LiveTV

Live

National

ജമ്മു കശ്മീരില്‍ എണ്ണായിരത്തോളം ജവാന്മാരെ കൂടി വിന്യസിച്ചു

ജനാധിപത്യത്തിന്‍റെ കറുത്തദിനമാണിതെന്നും രാജ്യത്ത് വലിയ പ്രത്യാഘാതമുണ്ടാകുമെന്നും മെഹബൂബ മുഫ്തിയും ഉമര്‍ അബ്ദുല്ലയും മുന്നറിയിപ്പ് നല്‍കി.

ജമ്മു കശ്മീരില്‍ എണ്ണായിരത്തോളം ജവാന്മാരെ കൂടി വിന്യസിച്ചു

ജമ്മു കശ്മീര്‍ വിഭജന തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി‍. എണ്ണായിരത്തോളം ജവാന്മാരെ കൂടി ജമ്മു കശ്മീരില്‍ വിന്യസിച്ചു. ജനാധിപത്യത്തിന്‍റെ കറുത്തദിനമാണിതെന്നും രാജ്യത്ത് വലിയ പ്രത്യാഘാതമുണ്ടാകുമെന്നും മെഹബൂബ മുഫ്തിയും ഉമര്‍ അബ്ദുല്ലയും മുന്നറിയിപ്പ് നല്‍കി.

കനത്ത സുരക്ഷയാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രത്യേക അധികാരം എടുത്ത് കളഞ്ഞ് സംസ്ഥാനത്തെ വിഭജിക്കാനുള്ള തീരുമാനം താഴ്‍വരയില്‍ വലിയ സംഘര്‍ഷത്തിന് കാരണമാകുമെന്ന‍ റിപ്പോര്‍ട്ടുകളുടെ അ‍ടിസ്ഥാനത്തില്‍ നേരത്തെ തന്നെ സുരക്ഷ ശക്തമായിരുന്നു. തീരുമാനം പ്രഖ്യാപിച്ചതോടെ യു.പി, ഒഡീഷ, ആസാം എന്നിവിടങ്ങളില്‍ നിന്നായി എണ്ണായിരത്തോളം ജവാന്‍മാരെ ഇവിടെ വിന്യസിക്കുന്നുണ്ട്. മൂന്ന് സേനാ വിഭാഗങ്ങള്‍ക്കും അതീവ ജാഗ്രതാനിര്‍ദേശം നല്‍കി. മറ്റ് സംസ്ഥാനങ്ങളിലുള്ള ജമ്മു കശ്മീര്‍ സ്വദേശികള്‍ക്ക് പ്രത്യേക സുരക്ഷ നല്‍കാന്‍ ചീഫ് സെക്രട്ടിമാരോടും ഡി.ജി.പിമാരോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിരോധനാജ്ഞ ജമ്മു കശ്മീരില്‍ ഇപ്പോഴും തുടരുകയാണ്. ഉമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നീ മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കമുള്ള നേതാക്കള്‍ വീട്ടുതടങ്കലിലാണ്. ജമ്മു കശ്മീരിനെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണിതെന്നും സംസ്ഥാനത്തിനെതിരായ സര്‍ക്കാര്‍ നടപടി നിയമവിരുദ്ധവും ഭരണാഘടനവിരുദ്ധവുമാണെന്നും മെഹബൂബ മുഫ്തിയും ഉമര്‍ അബ്ദുല്ലയും പ്രതികരിച്ചു. ജമ്മു കശ്മീരിന്‍റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ തീരുമാനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ഏഴിന് രാജ്യത്തെ അഭിസംബോധന ചെയ്യും.