LiveTV

Live

National

ഇസ്‌ലാമിലെ മരുമക്കത്തായത്തെ കുറിച്ച് പഠിക്കാന്‍ മലയാളി ഗവേഷകന് രണ്ട് കോടിയുടെ ഗ്രാന്റ്

മരുമക്കത്തായം ഇസ്ലാമിക വിരുദ്ധമാണെന്ന് അക്കാദമികവും പരിഷ്‌കരണവാദപരവുമായ പഠനങ്ങളിൽ മിക്കതും പറയുന്നുണ്ടെങ്കിലും യാഥാർത്ഥ്യം നേരെ തിരിച്ചാണെന്ന് ഡോ. മഹ്‍മൂദ്

ഇസ്‌ലാമിലെ മരുമക്കത്തായത്തെ കുറിച്ച് പഠിക്കാന്‍ മലയാളി ഗവേഷകന് രണ്ട് കോടിയുടെ ഗ്രാന്റ്

മലയാളി ഗവേഷകൻ ഡോ. മഹ്‍മൂദ് കൂരിയയ്ക്ക് നെതർലൻഡ്‌സിൽ 2,50,000 യൂറോയുടെ (രണ്ടു കോടി രൂപ) 'വെനി' റിസർച്ച് ഗ്രാൻഡ്. 'മരുമക്കത്തായ ഇസ്‌ലാം: ഇന്ത്യാസമുദ്ര ലോകത്തിൽ ശരീഅത്തിന്റെ ലിംഗസമത്വം' (Matriarchal Islam: Gendering Sharia in the Indian Ocean World) എന്ന പ്രൊജക്ടിനാണ് നെതർലന്റ്‌സ് ഗവൺമെന്റിനു കീഴിലുള്ള ഓർഗനൈസേഷൻ ഫോർ സയന്റിഫിക് റിസർച്ചിന്റെ (എൻ.ഡബ്ല്യു.ഒ) ഗ്രാൻഡ് ലഭിച്ചിരിക്കുന്നത്. മരുമക്കത്തായം അനുഷ്ഠിച്ചു പോരുന്ന വിവിധ മുസ്ലിം സമൂഹങ്ങളെക്കുറിച്ച് അടുത്ത നാലു വർഷങ്ങളിൽ ഡോ. മഹ്‍മൂദ് കൂരിയ ഗവേഷണം നടത്തും.

വിവിധ രാജ്യങ്ങളിലെ മുസ്ലിം സമൂഹങ്ങളിൽ നിലനിൽക്കുന്ന മരുമക്കത്ത സമ്പ്രദായങ്ങളെക്കുറിച്ചും അതിന്റെ രീതിശാസ്ത്രങ്ങളുമാണ് ഡോ. മഹ്‍മൂദിന്റെ ഗവേഷണ പരിധിയിൽ വരിക. മരുമക്കത്തായം ഇസ്ലാമിക വിരുദ്ധമാണെന്ന് അക്കാദമികവും പരിഷ്‌കരണവാദപരവുമായ പഠനങ്ങളിൽ മിക്കതും പറയുന്നുണ്ടെങ്കിലും യാഥാർത്ഥ്യം നേരെ തിരിച്ചാണെന്ന് അദ്ദേഹം പറയുന്നു.

'മരുമക്കത്ത സമ്പ്രദായം അനുഷ്ഠിക്കുന്നവർ അതിന്റെ ഇസ്ലാമികവശം ചൂണ്ടിക്കാണിക്കാറുണ്ടെങ്കിലും ആരും മുഖവിലക്കെടുക്കാറില്ല. ഈ സമ്പ്രദായം കേരള മുസ്ലിംകൾക്കിടയിൽ മാത്രമാണ് നിലനിൽക്കുന്നത് എന്ന തെറ്റിദ്ധാരണയും നിലവിലുണ്ട്. ഇന്തൊനോഷ്യ, മലേഷ്യ, ശ്രീലങ്ക, മൊസംബിക്, കൊമോറോസ് തുടങ്ങി, പഠനത്തിന്റെ ഭാഗമായി ഞാൻ സന്ദർശിച്ച എട്ടോളം രാജ്യങ്ങളിൽ മുസ്ലിം സമുദായം ഈ രീതി അനുഷ്ഠിച്ചു പോരുന്നുണ്ട്. ഇത്തരം സമൂഹങ്ങളിൽ മരുമക്കത്തായം എങ്ങനെയാണ് നിലനിൽക്കുന്നതെന്നും മുസ്ലിം സമൂഹത്തിന്റെ ലിംഗസമത്വപരമായ വശങ്ങളിലേക്ക് അത് എപ്രകാരം വെളിച്ചം വീശുന്നുവെന്നുമുള്ള കാര്യങ്ങളാണ് ഈ പഠനത്തിന്റെ ലക്ഷ്യം.' - ഡോ. മഹ്‍മൂദ് മീഡിയ വണ്ണിനോട് പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്‍ലിം സമൂഹങ്ങളില്‍  മരുമക്കത്തായം എങ്ങനെയാണ്‌ നിൽക്കുന്നതെന്നും മുസ്ലിം സമൂഹത്തിന്റെ ലിംഗസമത്വപരമായ വശങ്ങളിലേക്ക് അത് എപ്രകാരം വെളിച്ചം വീശുന്നുവെന്നുമുള്ള കാര്യങ്ങളാണ് പഠനത്തിന്റെ ലക്ഷ്യം.
ഡോ. മഹ്‍മൂദ് കൂരിയ

