LiveTV

Live

National

പൊലീസ് എഫ്.ഐ.ആറിനെ ന്യായീകരിച്ച് ദേശാഭിമാനിയിലെ മാധ്യമപ്രവർത്തകൻ; മറുപടിയുമായി കെ.യു.ഡബ്ല്യു.ജെ ജനറൽ സെക്രട്ടറി

കണ്ണു തുറന്നപ്പോൾ കണ്ടത് മാത്രമാണ് ഞാൻ എഴുതിയത്. എന്റെ മുന്നിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോർട്ട് ഉണ്ട്. - സി. നാരായണന്‍

പൊലീസ് എഫ്.ഐ.ആറിനെ ന്യായീകരിച്ച് ദേശാഭിമാനിയിലെ മാധ്യമപ്രവർത്തകൻ; മറുപടിയുമായി കെ.യു.ഡബ്ല്യു.ജെ ജനറൽ സെക്രട്ടറി

ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് തയ്യാറാക്കിയ വിചിത്ര എഫ്.ഐ.ആറിനെ ന്യായീകരിച്ച് 'ദേശാഭിമാനി' മാധ്യമപ്രവർത്തകൻ രഘു മാട്ടുമ്മൽ. എഫ്.ഐ.ആർ മുഴുവൻ അസത്യങ്ങളോ അർധസത്യങ്ങളോ ആണെന്നും സുപ്രധാന വിവരങ്ങൾ മറച്ചുവെച്ചാണ് തയ്യാറാക്കിയതെന്നും ആരോപിച്ചുകൊണ്ടുള്ള കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറരൽ സെക്രട്ടറി സി. നാരായണന്റെ പ്രസ്താവനക്കെതിരെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് രഘു എഫ്.ഐ.ആറിനെ ന്യായീകരിക്കുന്നത്. ഇതിനെതിരെ സി. നാരായണൻ തന്നെ രംഗത്തെത്തി.

ഈ കേസിലെ ആദ്യമൊഴി ശ്രീറാമിന്റേതാണെന്നും അത് അടിസ്ഥാനമാക്കിയാണ് എഫ്.ഐ.ആർ തയ്യാറാക്കിയതെന്നും രഘുവിന്റെ കുറിപ്പിൽ പറയുന്നു. എഫ്.ഐ.ആറിൽ ഒത്തുകളിച്ചാൽ പോലും അത് കേസിനെ ബാധിക്കില്ല, മുഖ്യമന്ത്രിയുടെ ഓഫീസ് ശക്തമായി ഇടപെട്ടതിനെ തുടർന്ന് റിമാന്റ് റിപ്പോർട്ടിൽ എഫ്.ഐ.ആറിൽ ഇല്ലാത്ത വകുപ്പുകൾ ചേർത്തിട്ടുണ്ട്, എഫ്.ഐ.ആറിന് പ്രസക്തിയില്ല എന്നിങ്ങനെ പോകുന്നു രഘുവിന്റെ ന്യായീകരണം. അറസ്റ്റ് ചെയ്യുമ്പോൾ പ്രതി കഴിയുന്ന ആശുപത്രിയിൽ നിന്ന് മാറ്റാൻ പൊലീസിനു കഴിയില്ലെന്നും ആശുപത്രി അധികൃതർ ഡിസ്ചാർജ് ചെയ്തില്ലെങ്കിൽ പൊലീസിന് ബലം പ്രയോഗിക്കാൻ കഴിയില്ലെന്നും പോസ്റ്റിൽ പറയുന്നുണ്ട്. മെഡിക്കൽ കോളേജിലേക്ക് മാറ്റിയാൽ ഇപ്പോൾ കിട്ടുന്നതിനേക്കാൾ വലിയ പരിഗണന പ്രതിക്ക് ലഭിച്ചേക്കുമെന്നും കുറിപ്പിൽ പറയുന്നു.

