LiveTV

Live

National

സംഘപരിവാര്‍ അവകാശപ്പെടുന്നത് പോലെയല്ല കാര്യങ്ങള്‍; സര്‍ദാര്‍ പട്ടേല്‍ ആണ് ആര്‍ട്ടിക്കിള്‍ 370ന്‍റെ ശില്‍പി 

സര്‍ദാര്‍ പട്ടേല്‍ ആയിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രിയെങ്കില്‍ കശ്മീരിന്‍റെ ഭാഗങ്ങള്‍ പാക്കിസ്താന്റെ കൈവശം എത്തില്ലായിരുന്നുവെന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ അവകാശപ്പെട്ടിട്ടുണ്ട്. 

സംഘപരിവാര്‍ അവകാശപ്പെടുന്നത് പോലെയല്ല കാര്യങ്ങള്‍; സര്‍ദാര്‍ പട്ടേല്‍ ആണ് ആര്‍ട്ടിക്കിള്‍ 370ന്‍റെ ശില്‍പി 

'രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലെ പ്രശ്നങ്ങള്‍ സര്‍ദാര്‍ പട്ടേല്‍ പരിഹരിച്ചു, കശ്മീരിന്റെ കാര്യം നെഹ്റു ഏറ്റെടുത്ത് കൂടുതല്‍ കുഴപ്പത്തിലാക്കി' എന്നാണ് പൊതുവെ ബി.ജെ.പി അവകാശപ്പെടാറുള്ളത്. സര്‍ദാര്‍ പട്ടേല്‍ ആയിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രിയെങ്കില്‍ കശ്മീരിന്‍റെ ഭാഗങ്ങള്‍ പാക്കിസ്താന്റെ കൈവശം എത്തില്ലായിരുന്നുവെന്ന് മന്ത്രിമാര്‍ പാര്‍ലമെന്റില്‍ ഉള്‍പ്പെടെ അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍ വാസ്തവം എന്താണ്? ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370ന്‍റെ ശില്‍പി സര്‍ദാര്‍ പട്ടേല്‍ ആണ് എന്നതാണ് ചരിത്രം.

ജുനാഗഡ്, ഹൈദരാബാദ്, കശ്മീര്‍ എന്നീ നാട്ടുരാജ്യങ്ങളുടെ കാര്യത്തിലാണ് സ്വാതന്ത്ര്യം നേടുന്ന കാലത്ത് ഇന്ത്യയും പാക്കിസ്താനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നത്. നെഹ്റുവും പട്ടേലും തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നെങ്കിലും ഈ മൂന്ന് നാട്ടുരാജ്യങ്ങളുടെയും കാര്യത്തില്‍ പരസ്പരം കൂടിയാലോചിച്ചാണ് ഇരുപക്ഷവും മുന്നോട്ടുനീങ്ങിയത്.

കശ്മീരിനേക്കാള്‍ ഹൈദരാബാദിനാണ് പട്ടേല്‍ പ്രാധാന്യം നല്‍കിയത്. ഹൈദരാബാദിനെ ഇന്ത്യയില്‍ ചേര്‍ക്കാമെന്ന് നൈസാമിനെ കൊണ്ട് പാക്കിസ്താന്‍ സമ്മതിപ്പിക്കുകയാണെങ്കില്‍ കശ്മീരിന്മേലുള്ള പാക്കിസ്താന്‍റെ അവകാശവാദം അംഗീകരിക്കാന്‍ 1947 വരെ പട്ടേല്‍ തയ്യാറായിരുന്നു. "ജുനഗഡിനെയും കശ്മീരിനെയും നിങ്ങള്‍ എന്തിന് താരതമ്യം ചെയ്യുന്നു? ഹൈദരാബാദിനെയും കശ്മീരിനെയും കുറിച്ച് സംസാരിച്ച് നമുക്കൊരു തീരുമാനത്തില്‍ എത്താം" എന്നാണ് പാക് പ്രധാനമന്ത്രി ലിയാഖത് അലിഖാനോട് പട്ടേല്‍ പറഞ്ഞത്. 1947 നവംബര്‍ 28ന് ലിയാഖത്ത് അലിഖാനുമായുള്ള കൂടിക്കാഴ്ചയില്‍ പട്ടേല്‍ പറഞ്ഞത് നയതന്ത്രപരമായ ഒത്തുതീര്‍പ്പില്‍ എത്താമെങ്കില്‍ പൂഞ്ചില്‍ നിന്ന് ഇന്ത്യന്‍ സേനയെ പിന്‍വലിക്കാം എന്നായിരുന്നു. പക്ഷേ നെഹ്റു ഇതിനെ എതിര്‍ത്തു.

