ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിനെതിരെ രാജ്യവ്യാപക പ്രതിഷേധം
പ്രതിപക്ഷ പാര്‍ട്ടികളും യുവജന സംഘടനകളും പ്രതിഷേധവുമായി തെരുവിലിറങ്ങി.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാജ്യ വ്യാപക പ്രതിഷേധം. പ്രതിപക്ഷ പാര്‍ട്ടികളും യുവജന സംഘടനകളും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഡല്‍ഹി പാര്‍ലമെന്റെ് സ്ട്രീറ്റില്‍ ഇടത് പാര്‍ട്ടികള്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. ആര്.എസ്.എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ബി.ജെ.പി നിക്ഷിപ്ത താത്പര്യങ്ങള്‍ നടപ്പിലാക്കുകയാണെന്ന് കാനം രാജേന്ദ്രനും പറഞ്ഞു.
ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഇടതു പാര്‍ട്ടികള്‍ സംയുക്തമായാണ് ഡല്‍ഹിയില്‍ പ്രതിഷേധിച്ചത്. പാര്‍ലമെന്റെ് സ്ട്രീറ്റില്‍ നടന്ന പ്രകടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു.
ജനാധിപത്യത്തെയും ബഹുസ്വരതയെയും കശാപ്പു ചെയ്ത കറുത്ത ദിനമായി ഓഗസ്റ്റ് അഞ്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. ആര്.എസ്.എസ്- സംഘ്പരിവാര്‍ അജണ്ടയാണ് തീരുമാനത്തിലൂടെ വ്യക്തമായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കശ്മീരിന്റ മണ്ണ് മാത്രമാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുസ്ലിം ലീഗ് കുറ്റപ്പെടുത്തി.
തിരുവനന്തപുരത്ത് രാജ്ഭവനിലേക്കും മലപ്പുറം തേഞ്ഞിപ്പാലം പോസ്റ്റ് ഓഫീസിലേക്കും ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തി. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മോദി സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടനയെ കൊലപ്പെടുത്തിയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പ്രതികരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവും നടന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പലയിടത്തും ആഹ്ലാദ പ്രകടനങ്ങളും നടന്നു.