'കണ്ണടച്ച് ഇരുട്ടാക്കേണ്ട കാര്യമില്ല, സത്യം ഇരുട്ടത്ത് തിളങ്ങുമ്പോൾ' എന്ന തലക്കെട്ടിൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ സി. നാരായണൻ രഘുനാഥ് മാട്ടുമ്മലിന്റെ വാദങ്ങളെ അക്കമിട്ട് നിരാകരിക്കുന്നുണ്ട്. സി. നാരായണന്റെ കുറിപ്പിൽനിന്ന്:

കണ്ണു തുറന്നപ്പോൾ കണ്ടത് മാത്രമാണ് ഞാൻ എഴുതിയത്. എന്റെ മുന്നിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോർട്ട് ഉണ്ട്. അതിൽ പറയുന്ന കാര്യങ്ങൾ ഞാൻ വസ്തുനിഷ്ഠമായി സൂചിപ്പിക്കുകയുണ്ടായി. പ്രധാന കാര്യങ്ങൾ ഇവയായിരുന്നു

1. ബഷീറിനെ ഇടിച്ച വാഹനത്തിന്റെ ഉടമയുടെ പേരോ മേൽവിലാസമോ അജ്ഞാതം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

2. ആഗസ്റ്റ് മൂന്നിന് പുലർച്ചെ 12.55 ന് നടന്ന അപകടത്തിനു തൊട്ടുപിറകെ, മ്യൂസിയം പോലീസ് സ്ഥലത്ത് എത്തുകയും മേൽനടപടികളിലേക്ക് കടക്കുകയും ചെയ്തിരുന്നു. ഇടിച്ച വാഹനം മാറ്റിയിട്ടു. ശ്രീരാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന സ്ത്രീയെ ടാക്സി വിളിച്ചു വീട്ടിലേക്ക് പറഞ്ഞയച്ചു...അങ്ങനെ പലതും. എന്നിട്ടും എഫ്.ഐ.ആറിൽ, അപകടവിവരം പൊലീസ് സ്റ്റേഷനിൽ ലഭിച്ചത് രാവിലെ 7.17 എന്നാണ് കാണിച്ചിരിക്കുന്നത്. അതും കൊല്ലപ്പെട്ട ബഷീറിന്റെ സുഹൃത്തിന്റെ പരാതിപ്രകാരമാണത്രേ പൊലീസ് കാര്യമറിഞ്ഞത്. അപകടസ്ഥലവും പൊലീസ് സ്റ്റേഷനും തമ്മിലുള്ള ദൂരം വെറും നൂറ് മീറ്റർ മാത്രമാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ പക്ഷേ സംഭവം അറിയുന്നത് നേരം പുലർന്ന് 7.17 ആയപ്പോഴാണ്.

ഈ പ്രഥമവിവര റിപ്പോർട്ട് വസ്തുതാവിരുദ്ധമെന്നാണ് എന്റെ നിഗമനം. കേസ് ദുർബലമാക്കാനുള്ള പൊലീസിന്റെ തന്ത്രത്തിന്റെ ഫലം.

