LiveTV

Live

National

കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതില്‍ ബി.ജെ.പിക്ക് സഖ്യകക്ഷിയില്‍ നിന്ന് തിരിച്ചടി; എ.എ.പി അനുകൂലം

ജയപ്രകാശ് നാരായണന്റേയും രാം മനോഹര്‍ ലോഹ്യയുടേയും ജോര്‍ജ് ഫെര്‍ണാണ്ടസിന്റേയും പാത പിന്തുടരുന്ന ആളാണ് തങ്ങളുടെ പാര്‍ട്ടി അധ്യക്ഷന്‍ നിതീഷ് കുമാര്

കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതില്‍ ബി.ജെ.പിക്ക് സഖ്യകക്ഷിയില്‍ നിന്ന് തിരിച്ചടി; എ.എ.പി അനുകൂലം

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് സഖ്യകക്ഷിയായ ജെ.ഡി.യു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഉത്തരവിനെയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള തീരുമാനത്തെയും പിന്തുണക്കുന്നില്ലെന്ന് ജെ.ഡി.യു നേതാവ് കെ.സി ത്യാഗി വ്യക്തമാക്കി.

''ജയപ്രകാശ് നാരായണന്റേയും രാം മനോഹര്‍ ലോഹ്യയുടേയും ജോര്‍ജ് ഫെര്‍ണാണ്ടസിന്റേയും പാത പിന്തുടരുന്ന ആളാണ് തങ്ങളുടെ പാര്‍ട്ടി അധ്യക്ഷന്‍ നിതീഷ് കുമാര്‍. അതുകൊണ്ട് തന്നെ രാജ്യസഭയില്‍ ഇന്ന് അവതരിപ്പിച്ച ബില്ലിനെ തങ്ങളുടെ പാര്‍ട്ടി പിന്തുണയ്ക്കുന്നില്ല. ഞങ്ങള്‍ക്ക് വേറിട്ട നയമാണുള്ളത്. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയാതിരിക്കുകയാണ് തങ്ങള്‍ക്ക് വേണ്ടത്.'' ജെ.ഡി.യു നേതാവ് കെ.സി ത്യാഗി വ്യക്തമാക്കി. സഖ്യ കക്ഷികളോട് ആലോചിക്കാതെയാണ് കശ്മീര്‍ വിഷയത്തില്‍ ബി.ജെ.പി തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമിത് ഷാ രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചപ്പോഴേക്കും തന്നെ രാഷ്ട്രപതി ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടിരുന്നു. രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു ഇത്.

ഇതേസമയം, കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഉത്തരവിനെ ആം ആദ്മി പാര്‍ട്ടി പിന്തുണച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ അനുകൂലിക്കുന്നതായും ഈ തീരുമാനത്തോടെ ജമ്മു കശ്മീരില്‍ വികസനവും സമാധാനവും വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അരവിന്ദ് കെജ്‍രിവാള്‍ ട്വീറ്റ് ചെയ്തു. ഡല്‍ഹിയുടെ പൂർണ സംസ്ഥാന പദവിക്കായി വാദിക്കുന്ന നേതാവാണ് കെജ്‍രിവാള്‍ എന്നതാണ് ശ്രദ്ധേയം.