LiveTV

Live

National

ഭയാനകം, അപകടകരമായ വിഡ്ഢിത്തം; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍

കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെ വിമര്‍ശിച്ചും പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടിയും അന്താരാഷ്ട്ര മാധ്യമങ്ങള്‍

ഭയാനകം, അപകടകരമായ വിഡ്ഢിത്തം; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ വിമര്‍ശിച്ചും പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടിയും അന്താരാഷ്ട്ര മാധ്യമങ്ങള്‍. വാഷിങ്ടണ്‍ പോസ്റ്റ്, ദ ഗാര്‍ഡിയന്‍, അല്‍ജസീറ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ കശ്മീരുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രധാന തലക്കെട്ടായി. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനവും കശ്മീരിനെ വിഭജിക്കാനുള്ള നീക്കവും മേഖലയിലെ സംഘര്‍ഷം കൂടാനേ കാരണമാകൂ എന്നാണ് മാധ്യമങ്ങളുടെ പൊതുവെയുള്ള വിലയിരുത്തല്‍.

സംസ്ഥാനത്തെ ഹിന്ദു ഭൂരിപക്ഷ പ്രദേശമാക്കി മാറ്റാനുള്ള തന്ത്രപരമായ നീക്കമാണിതെന്ന് വാഷിങ്ടണ്‍ പോസ്റ്റില്‍ ചരിത്രാധ്യാപിക ഹഫ്സ കന്‍ജ്വാള്‍ എഴുതിയ ലേഖനത്തില്‍‍ വിശദീകരിക്കുന്നു. ഇന്ത്യക്കാര്‍ക്ക് ഇനി കശ്മീരില്‍ ഭൂമി വാങ്ങാം. എന്നാല്‍ ഭരണഘടനാവിരുദ്ധമായ ഈ നീക്കത്തിലൂടെ കശ്മീരില്‍ കോളനിവല്‍ക്കരണ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇസ്രയേല്‍ ഫലസ്തീനില്‍ ചെയ്തതിന് സമാനമാണിത്. ഇപ്പോള്‍ കശ്മീരില്‍ എല്ലായിടത്തും സൈന്യവും അവരുടെ ക്യാമ്പുകളും ബങ്കറുകളുമുണ്ട്. മുസ്‍ലിം ഭൂരിപക്ഷ പ്രദേശത്തെ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളാക്കി മാറ്റാനാണ് ഇനി കേന്ദ്രത്തില്‍ ഭരണത്തിലുള്ള പാര്‍ട്ടി ശ്രമിക്കുക. ഇതിനായി ഹിന്ദുക്കളെ ഇവിടങ്ങളില്‍ അധിവസിപ്പിക്കും. വംശീയമായ തുടച്ചുനീക്കല്‍ പ്രക്രിയയാണ് ഇവിടെ നടക്കുകയെന്നും ലേഖനത്തില്‍ പറയുന്നു.

ഭയാനകം, അപകടകരമായ വിഡ്ഢിത്തം; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍

ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ ജാസണ്‍ ബര്‍ക് ദ ഗാര്‍ഡിയനില്‍ എഴുതിയ ലേഖനത്തില്‍ മോദി സര്‍ക്കാരിന്‍റെ നടപടി ജമ്മു കശ്മീരിലും ഇന്ത്യയിലുമുണ്ടാക്കാന്‍ പോകുന്ന ഗുരുതര പ്രത്യാഘാതങ്ങളാണ് ചൂണ്ടിക്കാട്ടിയത്. ഭൂതകാലത്തിലെ സംഘര്‍ഷങ്ങളുടെ ഭയാനകതയെ കുറിച്ച് വ്യക്തിപരമായി അറിയാത്ത, എന്നാല്‍ കേട്ടറിവുള്ളവരാണ് കശ്മീരിലെ യുവതലമുറ. അക്കാലത്തെ കുറിച്ചുള്ള കൈയ്പേറിയ ഓര്‍മകള്‍ മുതിര്‍ന്നവരെ തീവ്രനിലപാടുകളുള്ള സംഘടനകളുടെ ഭാഗമാകുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചിരുന്നു. എന്നാല്‍ യുവാക്കളെ സംബന്ധിച്ച് അത്തരം തീവ്രസംഘടനകളുടെ ഭാഗമാകാനുള്ള സമയമായി എന്ന ചിന്ത ഇനി വന്നേക്കും. കശ്മീര്‍ മേഖലയിലും ഇന്ത്യയിലാകെയും പ്രത്യാഘാതം അത്യന്തം ദുരന്തം നിറഞ്ഞതാകും.

ഭയാനകം, അപകടകരമായ വിഡ്ഢിത്തം; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍

കവിയും രാഷ്ട്രീയ നിരീക്ഷകനുമായ ആതര്‍ സിയ അല്‍ജസീറയില്‍ പങ്കുവെച്ചത് കശ്മീരികളുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്കയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി വഞ്ചന നിറഞ്ഞതും നിയമവിരുദ്ധവുമാണ്. ആള്‍ക്കൂട്ടത്തിന്‍റെ കയ്യടി നേടാനുള്ള തീരുമാനം. സ്വാതന്ത്ര്യദിനമായ ആഗസ്ത് 15ന് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആത്മപ്രശംസ നടത്താം. ഹിന്ദു രാജ്യമെന്ന ലക്ഷ്യത്തിലേക്കുള്ള അക്ഷീണ പോരാട്ടം. അമേരിക്ക ഒപ്പമില്ലെങ്കിലും പാക്കിസ്താനുമായി ഇടപെടാന്‍ പേടിയില്ലെന്നും അദ്ദേഹത്തിന് വിശദീകരിക്കാം.

കശ്മീര്‍ പ്രശ്നം കേവലം ആര്‍ട്ടിക്കിള്‍ 370മായി ബന്ധപ്പെട്ടതല്ല, മറിച്ച് അന്താരാഷ്ട്ര മാനങ്ങള്‍ ഉണ്ടെന്ന് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടകരമായ വിഡ്ഢിത്തം എന്നാണ് സൌദി ഗസറ്റ് വിശേഷിപ്പിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് നല്ലതിനല്ല. കശ്മീര്‍ മേഖലയില്‍ അക്രമം കൂടിവരികയാണെന്നും സൌദി ഗസറ്റ് നിരീക്ഷിക്കുന്നു. സര്‍ക്കാര്‍ നീക്കം കശ്മീരില്‍ സംഘര്‍ഷാവസ്ഥ വര്‍ദ്ധിപ്പിക്കുമെന്നാണ് ബി.ബി.സിയുടെ വിലയിരുത്തിയല്‍. സര്‍ക്കാര്‍ കശ്മീരികള്‍ക്ക് കടുത്ത ആഘാതമാണ് നല്‍കിയതെന്ന് സി.എന്‍.എന്‍ നിരീക്ഷിച്ചു.