3. താരതമ്യേന ദുർബലമായ 304a, തീരെ ദുർബലമായ 279 വകുപ്പുകളാണ് പ്രതി ചെയ്ത കുറ്റത്തിന് ചുമത്തിയതായി എഫ്.ഐ.ആറിൽ പറയുന്നത്. ഡി.ജി.പി. പ്രസ്താവിച്ചതു പോലെ 304-ാം വകുപ്പ് ചുമത്തിയിട്ടില്ല. ഡി.ജി.പി. പ്രഖ്യാപിച്ച കാര്യം എഫ്.ഐ.ആറിൽ വന്നില്ല. എന്തുകൊണ്ട്...( രഘുനാഥ് പറയുന്നത്, പ്രതിയുടെ റിമാണ്ട് റിപ്പോർട്ടിൽ 304-ാം വകുപ്പ് ചുമത്തിയതായി പറയുന്നുണ്ട്, അതിനാൽ എഫ്.ഐ.ആറിന് പ്രസക്തിയില്ല എന്നാണ്. അതി വിചിത്രമായ വാദം തന്നെ. ഇതൊക്കെ കോടതിയിൽ പ്രതിക്ക് ഊരിപ്പോകാൻ തക്ക വട്ടമുള്ള വളയം തന്നെ) പിന്നീട് കൂട്ടിച്ചർത്തു എന്നു പറയുന്നത് എഫ്.ഐ.ആറിലോ അതോ റിമാണ്ട് റിപ്പോർട്ടിലോ. കാറിന്റെ ഉടമ ആരാണെന്ന പകൽ പോലെ വ്യക്തമായ സത്യം എഫ്.ഐ.ആറിൽ ഉണ്ടോ...കാറപകടത്തിന് ശ്രീറാം മാത്രമാണ് ഉത്തരവാദി എന്ന സ്ത്രീയുടെ മൊഴി പൊലീസ് കാര്യമായെടുത്തിട്ടുണ്ടോ...ശ്രീരാം മദ്യപിച്ച് ലക്കുകെട്ടിരുന്നോ എന്ന് പരിശോധിക്കാൻ അദ്ദേഹം പാർടിയിങ് നടത്തിയ കെട്ടിടത്തിനു വെളിയിലെങ്കിലുമുള്ള സി.സി.ടി.വി ഫൂട്ടേജ് പൊലീസ് പരിശോധിക്കുമോ...സംസ്ഥാനത്തെ രണ്ട് വി.വി.ഐ.പികൾ നിരന്തരം സഞ്ചരിക്കുന്ന പാതയിൽ സി.സി.ടി.വി. ആഴ്ചകളായി നിശ്ചലമാണ് എന്ന പൊലീസിന്റെ വാദം യുക്തിഭദ്രമാണോ...

ഒരു പാട് ചോദ്യങ്ങളുണ്ട്. തെളിവുകൾ സ്വാധീനത്തിന്റെ ബലത്താൽ അലിഞ്ഞുപോകുമോ എന്ന സാധാരണക്കാരന്റെ എക്കാലത്തെയും ഉൽകണ്ഠയുടെ മർമ്മരങ്ങളാണ് ഇവിടെയും ഉയരുന്നത്.

304-ാം വകുപ്പിന് ശക്തി കിട്ടാനാണത്രേ പ്രതിക്കൊപ്പമുണ്ടായിരുന്ന സ്ത്രീയെയും കൂട്ടുപ്രതിയാക്കിയത്. കണ്ണ് കുത്തിപ്പൊട്ടിച്ച് ഇരുട്ടാക്കല്ലേ. പൊലീസിന് കിട്ടിയ ബുദ്ധിപരമായ ഉപദേശമാണ് സ്ത്രീയെ കൂട്ടുപ്രതിയാക്കിയതിനു പിന്നിൽ. ശ്രീരാമിനു പുറമേ ഒരു പ്രതി കൂടി ഉണ്ടായാൽ, അതു കേസ് ദുർബലമാക്കുമെന്ന് സകല വക്കീലൻമാരും പറയുന്നു. സ്ത്രീയെ കൂട്ടുപ്രതിയല്ല, മുഖ്യസാക്ഷിയായിട്ടായിരുന്നു ചേർക്കേണ്ടിയിരുന്നത്. അങ്ങനെ ചെയ്തിരുന്നെങ്കിൽ ശ്രീരാം വെങ്കിട്ടരാമിന് കുരുക്കായേനെ. അതില്ലാതാക്കുകയാണല്ലോ യഥാർഥ ഉദ്ദേശ്യം.

