഷം കര്‍ഷകര്‍ കുടിക്കുകയായിരുന്നു. 2018 ലാണ് നഷ്ട പരിഹാര തുക പാസായത്.

സെന്റിന് 6.5 ലക്ഷം രൂപയാണ് മുഹമ്മദ് ജമീല്‍ എന്ന് പേരുള്ള ഒരു കോണ്‍ഗ്രസ് നേതാവിന് ലഭിച്ചത്. അതായത് ഏക്കറിന് 2.5 കോടി രൂപ. എന്നാല്‍ ഇതേ നിരയില്‍ മീറ്ററുകള്‍ മാത്രം അപ്പുറത്തുള്ള സ്ഥലത്തിന് സെന്റിന് 2,300 മുതല്‍ 2,400 രൂപ മാത്രമാണ് റാവത്തിനും സുഹൃത്തുക്കള്‍ക്കും ലഭിച്ചത്. നിലവില്‍ 19 ലക്ഷം രൂപയാണ് റാവത്തിന് ലഭിച്ചിട്ടുള്ളത്. എന്നാല്‍ ഇത്രയും സ്ഥലത്തിന് ഈ തുക മതിയാകില്ലെന്നും ഏകദേശം രണ്ടര കോടി രൂപയെങ്കിലും ലഭിക്കണമെന്നുമാണ് ഇദ്ദേഹം പറയുന്നത്.

പ്രശ്നത്തില്‍ ബി.ജെ.പി സര്‍ക്കാറിനെ നിശിതമായി വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍, മുഖ്യമന്ത്രി ആശുപത്രയിലെത്തി കര്‍ഷകരെ സന്ദര്‍ശിക്കണമെന്നും അവര്‍ക്ക് അനിവാര്യമായ നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

നോട്ട് നിരോധന സമയത്ത് ബലാപൂരിലുള്ള തന്റെ ഹോട്ടലില്‍ വരുന്ന പണമില്ലാത്തവര്‍ക്കും ഭക്ഷണം നല്‍കിയ റാവത്തിന്റെ നടപടി വാര്‍ത്തയായിരുന്നു. ഇതറിഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍കി ബാത്ത് പരിപാടിയില്‍ അദ്ദേഹത്തെ പ്രശംസിച്ചത്.