1948ല്‍ കശ്മീരില്‍ പാക് സൈന്യം കൂടുതല്‍ സജീവമായതോടെ സംസ്ഥാനത്തെ വിഭജിക്കാം എന്ന നിലപാടില്‍ നെഹ്റു എത്തിച്ചേരുകയായിരുന്നു. പട്ടേല്‍ നെഹ്റുവിനോട് യോജിച്ചു. ശാശ്വതവും പ്രായോഗികവുമായ ഒത്തുതീര്‍പ്പെന്നാണ് പട്ടേല്‍ വിഭജനത്തെ നിരീക്ഷിച്ചത്. പൂഞ്ചിന്‍റെ ഭാഗങ്ങളും ഗില്‍ഗിതും പാകിസ്താന്‍റെ ഭാഗമായപ്പോള്‍ മറ്റ് ഭാഗങ്ങള്‍ ഇന്ത്യയുടേതായി.

ജമ്മു കശ്മീരിന് സവിശേഷ അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370ന്‍റെ കാര്യത്തില്‍ ഉള്‍പ്പെടെ, കശ്മീരിലെ ആഭ്യന്തര പ്രശ്നങ്ങളിലും നെഹ്റുവും പട്ടേലും ഒന്നിച്ചാണ് ഇടപെട്ടത്. കശ്മീര്‍ ദിവാനായിരുന്ന എന്‍.ജി അയ്യാനഗറും ഷെയ്ഖ് അബ്ദുല്ലയും തമ്മിലാണ് പ്രധാനമായും കൂടിയാലോചനകള്‍ നടന്നത്. കശ്മീരിന്‍റെ കാര്യത്തില്‍ പട്ടേലിന്‍റെ സമ്മതമില്ലാതെ നെഹ്റു ഒരടി പോലും മുന്നോട്ടുപോയിരുന്നില്ല. 1949 മെയ് 15-16 തിയ്യതികളില്‍ നെഹ്റുവിന്‍റെ സാന്നിധ്യത്തില്‍ പട്ടേലിന്‍റെ വസതിയില്‍ യോഗം ചേര്‍ന്നു. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അയ്യാനഗര്‍ കരടിന് രൂപം നല്‍കി. അയ്യാനഗര്‍ ഒരു കുറിപ്പിന് ഒപ്പം ഇത് പട്ടേലിന് അയച്ചുകൊടുത്തു- "ഈ കരടിന് താങ്കളുടെ അംഗീകാരമുണ്ടെന്ന് ജവഹര്‍ലാല്‍ജിയോട് പറയാമോ? എങ്കില്‍ മാത്രമേ അദ്ദേഹം ഷെയ്ഖ് അബ്ദുല്ലയ്ക്ക് കൈമാറൂ". ആര്‍ട്ടിക്കിള്‍ 370ന്‍റെ കാര്യത്തില്‍ അയ്യാനാഗറിനോട് മുന്നോട്ടുപോവാന്‍ പട്ടേല്‍ ആവശ്യപ്പെട്ടു. ആ സമയത്ത് നെഹ്റു വിദേശത്തായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയെ കൊണ്ട് അംഗീകരിപ്പിച്ചു എന്നാണ് പട്ടേല്‍ നെഹ്റുവിനോട് പറഞ്ഞത്. കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ലിയില്‍ നിന്ന് രാജിവെക്കുമെന്ന് ഷെയ്ഖ് അബ്ദുല്ല പറഞ്ഞപ്പോള്‍ നെഹ്റുവിനോട് ഇടപെടാന്‍ പട്ടേല്‍ ആവശ്യപ്പെട്ടു.

അതായത് സംഘപരിവാര്‍ അവകാശപ്പെടുന്നത് പോലെയല്ല കാര്യങ്ങള്‍. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370ന്റെ ഉപജ്ഞാതാക്കളില്‍ പ്രധാനി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആയിരുന്നു. സ്വന്തമായി സ്വാതന്ത്ര്യ സമര നേതാക്കളൊന്നും ഇല്ലാത്തതിനാല്‍ പട്ടേലിനെ ഏറ്റെടുത്ത് പ്രതിമയുണ്ടാക്കുന്നതു പോലെ എളുപ്പമാവില്ല ഈ ചരിത്ര വസ്തുത വളച്ചൊടിക്കല്‍.