LiveTV

Live

National

മുംബൈ നഗരം വെള്ളത്തില്‍ മുങ്ങി; കനത്ത മഴ തുടരുന്നു

മുംബൈ നഗരം വെള്ളത്തില്‍ മുങ്ങി; കനത്ത മഴ തുടരുന്നു

മുംബൈ നഗരത്തെ വെള്ളത്തില്‍ മുക്കി കനത്ത മഴ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പ്രദേശത്ത് 204 മില്ലീ മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. മിത്തി നദി കരകവിഞ്ഞതിനെ തുടര്‍ന്ന് 400 ഓളം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. റോഡുകള്‍ മുങ്ങിയതോടെ പലയിടത്തും ഗതാഗതം നിലച്ചു. ട്രെയിന്‍ വ്യോമ ഗതാഗതവും തടസ്സപ്പെട്ടു.

ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും മുംബൈയിലും പരിസരങ്ങളിലും ശക്തമായി തുടരുകയാണ്. സിയോണ്‍, അന്ധേരി, ഗൂര്‍ഗഓണ്‍, മലാഡ്, കുര്‍ള, ചെമ്പൂര്‍ മേഖലകള്‍ വെള്ളത്തില്‍ മുങ്ങി. വരുന്ന മണിക്കൂറുകളിലും മഴ തുടരുമെന്നാണ് പ്രവചനം. 5 മീറ്റര്‍ വരെ തിരമാലകള്‍ ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കുര്‍ളയില്‍ മിത്തി നദി കരകവിഞ്ഞതിനെ തുടര്‍ന്ന് 400 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ദിന്‍ദോഷിയില്‍ 4 പേര്‍ക്ക് മണ്ണിടിച്ചിലില്‍ പരിക്ക് പറ്റി. താനെ ജില്ലയില്‍ ഖാദ്‍വാലിക്ക് സമീപം ഒറ്റപ്പെട്ട 35 പേരെ രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുകയാണ്. വൈദ്യുത നിലയം മുങ്ങിയതിനെ തുടര്‍ന്ന് വസായില്‍ വൈദ്യുതി വിതരണം നിലച്ചു. ഗോദാവരി നദിയിലെ ഗംഗാപൂര്‍ ഡാമിലെ ജലനിരപ്പ് അപകട നിലയിലായതിനെ തുടര്‍ന്ന് തുറന്നുവിട്ടു. ഇതോടെ നാസിക് ജില്ല വെള്ളപ്പൊക്ക ഭീഷണിയിലായി.