LiveTV

Live

National

കശ്മീരില്‍ ഭൂമി വില്‍പ്പനക്ക്; ഈ എസ്.എം.എസ് നിങ്ങള്‍ക്ക് വന്നോ ? സത്യമിതാണ്...

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ ഒരു മൊബൈല്‍ ഫോണ്‍ നമ്പറും ഈ എസ്.എം.എസില്‍ ചേര്‍ത്തിട്ടുണ്ട്

കശ്മീരില്‍ ഭൂമി വില്‍പ്പനക്ക്; ഈ എസ്.എം.എസ് നിങ്ങള്‍ക്ക് വന്നോ ? സത്യമിതാണ്...

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ ഒരു വിഷയം കശ്മീരിലെയും ലഡാക്കിലെയും ഭൂമി വിലയും, എങ്ങനെ വാങ്ങാം തുടങ്ങിയ കാര്യങ്ങളുമാണ്. ഇതിന് പിന്നാലെ പലരുടെയും ഫോണിലേക്ക് ഒരു എസ്.എം.എസ് എത്തുകയും ചെയ്തു. കശ്മീരില്‍ ഭൂമി വില്‍പ്പനക്ക് എന്നായിരുന്നു സന്ദേശത്തിന്റെ തലക്കെട്ട്. ഇതിന്റെ സ്ക്രീന്‍ഷോട്ട് കുറഞ്ഞ സമയം കൊണ്ട് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു.

കശ്മീരില്‍ ഭൂമി വില്‍പ്പനക്ക്; ഈ എസ്.എം.എസ് നിങ്ങള്‍ക്ക് വന്നോ ? സത്യമിതാണ്...

''കശ്മീര്‍ ലാല്‍ ചൌക്കില്‍ ഭൂമി വില്‍പ്പനക്ക്. 11.25 ലക്ഷം രൂപ മുതല്‍. ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യൂ.. കശ്മീര്‍ 370 റദ്ദാക്കപ്പെട്ടു. കുറച്ച് സ്റ്റോക്കുകള്‍ മാത്രം.'' - കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ ഒരു മൊബൈല്‍ ഫോണ്‍ നമ്പറും ഈ എസ്.എം.എസില്‍ ചേര്‍ത്തിട്ടുണ്ട്. രാജ്യസഭയില്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370 ാം വകുപ്പ് റദ്ദാക്കി കൊണ്ടുള്ള പ്രഖ്യാപനം ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയത് രാവിലെ 11 മണിയോടെയാണ്. എന്നാല്‍ ഈ സന്ദേശത്തിലെ സമയം രാവിലെ 9.50. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ അന്വേഷണത്തില്‍ ഈ സന്ദേശം തീര്‍ത്തും വ്യാജമാണെന്ന് കണ്ടെത്തി.

സന്ദേശത്തിലെ ബന്ധപ്പെടാനുള്ള നമ്പറില്‍ വിളിച്ചപ്പോള്‍ കിട്ടിയത് കൊല്‍ക്കത്തയിലെ ഒരു റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പിനെ. സന്ദേശത്തെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ ഞങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംസാരിക്കുമെന്ന് മറുപടി. തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ഇമെയിലിലൂടെ ബന്ധപ്പെട്ടു. വിഷയം പറഞ്ഞപ്പോള്‍ തന്നെ അവര്‍ ഒരു കാര്യം വ്യക്തമാക്കി. ഇതു തങ്ങള്‍ അയച്ച എസ്.എം.എസ് അല്ല. ''അത്തരം ഒരു എസ്.എം.എസ് ഞങ്ങൾ അയച്ചിട്ടില്ല. ഇത് വ്യാജവും അടിസ്ഥാനരഹിതവുമാണ്. ഞങ്ങൾക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. എസ്.എം.എസില്‍ കാണിച്ചിരിക്കുന്ന ഫോൺ നമ്പർ ഞങ്ങളുടേതല്ല. എന്നാല്‍ വ്യാജ സന്ദേശമുണ്ടായവര്‍ ഈ നമ്പറില്‍ നിന്ന് ഞങ്ങളുടെ കമ്പനി നമ്പറിലേക്ക് കോള്‍ ഫോര്‍വേഡിങ് സംവിധാനം ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുണ്ട്. ഇതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. ഇത് സൈബര്‍ സെല്ലിന് കൈമാറുമെന്നും'' കമ്പനി വക്താവ് പറഞ്ഞു. ഇതോടെ ഈ സന്ദേശം തീര്‍ത്തും വ്യാജമാണെന്ന് വ്യക്തമായി.