LiveTV

Live

National

അംബേദ്കര്‍ ആര്‍ട്ടിക്കിള്‍ 370ന് എതിരായിരുന്നോ? വാസ്തവം ഇതാണ്..  

ആര്‍ട്ടിക്കിള്‍ 370ന് അനുമതി നല്‍കുന്നത് രാജ്യതാല്‍പര്യത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യമാണെന്നും താന്‍ അത് ഒരിക്കലും ചെയ്യില്ലെന്നും അംബേദ്കര്‍ വ്യക്തമാക്കിയെന്നാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.

അംബേദ്കര്‍ ആര്‍ട്ടിക്കിള്‍ 370ന് എതിരായിരുന്നോ? വാസ്തവം ഇതാണ്..  

ഭരണഘടനാശില്‍പി ഡോ.ബി.ആര്‍ അംബേദ്കര്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370ന് എതിരായിരുന്നുവെന്നാണ് സംഘപരിവാര്‍ വര്‍ഷങ്ങളായി പ്രചരിപ്പിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370ന് അനുമതി നല്‍കുന്നത് രാജ്യതാല്‍പര്യത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യമാണെന്നും താന്‍ അത് ഒരിക്കലും ചെയ്യില്ലെന്നുമാണ് അംബേദ്കര്‍ വ്യക്തമാക്കിയതെന്നാണ് ഇക്കാലമത്രയും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍ ഇത് വ്യാജപ്രചാരണമാണെന്നാണ് അംബേദ്കറിന്റെ എഴുത്തുകളില്‍ ഗവേഷണം നടത്തിയ ന്യൂ ഇന്ത്യ ഡിബേറ്റ് സൊസൈറ്റി വ്യക്തമാക്കുന്നത്.

ആര്‍ട്ടിക്കിള്‍ 370ന്റെ കരട് തയ്യാറാക്കാന്‍ അംബേദ്കര്‍ വിസമ്മതിച്ചിരുന്നുവെന്ന പരാമര്‍ശം ആദ്യം വന്നത് ആര്‍.എസ്.എസ് മുഖപത്രമായ തരുണ്‍ ഭാരതിലാണ്. ആര്‍.എസ്.എസ് നേതാവ് ബല്‍രാജ് മധോകിനെ ഉദ്ധരിച്ച് തരുണ്‍ ഭാരതിന്‍റെ മുഖപ്രസംഗത്തില്‍ 1991ലാണ് ഈ പരാമര്‍ശം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അംബേദ്കറിന്‍റെ എഴുത്തുകളിലോ പ്രസംഗങ്ങളിലോ ഇല്ലാത്ത ഒരു പരാമര്‍ശമാണ് ആര്‍.എസ്.എസ് നേതാവിനെ ഉദ്ധരിച്ച് പ്രസിദ്ധീകരിച്ചത്. പക്ഷേ ഇക്കാലമത്രയും അംബേദ്കര്‍ ആര്‍ട്ടിക്കിള്‍ 370ന് എതിരായിരുന്നു എന്ന് തെളിയിക്കുന്ന ഒരു രേഖയും പുറത്തുവന്നിട്ടില്ല.

