LiveTV

Live

National

അമിത്ഷാ പറഞ്ഞത് കള്ളം, വീട്ടു തടങ്കലിലെന്ന് ഫറൂഖ് അബ്ദുള്ള

ജമ്മു കശ്മീര്‍ ബില്ലിന്റെ ചര്‍ച്ചക്കിടെ ലോക്‌സഭയില്‍ വെച്ചായിരുന്നു ഫറൂഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്യുകയോ തടവിലാക്കുകയോ ചെയ്തിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞത്.

അമിത്ഷാ പറഞ്ഞത് കള്ളം, വീട്ടു തടങ്കലിലെന്ന് ഫറൂഖ് അബ്ദുള്ള

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത് കള്ളമാണെന്നും താന്‍ വീട്ടു തടങ്കലിലാണെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള. 'എന്നെ വീട്ടില്‍ തടവിലാക്കിയിരിക്കുകയാണ്. ആഭ്യന്തരമന്ത്രി ഇങ്ങനെ നുണപറയുന്നതില്‍ വിഷമമുണ്ട്' എന്നായിരുന്നു 81കാരനായ ഫറൂഖ് അബ്ദുള്ളയുടെ പ്രതികരണം.

ജമ്മു കശ്മീര്‍ ബില്ലിന്റെ ചര്‍ച്ചക്കിടെ ലോക്‌സഭയില്‍ വെച്ചായിരുന്നു ഫറൂഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്യുകയോ തടവിലാക്കുകയോ ചെയ്തിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞത്. ഫറൂഖ് അബ്ദുള്ളയുടെ പാര്‍ലമെന്റിലെ അസാന്നിധ്യത്തെ ചൂണ്ടിക്കാണിച്ച നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് സുപ്രിയ സുലേക്കുള്ള മറുപടിയിലായിരുന്നു അമിത്ഷായുടെ പ്രതികരണം. സ്വന്തം ഇഷ്ടപ്രകാരമാണ് ഫറൂഖ് അബ്ദുള്ള വീട്ടില്‍ കഴിയുന്നതെന്നും അമിത് ഷാ പറഞ്ഞിരുന്നു.

'സഹോദരങ്ങളെ തടവിലാക്കുകയും നാട് കത്തിയെരിയുകയും ചെയ്യുമ്പോള്‍ എനിക്കെങ്ങനെ സ്വന്തം ഇഷ്ടപ്രകാരം വീട്ടില്‍ കഴിയാനാകും? ഞാന്‍ വിശ്വസിക്കുന്ന ഇന്ത്യ ഇങ്ങനെയല്ല' എന്നായിരുന്നു ഫറൂഖ് അബ്ദുള്ളയുടെ പ്രതികരണം. തന്റെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെ ഏതെല്ലാം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജോലി പോകുമെന്ന് കണ്ടറിയണമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.

'വാതിലുകള്‍ തുറക്കുന്ന മുറക്ക് ഞങ്ങള്‍ പുറത്തിറങ്ങുകയും പോരാടുകയും ചെയ്യും. കോടതി വഴിയായിരിക്കും പോരാട്ടം നടക്കുക. ഞങ്ങളാരും തോക്കെടുക്കുന്നവരോ ഗ്രെനേഡ് എറിയുന്നവരോ കല്ലെറിയുന്നവരോ അല്ല. സമാധാനപരമായ പരിഹാരങ്ങളിലാണ് വിശ്വാസം. അവര്‍ ഞങ്ങളെ വധിക്കാനാണ് ശ്രമിക്കുന്നത്. എന്റെ മകന്‍ ഒമര്‍ അബ്ദുള്ള ജയിലിലാണ്' എന്നായിരുന്നു വികാരനിര്‍ഭരമായി ഫറൂഖ് അബ്ദുള്ളയുടെ പ്രതികരണം.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും രണ്ടായി വിഭജിക്കുകയും ചെയ്യാനുള്ള തീരുമാനത്തിന് മുന്നോടിയായി സംസ്ഥാനത്തെ പ്രധാന നേതാക്കളെ വീട്ടു തടങ്കലിലാക്കിയിരുന്നു. മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയേയും ഒമര്‍ അബ്ദുള്ളയേയും വീട്ടു തടങ്കലിലാക്കുകയും ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇവരെ എപ്പോള്‍ പുറത്തുവിടുമെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഇപ്പോഴും വിവരം നല്‍കിയിട്ടില്ല.