പകൽ പോല വ്യക്തമായ കാര്യം, രേഖയിലുള്ള കാര്യം പറയുമ്പോൾ രഘുനാഥിന് അത് ഇഷ്ടമാവാതിരിക്കുന്നത് ശരി, മനസ്സിലാക്കാം. പക്ഷേ, രഘുനാഥ് വ്യക്തമാക്കുന്നത് , എഫ്.ഐ.ആറിന് ഒരു കാര്യവുമില്ല എന്നാണ്. എഫ്.ഐ.ആറിൽ ഒത്തുകളിച്ചാലും അത് കേസിനെ ബാധിക്കില്ലത്രേ. ഒരു കേസിന്റെ അടിസ്ഥാനശിലയാണ് എഫ്.ഐ.ആർ.എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അതിലുണ്ടാകുന്ന പിഴവും വൈരുദ്ധ്യങ്ങളും കേസിനെ സാരമായി ബാധിക്കുക തന്നെ ചെയ്യും.

ഇനി പറയൂ...എഫ്.ഐ.ആറിന്റെ പേരിൽ പുക മറ സൃഷ്ടിച്ചു പോലും..ആര് ? ഞാനോ.

ഇനി ചില ചോദ്യങ്ങൾ കൂടിയുണ്ട്.

1. സ്ത്രീയെ കൂട്ടുപ്രതിയാക്കിയ പൊലീസ് എന്തു കൊണ്ട് അവരെ ഉടനെ വിട്ടയച്ചു. അവർ മദ്യപിച്ചിരുന്നോ തുടങ്ങി ഒരു കാര്യവും എന്തു കൊണ്ട് പരിശോധിച്ചില്ല.

2. ശ്രീരാം വെങ്കിട്ടരാമൻ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു അപകടം നടക്കുന്ന സമയത്ത് എന്ന് ദൃക്സാക്ഷി മൊഴികൾ വഴി കൂടി വ്യക്തമായിട്ടും എന്തു കൊണ്ട് രക്തപരിശോധന ഉടനെ നടത്തിയില്ല. ഒൻപത് മണിക്കൂർ കഴിഞ്ഞ് രക്തസാമ്പിൾ പരിശോധിച്ചാൽ എന്താണ് സംഭവിക്കുക.

3. റിമാണ്ടിലായ പ്രതിയെ സാധാരണ എങ്ങോട്ടാണ് അയക്കുക ? നേരത്തെ ചികിൽസ തേടിയ ഇടത്തേക്കു തന്നെ വേണമെന്ന് നിയമമുണ്ടത്രേ... അറസ്റ്റു ചെയ്ത പ്രതിയെ സാധാരണ പ്രതി ആവശ്യപ്പെടുന്ന ആശുപത്രിയിലേക്കാണോ മാറ്റുക അതോ റിമാണ്ട് പ്രതിയെ പാർപ്പിക്കാൻ അംഗീകരിക്കപ്പെട്ട മെഡിക്കൽ കോളേജിലെ സെൽ മുറിയിലേക്കോ..സ്വകാര്യ ആശുപത്രിയിലെ ആഡംബര മുറിയിലേക്ക് മാറ്റിയത് എത്ര നിർലജ്ജമാണ് ആളുകൾ ന്യായീകരിക്കുന്നത്. കൊള്ളാം ഇങ്ങനെ വേണം...പക്ഷേ എപ്പോഴും ഇതു തന്നെ ചെയ്യുമോ. ഉന്നാവ് പെൺകുട്ടിയുടെ കേസിലുൾപ്പെടെ എഫ്.ഐ.ആർ. ഒത്തുകളിയിലും തെളിവുകൾ നശിപ്പിക്കലിലും ഇതേ പടി തന്നെ ന്യായീകരിക്കണമെന്നു മാത്രം. ശ്രീരാം വെങ്കിട്ടരാമനെ ഡിസ്ചാർജ്ജ് ചെയ്യാത്തതിന് ഏക കാരണം ആ ആശുപത്രിയിലെ ഡോക്ടർമാരാണത്രേ. പൊലീസിന് അതിൽ ഒരു പങ്കും ഇല്ല. ( അല്ല, പിന്നെങ്ങിനെയാണ് ഞായറാഴ്ച ഉച്ചയ്ക്കു ശേഷം പൊലീസ് സീൻ മാററിയത്. കിംസിനു മുന്നിൽ സമരം ചെയ്യുമെന്ന് പറഞ്ഞതിൽ ചില ചെമ്മീനുകളെ ആർക്കെങ്കിലും പരിചയം ഉണ്ടോ അതിന് തിരഞ്ഞെടുപ്പുമായി വല്ല ബന്ധവും ഉണ്ടോ.. )

ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് പ്രതികരിക്കുമ്പോൾ വസ്തുതകൾ പഠിക്കണം. അതിൽ തർക്കമില്ല. ഞാൻ മേൽപ്പറഞ്ഞതിൽ വസ്തുതകളല്ലാത്തത് ഉണ്ടെങ്കിൽ നമുക്ക് തർക്കിക്കാം. തർക്കം ഏത് കാര്യത്തിലാണ്.

മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി എന്ന ആരോപണം കൊണ്ടു വന്നാൽ എല്ലാമായി. നമ്മൾ വീണു പോകും. ഞാൻ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുകയല്ലല്ലോ ചെയ്തത്, മുഖ്യമന്ത്രി നിർദ്ദേശിച്ച കാര്യങ്ങൾക്ക് പൊലീസ് പുല്ലുവില കൽപിച്ചില്ല എന്നതാണല്ലോ എടുത്തു പറഞ്ഞത്. അതല്ലേ സത്യം. എത്ര ഉന്നതനായാലും തെററ് ചെയ്തവനെതിരെ നടപടി വരും എന്ന് തൃശ്ശൂരിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ തിരുവനന്തപുരത്ത് ഒരു നരഹത്യാകേസിൽ നിന്നും ഉന്നതനെ ഊരിയെടുക്കാൻ പഴുതുണ്ടാക്കുന്ന പൊലീസിന്റെ നടപടിയെ ആണ് ഞാൻ ചൂണ്ടിക്കാട്ടിയത്. അത് മുഖ്യമന്ത്രിക്കെതിരാവുന്നതെങ്ങനെ. ഇതേ കേരള പൊലീസിലെ ചിലരാണല്ലോ ഈ മുഖ്യമന്ത്രിയെ കഴിഞ്ഞ ഏതാനും മാസങ്ങളായി പലപ്പൊഴായി പ്രതിക്കൂട്ടിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതൊക്കെ മുഖ്യമന്ത്രിക്കറിയാം, ന്യായീകരണത്തൊഴിലേത്, വസ്തുതാപരമേത് എന്ന്. എനിക്കീ ഭരണത്തോട് ഒരു കാലുഷ്യവുമില്ല, എന്തിനെയും ന്യായീകരിച്ചാലേ പിന്തുണയാകൂ എന്ന് വിശ്വസിക്കുന്നുമില്ല.

ഇന്നലെ , നിയമ പരിജ്ഞാനമുള്ള ഒരു മാധ്യമസുഹൃത്ത് ഡൽഹിയിൽ നിന്നും വിളിച്ച് എന്നോടു പറഞ്ഞു, ഈ രക്തസാമ്പിൾ എടുക്കാത്തതിൽ കനത്ത രണ്ട് പഴുതുണ്ടെന്ന്. വളരെ വൈകി മാത്രം രക്തം പരിശോധിച്ചാൽ ഒന്ന്, ആൽക്കഹോളിന്റെ അളവ് ഇല്ലാതാക്കുന്ന മരുന്ന് നൽകി പരിശോധനാ ഫലം നെഗറ്റീവ് ആക്കാനാകും. രണ്ട്, ഇനി നെഗററീവ് ആയില്ലെങ്കിൽത്തന്നെ, സംഭവം നടക്കുമ്പോൾ താൻ മദ്യപിച്ചിരുന്നില്ലെന്നും പിന്നെ ടെൻഷൻ മാറ്റാൻ കഴിച്ചുപോയതാണെന്നും വിചാരണവേളയിൽ പറഞ്ഞ് പ്രോസിക്യൂഷൻ വാദം മറികടക്കാനാവും. രണ്ടാമത്തെ വാദത്തോടെ കുറ്റം വാഹനം നിയന്ത്രണം വിട്ട് അപകടമുണ്ടായി എന്നു മാത്രമായി ചുരുങ്ങും. ഹരീഷ് വാസുദേവൻ ന്യായീകരിച്ചതുപോലെ, ഒരാളെ കൊന്നതിന് ഒരു രൂപ പിഴ എന്നതു പോലെ ആയി മാറും.

