LiveTV

Live

National

ലോക്സഭയും കടന്ന് ജമ്മു കശ്മീര്‍ വിഭജനം

പ്രതിപക്ഷ പ്രതിഷേധം കടന്ന് രാജ്യസഭയില്‍ ജമ്മു കശ്മീര്‍ പ്രമേയവും സംസ്ഥാന പുനസംഘടനാ ബില്ലും നേരത്തെ സര്‍ക്കാര്‍ പാസാക്കിയിരുന്നു

ലോക്സഭയും കടന്ന് ജമ്മു കശ്മീര്‍ വിഭജനം

ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ലോക്സഭയും റദ്ദാക്കി. 72നെതിരെ 351 വോട്ടുകള്‍ക്കാണ് വിഭജന ബില്‍ ലോക്സഭ പാസാക്കിയത്. ഇതിന് പുറമെ ജമ്മു കശ്മീര്‍ പുനസംഘടനാ ബില്ലും സഭ പാസാക്കി. 66നെതിരെ 366 വോട്ടുകള്‍ക്കാണ് പുനസംഘടനാ ബില്‍ പാസായത്.

കശ്മീരിനെ ഇന്ത്യയിൽ നിന്ന് അകറ്റിയത് 370-ാം വകുപ്പാണെന്ന് അമിത് ഷാ സഭയില്‍ പറഞ്ഞു. വോട്ട് ബാങ്ക് ലക്ഷ്യമാക്കിയല്ല, രാജ്യരക്ഷയെ മുന്‍ നിര്‍ത്തിയാണ് നിയമനിര്‍മാണം നടത്തിയതെന്ന് പറഞ്ഞ അമിത് ഷാ ഹുറിയത്തിനെ ഒരിക്കലും പരിഗണിക്കുന്നതല്ലെന്നും സഭയില്‍ പറഞ്ഞു.

ലോക്സഭയും കടന്ന് ജമ്മു കശ്മീര്‍ വിഭജനം

ചര്‍ച്ചക്ക് തുടക്കമിട്ട് സംസാരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൌധരിയും തമ്മില്‍ രൂക്ഷമായ വാഗ്വാദമാണ് സഭയിലുണ്ടായത്. കോണ്‍ഗ്രസിനകത്ത് ഏകാഭിപ്രായ രൂപീകരണത്തിന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി കോണ്‍ഗ്രസ് എം.പിമാരുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.

പ്രതിപക്ഷ പ്രതിഷേധം കടന്ന് രാജ്യസഭയില്‍ ജമ്മു കശ്മീര്‍ പ്രമേയവും സംസ്ഥാന പുനസംഘടനാ ബില്ലും നേരത്തെ സര്‍ക്കാര്‍ പാസാക്കിയിരുന്നു. പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലാണ് ലോക്സഭയില്‍ അമിത് ഷാ പ്രമേയവും പുനസംഘടന ബില്ലും അവതരിപ്പിച്ച് ചര്‍ച്ച ആരംഭിച്ചത്. നിലവിലെ നീക്കം ജമ്മു കശ്മീരിന്റെ മുന്നോട്ട് പോക്കിന് അനിവാര്യമാണെന്ന് അമിത് ഷാ പറഞ്ഞു.

എന്‍.ഡി.എ കക്ഷികളില്‍ ജെ.ഡി.യു ഒഴികെ മറ്റെല്ലാ പാര്‍ട്ടികളും ബില്ലിനെ അനുകൂലിച്ചു. ജെ.ഡി.യുവും തൃണമൂല്‍ കോണ്‍ഗ്രസും വോട്ടെടുപ്പ് ബഹിഷ്കരിച്ചു. ആം ആദ്മിയും ടി.ഡി.പിയും അനുകൂലിച്ച് വോട്ട് ചെയ്തു. പുനസംഘടനബില്ലില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ ഔദ്യോഗികമായി നിലവില്‍ വരും.

ചരിത്രപരമായ തെറ്റ് തിരുത്തിയ ദിനമെന്ന് അമിത് ഷാ മറുപടി പ്രസംഗത്തിൽ പറഞ്ഞു. പർലമെന്ററി ജനാധിപത്യത്തിലെ സുവർണ നിമിഷമെന്നും 130 കോടി ഇന്ത്യക്കാരുടെ സ്വപ്നം ഒരുമിച്ച് സാക്ഷാത്കരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു.

ജമ്മു കശ്മീരില്‍ പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താൻ രാജ്യസഭയിൽ പാസാക്കിയ ബില്‍ ലോക്സഭയില്‍ നിന്നും പിന്‍വലിച്ചു.