കശ്മീരിനെ കുറിച്ചുള്ള അഭിപ്രായം 1951 ഒക്ടോബര്‍ 10ന് നടത്തിയ പ്രസംഗത്തില്‍ അംബേദ്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് അംബേദ്കര്‍ റൈറ്റിങ്സ് (വോള്യം 14 പാര്‍ട്ട് 2 പേജ് 1317-1327) എന്ന പുസ്തകത്തിലുണ്ട്. പ്രസക്തഭാഗം ഇങ്ങനെയാണ്- "പാക്കിസ്താനുമായുള്ള കലഹം നമ്മുടെ വിദേശനയത്തിന്‍റെ ഭാഗമാകുന്നതില്‍ എനിക്ക് അതൃപ്തിയുണ്ട്. കശ്മീരിന്‍റെയും കിഴക്കന്‍ ബംഗാളിന്‍റെയും കാര്യത്തിലാണ് പാക്കിസ്താനുമായുള്ള നമ്മുടെ ബന്ധം വഷളായിരിക്കുന്നത്. നമ്മള്‍ കൂടുതല്‍ കരുതല്‍ കാണിക്കേണ്ടത് കിഴക്കന്‍ ബംഗാളിലെ ജനങ്ങളോടാണ്. കശ്മീരി ജനതയുടേതിനേക്കാള്‍ ദുസ്സഹമാണ് കിഴക്കന്‍ ബംഗാളിലുള്ളവരുടെ അവസ്ഥ. കശ്മീരിനെ സംബന്ധിച്ച് അയഥാര്‍ഥമായ പ്രശ്നത്തെ ചൊല്ലിയാണ് നമ്മുടെ യുദ്ധം. ശരിയുടെ പക്ഷത്ത് ആര്, തെറ്റിന്‍റെ പക്ഷത്ത് ആര് എന്ന് പറഞ്ഞാണ് കലഹം. എന്നാല്‍ എനിക്ക് തോന്നുന്നത് ആരാണ് ശരി എന്നതല്ല എന്താണ് ശരി എന്നതാണ് പ്രധാന പ്രശ്നം എന്നാണ്. അങ്ങനെ നോക്കുമ്പോള്‍ കശ്മീര്‍ വിഭജിക്കുക എന്നതാണ് ശരിയായ പരിഹാരം എന്നതാണ് എന്‍റെ നിലപാട്. ഹിന്ദു, ബുദ്ധ പക്ഷത്തെ ഇന്ത്യയുടെയും മുസ്‍ലിം വിഭാഗത്തെ പാകിസ്താന്‍റെയും ഭാഗമാക്കുക. അല്ലെങ്കില്‍ മൂന്നായി വിഭജിക്കാം- വെടിനിര്‍ത്തല്‍ മേഖല, താഴ്‍വര, ജമ്മു-ലഡാക് മേഖല. താഴ്‍വരയില്‍ മാത്രം ജനഹിത പരിശോധന നടത്താം. ജമ്മു കശ്മീരില്‍ മുഴുവനായി ജനഹിത പരിശോധന നടത്തിയാല്‍ കശ്മീരിലെ ഹിന്ദുക്കളും ബുദ്ധ മത വിശ്വാസികളും അവരുടെ താല്‍പര്യത്തിന് വിരുദ്ധമായി പാക്കിസ്താനിലേക്ക് പോകേണ്ടിവന്നേക്കും. കിഴക്കന്‍ ബംഗാളിലേതിന് സമാനമായ അവസ്ഥ അവിടെയുമുണ്ടായേക്കും.

രാജ്യത്ത് വിശക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിന് പകരം പ്രതിരോധത്തിനായി രാജ്യത്തിന്‍റെ വിഭവങ്ങള്‍ ചെലവഴിക്കുന്നതിലെ അതൃപ്തി രേഖപ്പെടുത്തിയാണ് അംബേദ്കര്‍ കശ്മീരിനെ കുറിച്ച് ഇങ്ങനെ പ്രതികരിച്ചത്. 350 കോടി വരുമാനത്തില്‍ 180 കോടിയും സേനയ്ക്കായി ചെലവഴിക്കേണ്ടിവരുന്നത് വിദേശനയത്തിലെ പ്രശ്നങ്ങള്‍ കാരണമാണ്. 1947ല്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഇന്ത്യയുടെ സുഹൃത്തുക്കള്‍ ആയിരുന്നുവെങ്കില്‍ നാല് വര്‍ഷത്തിനിപ്പുറം എല്ലാവരും നമ്മളെ ഉപേക്ഷിച്ചിരിക്കുന്നു. നമുക്കിപ്പോള്‍ സുഹൃത്തുക്കളായി ആരുമില്ലെന്നും അംബേദ്കര്‍ വിശദീകരിച്ചു.

കശ്മീരിന്‍റെ പ്രത്യേക പദവിക്കെതിരായ നിലപാടിനെ സാധൂകരിക്കാന്‍ ഇക്കാലമത്രയും സംഘപരിവാര്‍ നേതാക്കള്‍ പറഞ്ഞുകൊണ്ടിരുന്നത് ഭരണഘടനാശില്‍പിയായ അംബേദ്കര്‍ ആര്‍ട്ടിക്കിള്‍ 370ന് എതിരായിരുന്നു എന്നാണ്. എന്നാല്‍ സംഘപരിവാര്‍ വാദം തെളിയിക്കുന്ന ഒരു രേഖയും ഇതുവരെ പുറത്തുവന്നിട്ടില്ല.