LiveTV

Live

National

കശ്മീരില്‍ നിരോധനാജ്ഞ; മെഹബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും വീട്ടുതടങ്കലില്‍ 

കശ്മീരില്‍ നിരോധനാജ്ഞ; മെഹബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും വീട്ടുതടങ്കലില്‍ 

കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാനും മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് സവിശേഷ ആനുകൂല്യങ്ങൾ നൽകുന്ന ഭരണഘടനയിലെ 370ആം വകുപ്പ്, 35 എ വകുപ്പ് എന്നിവ എടുത്തുമാറ്റാനുള്ള കേന്ദ്ര സർക്കാറിന്റെ ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നടപടി ക്രമങ്ങളെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, മുന്‍ മുഖ്യമന്ത്രിയും  പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി, മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനായ സജ്ജാദ് ലോണ്‍ എന്നിവര്‍ വീട്ടുതടങ്കലിലാണ്. കോണ്‍ഗ്രസ് നേതാവ് ഉസ്മാന്‍ മാജിദ്, ഇടത് നേതാവ് തരിഗാമി എന്നിവരും അറസ്റ്റിലാണ് എന്നാണ് അനൌദ്യോഗികമായ ലഭിക്കുന്ന വിവരങ്ങള്‍. ഒമര്‍ അബ്ദുള്ള ട്വിറ്ററിലൂടെയാണ് വീട്ടുതടങ്കലിലുള്ള കാര്യം അറിയിച്ചത്. താഴ്‍വരയില്‍ അതീവ ഭീതിതമായ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോയികൊണ്ടിരിക്കുന്നതെന്നാണ് കശ്മീരിലെ ജനങ്ങള്‍ സോഷ്യല്‍ മീഡിയ വഴി അറിയിക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ അധികമായി 35,000 സൈനികരെയാണ് കേന്ദ്രസർക്കാർ കശ്മീരിൽ വിന്യസിച്ചത്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ശക്തിപകരാനായി 100 പേരടങ്ങുന്ന 100 കമ്പനി അർധസൈനികരെ വിന്യസിച്ചതിനു പിന്നാലെ ഈയാഴ്ച 25,500 പേരെകൂടി താഴ് വരയിലെത്തിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കശ്മീരിൽ സന്ദർശം നടത്തിയതിനു പിന്നാലെയായിരുന്നു ഈ അസാധാരണ നീക്കം. ജമ്മുകശ്മീരിന് പുറത്തുള്ള വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

കശ്മീരിലെ സ്ഥിര താമസക്കാര്‍ക്ക് ഭൂമി ഉടമസ്ഥത അടക്കമുള്ള കാര്യങ്ങളില്‍ പ്രത്യേക അവകാശങ്ങള്‍ അനുവദിക്കുന്ന ഭരണഘടനയിലെ 35 എ അനുഛേദവും കശ്മീരിന് പ്രത്യേക സ്വയം ഭരണ അവകാശം നല്‍കുന്ന 370ആം വകുപ്പും പിന്‍വലിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉപദേശം തേടിയതായാണ് വിവരം. തീരുമാനം കൈകൊണ്ടാല്‍ സഭാ സമ്മേളനം ദിനങ്ങള്‍ ശേഷിക്കുന്നതിനാല്‍ തടസമില്ലാതെ അവതരിപ്പിക്കാം. പാര്‍ലമെന്റ് സമ്മേളന ശേഷം ആഭ്യന്തരമന്ത്രി അമിത് ഷായുടെ ത്രിദിന ജമ്മുകശ്മീര്‍ സന്ദര്‍ശനം നിശ്ചയിച്ചിട്ടുണ്ട്. കശ്മീരില്‍ സര്‍ക്കാര്‍ നടത്തിയ അടിയന്തര നീക്കം സംബന്ധിച്ച് പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് നാളെ സഭയില്‍ ശക്തമായി ഉന്നയിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചു. സുരക്ഷ മുന്നറിയിപ്പിനെ തുടര്‍ന്ന് ഭൂരിഭാഗം അമര്‍നാഥ് തീര്‍ത്ഥാടകരും സഞ്ചാരികളും വിദ്യാര്‍ത്ഥികളും കശ്മീര്‍ വിട്ടു.