ഇസ്‌ലാം മതവും മുസ്ലിം സമുദായവും, അനുഷ്ഠാനപരവും സാമൂഹികവുമായി സാമൂഹികമായും സ്ത്രീകൾക്കെതിരെ വിവേചനം പുലർത്തുന്നുവെന്ന പൊതുബോധം തിരുത്താൻ മരുമക്കത്തായത്തെക്കുറിച്ചുള്ള വിശദപഠനം സഹായകമാകുമെന്ന് ഡോ. മഹ്‍മൂദ് പറഞ്ഞു. മുസ്ലിം സമുദായത്തിൽ മാത്രമല്ല, ലിംഗസമത്വം സംബന്ധിച്ച് ലോകത്ത് നടക്കുന്ന മറ്റു പഠനങ്ങൾക്കും ഇത് ശക്തിപകരും. ഈ വിഷയത്തിൽ പ്രാഥമിക പഠനം നടത്താൻ അമേരിക്കയിലെ സോഷ്യൽ സയൻസ് റിസർച്ച് കൗൺസിൽ ഒന്നര വർഷം മുമ്പ് 42500 ഡോളർ (30 ലക്ഷം രൂപ) ഗ്രാന്റ് അനുവദിച്ചിരുന്നു. ഈ മേഖലയില്‍ കൂടുതൽ പഠനം നടക്കേണ്ടതിന്റെ ആവശ്യകത എൻ.ഡബ്ല്യു.ഒയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതോടെയാണ് പുതിയ ഗ്രാന്റ് അനുവദിക്കപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നെതർലന്റ്‌സിലെ ഹേഗ്, ഉത്രക്ട് നഗരങ്ങളിൽ ആസ്ഥാനങ്ങളുള്ള എൻ.ഡബ്ല്യു.ഒ ഇതുവരെ 25 യുവഗവേഷകർക്കാണ് വെനി ഗ്രാൻഡ് നൽകിയിട്ടുള്ളത്. ഗവേഷണ ബിരുദം പൂർത്തിയാക്കിയവർക്കാണ് വർഷം തോറുമുള്ള ഗ്രാന്റിന് അപേക്ഷിക്കാനാവുക.

യൂസസ് ഓഫ് ദ പാസ്റ്റ്; അണ്ടർസ്റ്റാൻഡിങ് ശരീഅ എന്ന, നാല് യൂറോപ്യൻ സർവകലാശാലകൾ സഹകരിക്കുന്ന ഹെറ പദ്ധതിക്ക് കീഴിൽ പോസ്റ്റ് ഡോക്ടറൽ ഫെലോയാണ് മലപ്പുറം ജില്ലയിലെ പനങ്ങാങ്ങര സ്വദേശിയായ ഡോ. മഹ്‍മൂദ് കൂരിയ. നേരത്തെ, ലെയ്ഡനിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഏഷ്യൻ സ്റ്റഡീസിലും ആഫ്രിക്കൻ സ്റ്റഡീസിലും റിസർച്ച് ഫെലോ ആയിരുന്നു.

ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയ ഡോ. മഹ്‍മൂദ് ലെയ്ഡൻ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹിസ്റ്ററിയിൽ നിന്ന് പി.എച്ച്.ഡിയും നേടി. ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ച Malabar in the Indian Ocean World: Cosmopolitanism in a Maritime Historical Region ആണ് അവസാനമായി പുറത്തിറങ്ങിയ പുസ്തകം.

പെരിന്തൽമണ്ണ പനങ്ങാങ്ങര സ്വദേശിയായ മഹ്മൂദ്, മൈമൂനത്തിന്റേയും പരേതനായ കുഞ്ഞിമൊയ്ദീൻ മുസ്ലിയാരുടേയും മകനായ മഹ്‍മൂദ് ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക്ക് അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥിയാണ്.