LiveTV

Live

National

ബന്ധം വഷളാകുന്നു; ഇന്ത്യന്‍ സ്ഥാനപതിയെ പാകിസ്താന്‍ പുറത്താക്കി

സെപ്തംബർ 5 വരെ വ്യോമപാതയും പാകിസ്താൻ ഭാഗികമായി അടച്ചിട്ടുണ്ട്.

ബന്ധം വഷളാകുന്നു; ഇന്ത്യന്‍ സ്ഥാനപതിയെ പാകിസ്താന്‍ പുറത്താക്കി

കശ്മീർ ബിൽ പാർലമെന്റ് പാസാക്കിയതിന് പിറകെ ഇന്ത്യ - പാക്കിസ്ഥാന്‍ ബന്ധം വഷളാകുന്നു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധവും വ്യാപാരബന്ധവും നിര്‍ത്തിവെക്കുമെന്ന് പാകിസ്താന്‍ അറിയിച്ചു. ദേശീയ സുരക്ഷാ സമിതിയിലാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇക്കാര്യം അറിയിച്ചത്. അതിനിടെ, ഇന്ത്യന്‍ സ്ഥാനപതിയെ പാകിസ്താന്‍ പുറത്താക്കി.

സെപ്തംബർ 5 വരെ വ്യോമപാതയും പാകിസ്താൻ ഭാഗികമായി അടച്ചിട്ടുണ്ട്. കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കുമെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു. പാകിസ്താൻ സംയുക്ത പാർലമെന്റ് സെഷനിൽ ഇന്ത്യയുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും നിർത്തി വെക്കണമെന്ന് മറ്റ് മന്ത്രിമാരും ആവശ്യപ്പെട്ടു.

ഇന്ത്യൻ പ്രിതിനിധി എന്തിനാണ് പാകിസ്താനിൽ കഴിയുന്നതെന്നും, പാകിസ്താൻ പ്രതിനിധി ഇന്ത്യയിൽ എന്താണ് ചെയ്യുന്നതെന്നും പാക് കേന്ദ്ര മന്ത്രി ഫവാദ് ചൗധരിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. കശ്മീരിനെ മറ്റൊരു ഫലസ്തീൻ ആക്കിമാറ്റാനുള്ള ശ്രമം തടയണമെന്നും ചൗധരി പറഞ്ഞു. ഇന്ത്യയിലേക്ക് ഇനി പ്രതിനിധിയെ അയക്കേണ്ടതില്ലെന്നാണ് പാകിസ്താന്‍റെ തീരുമാനം.

പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് ഫെബ്രുവരിയിൽ അടച്ച വ്യോമപാത കഴിഞ്ഞ മാസമാണ് പാകിസ്താൻ തുറന്നത്. എന്നാൽ കശ്മീർ വിഷയത്തിന്റെ പശ്ചാതലത്തിൽ വീണ്ടും വ്യോമപാത താത്ക്കാലികമായി അടക്കുകയായിരുന്നു.