LiveTV

Live

National

മെഹബൂബ മുഫ്തിയെ തീവ്രവാദിയായി പ്രഖ്യാപിക്കണം, ജയിലിലടക്കണം: ശിവസേന

ഈ നിയമമനുസരിച്ച് മെഹബൂബ മുഫ്തിയെ തീവ്രവാദിയായി പ്രഖ്യാപിച്ച് ജയിലിലേക്ക് അയയ്ക്കണം

മെഹബൂബ മുഫ്തിയെ തീവ്രവാദിയായി പ്രഖ്യാപിക്കണം, ജയിലിലടക്കണം: ശിവസേന

പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയെ തീവ്രവാദിയായി പ്രഖ്യാപിച്ച് ജയിലിലടക്കണമെന്ന് ശിവസേന. തീവ്രവാദത്തിന്റെ ഭാഷ സംസാരിക്കുന്ന മെഹബൂബയെ യു.എ.പി.എ ഭേദഗതി പ്രകാരം തീവ്രവാദിയായി പ്രഖ്യാപിക്കണമെന്നാണ് ശിവസേന ആവശ്യപ്പെട്ടത്.

''ആര്‍ട്ടിക്കിള്‍ 35എ യില്‍ മുന്നറിയിപ്പുമായി മെഹബൂബ രംഗത്തുവന്നിട്ടുണ്ട്. കശ്മീരിലെ ജനങ്ങൾ ത്യാഗത്തിന് തയ്യാറായിരിക്കണമെന്ന മെഹബൂബയുടെ വാക്കുകള്‍ വിഘടനവാദികളുടെ ഭാഷയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി ഇത് വകവെച്ചു കൊടുക്കരുത്. ഇതാണ് ഭീകരതയുടെ ഭാഷ.'' - ശിവസേനയുടെ മുഖപത്രമായ സാംമ്നയില്‍ പറയുന്നു.

"ആഭ്യന്തരമന്ത്രി തീവ്രവാദ വിരുദ്ധ നിയമം ശക്തമാക്കി പാർലമെന്റിൽ പാസാക്കി. ഈ നിയമപ്രകാരം, ഏതൊരു വ്യക്തിയെയും തീവ്രവാദിയായി പ്രഖ്യാപിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യാം. ഈ നിയമമനുസരിച്ച് മെഹബൂബ മുഫ്തിയെ തീവ്രവാദിയായി പ്രഖ്യാപിച്ച് ജയിലിലേക്ക് അയയ്ക്കണം, അല്ലാത്തപക്ഷം കശ്മീരിൽ അക്രമം സൃഷ്ടിക്കാനുള്ള മെഹബൂബയുടെ പദ്ധതി വിജയിക്കും.'' ശിവസേന കൂട്ടിച്ചേർത്തു.

"ഹിന്ദുസ്ഥാനിൽ" നിന്നും കശ്മീരിനെ വേര്‍തിരിക്കുന്നതാണ് ആര്‍ട്ടിക്കിള്‍ '35 -എ' എന്ന് ശിവസേന പറയുന്നു. നോട്ട് നിരോധത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് മൂന്നു നാല് പേര്‍ക്കും മാത്രമാണ് അറിവുണ്ടായിരുന്നത്. അതുപോലെ തന്നെ കശ്മീരിൽ എന്ത് സംഭവിക്കുമെന്നതിനെ കുറിച്ച് ഏതാനും ആളുകൾക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളു. - ശിവസേന പറയുന്നു.