ഈ ആംഗിളിലേക്ക് കാര്യം തിരിയാൻ പോകുകയാണെന്ന് ഞാൻ ഇന്നലെ രാത്രി ബഷീറിന്് ആദരാഞ്ജലി അർപ്പിക്കാൻ വന്ന ഗതാഗതമന്ത്രിയോട് കോഴിക്കോട്ടു വെച്ച് പറഞ്ഞപ്പോൾ, അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് അദ്ദേഹം മറുചോദ്യം ചോദിക്കുകയാണുണ്ടായത്. ഏതാനും മണിക്കൂറുകൾ കഴിയുമ്പോഴിതാ ശ്രീരാം വെങ്കിട്ടരാമൻ എന്ന ബുദ്ധിമാനായ പ്രതി ഉന്നയിക്കാൻ പോകുന്നതായി പറയുന്നു, താൻ നേരത്തെ മദ്യപിച്ചിട്ടില്ലായിരുന്നു എന്ന വാദം. മാത്രമല്ല രക്തസാമ്പിളിൽ ആൽക്കഹോളിന്റെ പ്രസരം ഇല്ലാത്ത റിപ്പോർട്ടാണ് കിംസിൽ നിന്നും കിട്ടുക എന്ന അഭ്യൂഹവും വരുന്നു. അത് ശരിയായില്ലെങ്കിലും രണ്ടാമത്തെ സംഗതി വർക്കൗട്ടാവും.

ഇതിന്റെ എല്ലാ പേരുദോഷവും ഉണ്ടാകാൻ പോകുന്നത് ആർക്കായിരിക്കും. തർക്കമൊന്നുമില്ല, മുഖ്യമന്ത്രിക്കു തന്നെയായിരിക്കും. പൊലീസ് ഒത്തുകളിയുടെ തീരാക്കളങ്കമായി മാറാൻ പോകുകയാണ് ഈ സംഭവം. ഒരു ഐ.എ.എസ്. ഉന്നതനെ രക്ഷിക്കാൻ പൊലീസ് കാണിക്കുന്ന ഈ വ്യഗ്രത തെളിയിക്കപ്പെട്ടാൽ അത് കേരള പോലീസിന് തീരാക്കളങ്കമാവും. ഇടതുപക്ഷ ഭരണത്തിനേൽക്കുന്ന കടുത്ത പ്രതിച്ഛായാ നഷ്ടവും ആവും. ഒരു മനുഷ്യന്റെ പച്ചമാംസം ചിതറിയ മണ്ണിൽ സാമാന്യനീതി കിടന്നു പിടയുന്ന കാഴ്ച കാണാൻ കഴിയാത്തതു കൊണ്ടു മാത്രമാണ് നേരിന്റെ ചില സാധ്യതകൾക്കായി ശബ്ദം ഉയർത്തുന്നത്. അത് നീതിബോധമുള്ള സി.പി.എമ്മുകാർക്കെല്ലാം മനസ്സിലാകും. ന്യായീകരിച്ച് ന്യായീകരിച്ച് നമ്മൾ മനുഷ്യത്വം പോലും ഇല്ലാത്തവരായിത്തീരുമ്പോൾ യുക്തിയുള്ള മനുഷ്യർ നിശ്ശബ്ദം തിരിഞ്ഞുനിൽക്കുമെന്ന് തിരിച്ചറിയാൻ കഴിയണം. കെ.എം.ബഷീറിനു വേണ്ടി ഞാൻ പറയുന്നത് എനിക്കു ഏതെങ്കിലും തിരഞ്ഞെടുപ്പിന് നിൽക്കാൻ വേണ്ടിയല്ല, തിരഞ്ഞെടുത്തതിന്റെ ഉത്തരവാദിത്വം എന്നിൽ നിന്ന് അത് ആവശ്യപ്പെടുന്നതുകൊണ്ടു മാത്രമാണ.് ഞാൻ വിചാരിക്കുന്നത്, വിമർശനമാണ് ഭരണാധികാരികൾക്ക് ഉൾക്കാഴ്ച സമ്മാനിക്കുന്നത് എന്നാണ്. കണ്ണടച്ച് ഇരുട്ടാക്കുകയല്ല, കണ്ണ് തുറന്ന് ഇരുട്ട് മനസ്സിലാക്കുകയല്ലോ ഉചിതം. ഇരുട്ടത്തും തിളങ്ങുന്ന കണ്ണുകളാവാം, അത് നല്ല ഭരണാധിപരുടെ തിരിച്ചറിവുകളാവട്ടെ.

