LiveTV

Live

National

പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥി പേനയെ കുറ്റം പറയുന്നത് പോലെയാണ് പ്രതിപക്ഷം ഇവിഎമ്മിനെ ചോദ്യം ചെയ്യുന്നതെന്ന് ഫഡ്നാവിസ് 

ബാരാമതിയില്‍ സുപ്രിയ സുലെ വിജയിച്ചപ്പോൾ ഇവിഎമ്മുകള്‍ക്ക് കുഴപ്പമുണ്ടായിരുന്നില്ലല്ലോ? 

 പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥി പേനയെ കുറ്റം പറയുന്നത് പോലെയാണ് പ്രതിപക്ഷം ഇവിഎമ്മിനെ ചോദ്യം ചെയ്യുന്നതെന്ന് ഫഡ്നാവിസ് 

പരീക്ഷയില്‍ തോറ്റിട്ട് വിദ്യാര്‍ഥി പേനയെ കുറ്റം പറയുന്നത് പോലെയാണ് പ്രതിപക്ഷം ഇവിഎമ്മിനെ ചോദ്യം ചെയ്യുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെ കോണ്‍ഗ്രസ്, എന്‍.സി.പി, മറ്റാ പാര്‍ട്ടികള്‍ എന്നിവ ചേര്‍ന്ന് ആഗസ്ത് 21ന് ഇവിഎമ്മിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഫഡ്നാവിസിന്റെ പ്രതികരണം.

ബാരാമതിയില്‍ സുപ്രിയ സുലെ വിജയിച്ചപ്പോൾ ഇവിഎമ്മുകള്‍ക്ക് കുഴപ്പമുണ്ടായിരുന്നില്ലല്ലോ? മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ സർക്കാരുകൾ രൂപീകരിച്ചപ്പോഴും ഇവിഎമ്മുകള്‍ക്ക് പ്രശ്നമില്ല. 10 വർഷമായി അവർക്ക് പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ അധികാരം കിട്ടിയിട്ടും അന്നൊന്നും ഇവിഎമ്മുകള്‍ ശരിയായി പ്രവര്‍ത്തിക്കാതിരുന്നിട്ടില്ല...ശനിയാഴ്ച ഒരു പൊതുചടങ്ങിലാണ് ഫഡ്നാവിസ് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്.

ജനങ്ങള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്നും ഞങ്ങള്‍ വിജയിക്കുമെന്നും അറിയാവുന്നതുകൊണ്ടാണ് ഞങ്ങള്‍ വോട്ടര്‍മാരെ സമീപിച്ചത്. ഇവിഎമ്മിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി ജയിച്ചതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. അതുകൊണ്ടാണ് അവര്‍ ഇവിഎമ്മിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുന്നത്. പരീക്ഷയില്‍ പരാജയപ്പെട്ട കുട്ടി പേനയെ കുറ്റം പറയുന്നത് പോലെയാണ് അത്. പരീക്ഷയില്‍ തോറ്റതു എന്തുകൊണ്ടാണെന്ന് അച്ഛന്‍ ചോദിക്കുമ്പോള്‍ കുട്ടി പറയും ''അച്ഛാ എന്റെ പേന തെളിയുന്നില്ല എന്ന്'' ഫഡ്നാവിസ് പരിഹസിച്ചു.

ജനങ്ങളുടെ അടുത്ത് വോട്ട് തേടിപ്പോയാലും നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും കിട്ടില്ലെന്നും അദ്ദേഹം പ്രതിപക്ഷ പാര്‍ട്ടികളെ വെല്ലുവിളിച്ചു. നിങ്ങള്‍ അധികാര സ്ഥാനത്തിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് അസൂയയാണ്. നിങ്ങള്‍ ജനങ്ങളിലേക്ക് നോക്കാന്‍ ഇഷ്ടപ്പെടുന്നില്ല, അതുകൊണ്ടാണ് ജനം നിങ്ങളെ തൂത്തെറിഞ്ഞത്. അദ്യം നിങ്ങള്‍ പോയി ജനങ്ങളോട് സംസാരിക്കൂ, അതിന് ശേഷം ഇവിഎമ്മിനെ ചോദ്യം ചെയ്യൂ. ഒരുവസരം കൂടി കിട്ടാന്‍ ജനങ്ങളോട് മാപ്പ് ചോദിക്കൂ. അപ്പോള്‍ രണ്ടോ, നാലോ സീറ്റെങ്കിലും കിട്ടു. അടുത്ത 15 വര്‍ഷത്തേക്ക് ബി.ജെ.പി അല്ലാതെ മറ്റൊരു സര്‍ക്കാരുണ്ടാവില്ലെന്നും ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു.