LiveTV

Live

National

370 എ: ഡൽഹിയിൽ ഇടതുപക്ഷ പാർട്ടികളുടെ പ്രതിഷേധ പ്രകടനം  

370 എ എടുത്തുകളയുന്ന നടപടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ജമ്മു കശ്മീർ എം.എൽ.എയുമായ യൂസുഫ് തരിഗാമി അടക്കമുള്ള രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കിയിരുന്നു.

370 എ: ഡൽഹിയിൽ ഇടതുപക്ഷ പാർട്ടികളുടെ പ്രതിഷേധ പ്രകടനം  

ന്യൂഡൽഹി: ഭരണഘടനയിലെ 370 എ വകുപ്പ് റദ്ദാക്കുകയും ജമ്മു കശ്മീർ സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി പ്രഖ്യാപിക്കുകയും ചെയ്ത കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സി.പി.എം അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഡൽഹിയിൽ പ്രതിഷേധ പ്രകടനം നടത്തുന്നു. 3.30 ന് പാർലമെന്റ് സ്ട്രീറ്റിൽ. വിവിധ ഇടതുപക്ഷ പാർട്ടികളുടെ നേതാക്കൾ പ്രകടനം നയിക്കും.

മോദി സർക്കാറിന്റെ തീരുമാനം ജനാധിപത്യത്തിനു മേലുള്ള പ്രഹരമാണെന്നും പല ഘട്ടങ്ങളിലും ഇന്ത്യയോട് അനുഭാവം പുലർത്തിയ ജമ്മു കശ്മീരിലെ ജനതയെ വഞ്ചിക്കുന്ന നടപടിയാണെന്നും സി.പി.എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. ഫെഡറൽ തത്വങ്ങളെയും രാജ്യത്തിന്റെ ബഹുസ്വരതയെയും സഹിഷ്ണുതയോടെ കാണുന്നവരല്ല ബി.ജെ.പി - ആർ.എസ്.എസ് ഭരണാധികാരികളെന്നും പുതിയ നീക്കം സംസ്ഥാനങ്ങളുടെ ഒരു യൂണിയൻ എന്ന നിലയ്ക്കുള്ള ഇന്ത്യയെ ആക്രമിക്കുന്നതിനു തുല്യമാണെന്നും സി.പി.എം ആരോപിക്കുന്നു.

'മോദി സർക്കാറിന്റെ നടപടിയെ സി.പി.എം അപലപിക്കുന്നു. ഇത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. ഇത് ജമ്മു ക്ശ്മീരിനു നേർക്കു മാത്രമുള്ള ആക്രമണമല്ല, ജനാധിപത്യത്തിനും മതേതരത്വത്തിനും ഭരണഘടനക്കും നേർക്കുള്ള ആക്രമണമാണ്...' - പ്രസ്താവനയിൽ പറയുന്നു.

370 എ എടുത്തുകളയുന്ന നടപടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ജമ്മു കശ്മീർ എം.എൽ.എയുമായ യൂസുഫ് തരിഗാമി അടക്കമുള്ളവരെ വീട്ടുതടങ്കലിലാക്കിയിരുന്നു.