ബഷീറിന്റെ ഓർമ, നീതിക്കായുള്ള ഒരു സാധാരണമനുഷ്യന്റെ കരച്ചിലായി കേരളം ചെവിക്കൊള്ളട്ടെ...ഭരണാധിപർക്കത് തിരിച്ചറിയാനാവട്ടെ., കണ്ണ് നിറയട്ടെ.

ശ്രീറാം വെങ്കിട്ടരാമനോട് ഒരു ശത്രുതയും ഇല്ല. പക്ഷേ, ഒരു വ്യത്യാസമുണ്ട്... മദ്യപിച്ച് വാഹനമോടിച്ച ശ്രീറാം ഒരു കുഴപ്പവുമില്ലാതെ, സ്വാധീന,സുരക്ഷകളുടെ വലയത്തിൽ ജീവിതത്തിൽത്തന്നെ നിൽക്കുന്നു, ബഷീർ...അവൻ ജീവിതം നഷ്ടപ്പെട്ടവനായി മണ്ണിന്റെ പുതപ്പിൽ വെറും ഓർമയായിത്തീർന്നിരിക്കുന്നു. നീതി....അത് സിവിൽ സർവ്വീസുകാരനും സിവിലിയനും ഒരുപോലെയായിരിക്കണം. ഇന്ത്യൻ ഭരണഘടന എല്ലാവർക്കും ഒരു പോലെ ബാധകമാകണമല്ലോ. അത് മാത്രം മതി.

എഫ്.ഐ.ആറിനെ ദുരൂഹതകൾ ചൂണ്ടിക്കാട്ടിയുള്ള സി. നാരായണന്റെ പോസ്റ്റ്

നരഹത്യാകേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നല്‍കുന്ന ചികില്‍സ എന്തെന്നും...

Posted by Narayanan C Thaliyil on Sunday, August 4, 2019

രഘുനാഥ് മാട്ടുമ്മലിന്റെ പോസ്റ്റ്

പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പ്രസ്താവന കണ്ണടച്ച് ഇരുട്ടാക്കലാണ്... പ്രിയപ്പെട്ട കെ എം ബി യുടെ...

Posted by Raghu Mattummal on Sunday, August 4, 2019

സി. നാരായണന്റെ മറുപടി.

കണ്ണടച്ച്‌ ഇരുട്ടാക്കേണ്ട കാര്യമില്ല, സത്യം ഇരുട്ടത്ത്‌ തിളങ്ങുമ്പോള്‍... ദേശാഭിമാനിയിലെ പത്രപ്രവര്‍ത്തകന്‍ രഘുനാഥ്‌...

Posted by Narayanan C Thaliyil on Sunday, August 4, 2019